തിരുവനന്തപുരം: പോത്തൻകോട് അരുംകൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സുധീഷിനെ കൊലപ്പെടുത്തിയത് കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണെന്നാണ് വിവരം. കൊലയാളി സംഘത്തിലെ പ്രധാനിയായ ആഴുർ ഉണ്ണി ഉൾപ്പെടെ മൂന്ന് പേരെ സുധീഷ് ദിവസങ്ങൾ മുൻപ് ആറ്റിങ്ങലിൽ വെച്ച് ആക്രമിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് ഒട്ടകം എന്ന വിളിപ്പേരിലറിയപ്പെടുന്ന രാജേഷിനൊപ്പം ചേർന്ന് നടപ്പിലാക്കിയത്.

കൊലപാതകത്തിൽ പ്രാഥമിക പ്രതിപ്പട്ടികയായി. കേസിൽ ഒന്നാം പ്രതി സുധീഷ് ഉണ്ണിയാണ്. രണ്ടാം പ്രതി ഒട്ടകം രാജഷും മൂന്നാം പ്രതി ശ്യാമുമാണ്. ശ്യാം കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ്. ഇയാളാണ് സുധീഷിന്റെ ഒളിത്താവളം ഗുണ്ടാ സംഘത്തിന് ചോർത്തി നൽകിയത്.കഞ്ചാവ് വിൽപനയെ ചൊല്ലിയുള്ള തർക്കത്തിൽ കൊല്ലപ്പെട്ട സുധീഷ് ശ്യാമിനെ മർദ്ദിച്ചിരുന്നു. ഒന്നാം പ്രതി സുധീഷ് ഉണ്ണിയുടെ അമ്മയ്ക്ക് നേരെ ബോംബെറിഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകം ആസൂത്രണം ചെയ്യാൻ കാരണം. ആറ്റിങ്ങൽ മങ്കാട്ടുമൂലയിൽ നടന്ന രണ്ട് അക്രമ സംഭവങ്ങളുടെ തുടർച്ചയാണ് കല്ലൂരിലെ കൊലപാതകം. അക്രമികളെ സംഘടിപ്പിച്ചതും, കൊലപാതകം ആസൂത്രണം ചെയ്തതും കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷാണ്.

കൊലയാളി സംഘത്തിൽ സുധീഷിന്റെ സഹോദരി ഭർത്താവുമുണ്ടായിരുന്നതായി സൂചനയുണ്ട്. എന്നാൽ ഇതിന് സ്ഥിരീകരണമില്ല. നിലവിൽ പത്ത് പേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇതിൽ മൂന്ന് പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. രാജേഷും ഉണ്ണിയും ഇപ്പോഴും ഒളിവിൽ തുടരുകയാണ്. വ്യക്തമായ ആസൂത്രണത്തോടെയാണ് കൊലയാളി സംഘം സുധീഷിനെ തേടിയെത്തിയത്. സുധീഷ് ആറ്റിങ്ങൽ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സുധീഷിനെ തേടി മൂന്നിലധികം ഗ്രൂപ്പുകളായിട്ടാണ് പ്രതികളെത്തിയത്. ഒളിത്താവളത്തെ കുറിച്ച് സംഘത്തിന് വിവരം നൽകിയത് സഹോദരി ഭർത്താവാണെന്നാണ് സൂചന.

ഏതെങ്കിലും വഴി ഓടി രക്ഷപ്പെട്ടാൽ വെട്ടി വീഴ്‌ത്താൻ പലയിടങ്ങളിൽ ഇവർ നിലയിറപ്പിച്ചു. ഓടി രക്ഷപ്പെടുന്നതിന് പകരും സുധീഷ് ബന്ധുവീട്ടിലേക്ക് ഓടിക്കയറി, പ്രദേശത്തെ ഓരോ വീടും അരിച്ചുപെറുക്കിയ ഉണ്ണിയും രാജേഷും ഒടുവിൽ സുധീഷ് ഓടിക്കയറിയ വീട് കണ്ടെത്തി. ഉണ്ണിയും രാജേഷും മാത്രമാണ് വെട്ടിയതെന്നാണ് വിവരം. വെട്ടുന്നതിന് മുൻപ് ബോംബെറിഞ്ഞു. അറ്റുപോയ ഇടതു കാല് ചുമലിൽ എടുത്ത് പുറത്തേക്ക് നടന്നു. ഏകദേശം നൂറോളം വെട്ടുകളാണ് സുധീഷിന്റെ ശരീരത്തിലുണ്ടായിരുന്നത്.

കൊലപാതകത്തിന് മുമ്പ് സംഘം ശാസ്തവട്ടത്ത് ഒത്തുചേർന്ന് മദ്യപിച്ചു. സംഭവത്തിന് ശേഷവും ഇതേ സ്ഥലത്ത് വെച്ച് മദ്യപിച്ചു. കൃത്യം നടത്താനായി ഉപയോഗിച്ച ആയുധങ്ങളെല്ലാം വ്യത്തിയാക്കി പിന്നീട് വിവിധ സംഘങ്ങളായി ഒളിവിൽ പോയി. കേസിൽ ആദ്യം പിടിയിലായത് ഓട്ടോഡ്രൈവറായ രഞ്ജിത്താണ്. തനിക്കൊന്നുമറിയില്ലെന്നും ഓട്ടോറിക്ഷയിൽ അവർ കയറിയതാണെന്നുമായിരുന്നു ആദ്യ മൊഴി. എന്നാൽ രഞ്ജിത്ത് ഓട്ടോയിൽ നിന്നിറങ്ങി ആയുധങ്ങളുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

സുധീഷിന്റെ കാല് റോഡിലെറിഞ്ഞ നന്തിയെന്ന നന്തീഷാണെന്നും വിവരമുണ്ട്. നേരത്തെ ആഴൂർ ഉണ്ണിയാണ് കാല് വലിച്ചെറിഞ്ഞതെന്നായിരുന്നു വിവരം. ഓട്ടോയിലുണ്ടായിരുന്ന മറ്റൊരാളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.