കോഴിക്കോട്: കുഴഞ്ഞുവീണു മരിച്ച അദ്ധ്യാപികയുടെ അവയവങ്ങൾ വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്ന പലർക്കായി ദാനം ചെയ്തു. കോഴിക്കോട് തിരുവമ്പാടി ആനക്കാംപൊയിൽ മരിയൻ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അദ്ധ്യാപികയും ആനക്കാംപൊയിൽ നെടുമലക്കുന്നേൽ ജോൺസന്റെ ഭാര്യയുമായ ലിനറ്റിന്റെ അവയവങ്ങളാണ് മരണാനന്തരം പലർക്കായി ദാനം ചെയ്തിരിക്കുന്നത്.

ഇന്ന് രാവിലെയാണ് ലിനറ്റ് കോഴിക്കോട്ടെ സ്വാകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. ഇന്നലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം വീട്ടിലെത്തിയ ഉടൻ ലിനറ്റ് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെട്ടു.

ആനക്കാംപൊയിൽ കൂട്ടുങ്കൽ സെബാസ്റ്റ്യന്റേയും ചിന്നമ്മയുടേയും മകളായ ലിനറ്റ് ആനക്കാംപൊയിൽ മരിയൻ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അദ്ധ്യാപികയായിരുന്നു. ഭർത്താവ് ജോൺസൺ ഭാരത് ഗ്യാസ് ഏജൻസി ജീവനക്കാരനാണ്. ബംഗ്ലൂരിൽ നഴ്സിങ്ങിന് പഠിക്കുന്ന ലിജോ, കട്ടപ്പനയിൽ ഡിഗ്രി വിദ്യാർത്ഥിയായ ലിജിന എന്നിവർ മക്കളാണ്. സംസ്‌കാരം നാളെ വൈകുന്നേരം 04:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ നടക്കും