ന്യൂഡൽഹി: ചില ഒടിടി പ്ലാറ്റ്ഫോമുകൾ ചിലപ്പോഴെല്ലാം അശ്ലീലമായ ഉള്ളടക്കം കാണിക്കുന്നുണ്ടെന്നും ഇതു പരിശോധിക്കാൻ സംവിധാനം വേണമെന്നും സുപ്രീം കോടതി. സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാൻ സർക്കാർ പ്രഖ്യാപിച്ച മാർഗ നിർദേശങ്ങളുടെ വിശദാംശങ്ങൾ നൽകാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടു. താണ്ഡവ് കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ പരാമർശം.

മുൻകൂർ ജാമ്യ ഹർജി തള്ളിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ ആമസോൺ പ്രൈം ഇന്ത്യ മേഥാവി അപർണ പുരോഹിത് നൽകിയ അപ്പീൽ ആണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ചില ഒടിടി പ്ലാറ്റ്ഫോമുകൾ ചില സമയങ്ങളിൽ പോർണോഗ്രാഫിക് ഉള്ളടക്കം കാണിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

താണ്ഡവുമായി ബന്ധപ്പെട്ട് പത്തു കേസുകളിലാണ് അപർണയെ പ്രതിയാക്കിയിരിക്കുന്നതെന്ന് സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി പറഞ്ഞു. അവർ സീരീസിന്റെ നിർമ്മാതാവോ അഭിനേതാവോ അല്ലെന്ന് റോത്തഗി അറിയിച്ചു.

സെയ്ഫ് അലി ഖാനും ഡിംപിൾ കപാഡിയയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച താണ്ഡവ് രാജ്യത്ത് വലിയ വിവാദത്തിനു കാരണമായിരുന്നു. രാജ്യത്തുടനീളം പല കേന്ദ്രങ്ങളിലാണ് താണ്ഡവിന്റെ അണിയറപ്രവർത്തകർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സീരീസ് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നാണ് മുഖ്യ ആക്ഷേപം.