കൊല്ലം: അന്തസ്സ് വേണം മുകേഷേ , അന്തസ്സ്. നിങ്ങളുടെ തന്നെ വിഖ്യാതമായ ഒരു ഫോൺ സംഭാഷണത്തിലെ ഒരു വാചകമാണത്. അന്ന് നിങ്ങളെ ഫോൺ ചെയ്തത്, നിങ്ങളുടെ സിനിമ കണ്ട് ആരാധന തോന്നിയ വ്യക്തിയാണ്, അയാളോട് എങ്ങനെ പ്രതികരിക്കണമെന്നത് തികച്ചും വ്യക്തിപരമായ സംസ്‌കാരത്തിന്റെ ഭാഗമാണ്.-സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കുറിപ്പാണ് ഇത്. യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിന്റേതാണ് ഈ പോസ്റ്റ്.

എന്റെ മുമ്പിലുണ്ടായിരുന്നുവെങ്കിൽ ചൂരല് വച്ച് അടിച്ചേനേ... ആരാണ് നിന്റെ എംഎൽഎ.... മേലാൽ സ്വന്തം എംഎൽഎയോട് സംസാരിക്കാതെ എന്നെ വിളിക്കരുത്.-ഇതായിരുന്നു ആ കുട്ടിയോട് കൊല്ലം എംഎൽഎ മുകേഷിന് പറയാനുള്ളത്. ആരാണ് മുകേഷിനെ വിളിച്ചതെന്ന് വ്യക്തമല്ല. പാലക്കാട് നിന്നൊരു കുട്ടി എന്നു പറഞ്ഞാണ് എംഎൽഎയെ വിളിക്കുന്നത്. ആറു തവണ എന്തിന് വിളിച്ചു എന്ന ചോദ്യത്തോടെ മുകേഷ് തുടങ്ങുന്നു. ഒറ്റപ്പാലത്തെ പത്താം ക്ലാസുകാരനോട് മുകേഷ് വിരട്ടലിന്റെ ഭാഷയിലാണ് സംസാരിക്കുന്നത്.

പാലക്കാട്ടെ എംഎൽഎ എന്തുകൊണ്ടു വിളിച്ചില്ലേന്ന് ചോദിക്കുമ്പോൾ ഒരാൾ സാറിന്റെ നമ്പർ തന്നു എന്ന് മറുപടി. ഇതു കേട്ട് അവന്റെ ചെവുകുറ്റിക്ക് ഒന്നു കൊടുക്കണമെന്നാണ് എംഎൽഎ മുകേഷിന്റെ പ്രതികരണം. സ്വന്തം എംഎൽഎയുടെ നമ്പർ നൽകാതെ മറ്റൊരു ജില്ലയിലെ നമ്പർ തന്നത് എന്തിനെന്ന ചോദ്യവും ഉയർത്തുന്നു. നമ്പർ ഒരു മീറ്റിങ്ങിൽ ഇരിക്കുമ്പോൾ എന്തിനാണ് ആറു തവണ വിളിക്കുന്നത് എന്തെന്ന് ചോദിച്ചാണ് മുകേഷ് തട്ടികയറുന്നത്.

താൻ പത്താംക്ലാസുകാരനാണെന്നും ഒരു ആവശ്യത്തിനാണ് വിളിക്കുന്നതെന്നും പറയുന്നു. സ്വന്തം എംഎൽഎ വിളിക്കാനുള്ള ഉപദേശത്തിൽ നിറയുന്നത് ദാർഷ്ട്യമാണ്. ഇതിലും ഭേദം ഈ കുട്ടി എംസി ജോസഫൈനെ വിളിക്കുന്നതായിരുന്നു നല്ലതെന്ന പ്രതികരണമാണ് ഈ ഓഡിയോ കേട്ട സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

വേറെ ആരേയോ ജയിപ്പിച്ചു വിട്ടു അവൻ മരിച്ചു എന്നു എന്ന തരത്തിലാണ് വിളിയെന്നും മുകേഷ് ദേശ്യത്തിൽ പറയുന്നു. കുട്ടി സോറി പറയുമ്പോൾ വിളച്ചിലാണ് ഇതെന്നും മുകേഷ് പറയുന്നു. പാലക്കാട് ഒറ്റപ്പാലത്താണ് വീടെന്നും ഈ കുട്ടി പറയുന്നു.

മുകേഷിന്റെ ദാർഷ്ട്യത്തിനെതിരെ രാഹുൽ മാങ്കുട്ടത്തിൽ ഇട്ട പോസ്റ്റ് ചുവടെ

അന്തസ്സ് വേണം മുകേഷേ , അന്തസ്സ്.

നിങ്ങളുടെ തന്നെ വിഖ്യാതമായ ഒരു ഫോൺ സംഭാഷണത്തിലെ ഒരു വാചകമാണത്. അന്ന് നിങ്ങളെ ഫോൺ ചെയ്തത്, നിങ്ങളുടെ സിനിമ കണ്ട് ആരാധന തോന്നിയ വ്യക്തിയാണ്, അയാളോട് എങ്ങനെ പ്രതികരിക്കണമെന്നത് തികച്ചും വ്യക്തിപരമായ സംസ്‌കാരത്തിന്റെ ഭാഗമാണ്.

എന്നാൽ ഇപ്പോൾ ആ പത്താം ക്ലാസ്സുകാരൻ വിളിച്ചത് M മുകേഷ് എന്ന കൊല്ലം MLA യെയാണ്. അവന് മറുപടി കൊടുക്കേണ്ടുന്ന ബാധ്യത ഒരു ജനപ്രതിനിധിയെന്ന നിലയിൽ നിങ്ങൾക്കുണ്ട്.  അവൻ വാങ്ങുന്ന ബുക്കിന്റെയും പേനയുടെയുമൊക്കെ നികുതി കൂടി ചേരുന്നതാണ് നിങ്ങളുടെ ശമ്പളം.

ആറ് തവണ വിളിച്ചതിന്റെ പേരിലാണോ ആ പതിനാറുകാരന്റെ നേർക്ക് നിങ്ങളുടെ ധിക്കാരവും, ധാർഷ്ട്യവും, അഹങ്കാരവും യഥേഷ്ടം വലിച്ചെറിഞ്ഞത്. നിങ്ങളുടെ നമ്പർ അവന്  കൊടുത്തതിന്റെ പേരിൽ അവന്റെ കൂട്ടുകാരന്റെ ചെവിക്കുറ്റിക്കടിക്കണം എന്ന് പറയുന്ന നിങ്ങളെ തിരഞ്ഞെടുത്ത കൊല്ലത്തുകാരും നിങ്ങളുടെ നമ്പർ കൊടുത്താൽ ചെവിക്കുറ്റിക്കടിക്ക് വിധേയരാകണോ?

സാർ എന്ന് പതിഞ്ഞ ദയനീയതയുടെ ശബ്ദത്തിൽ വിളിച്ച്, ഒരു അത്യാവശ്യ കാര്യം പറയാനാണെന്ന് പല കുറി പറഞ്ഞിട്ടും, നിങ്ങൾ അവനോട് ആക്രോശിക്കുന്നതിനിടയിൽ ഒരു തവണയെങ്കിലും അവനോട് ആ അത്യാവശ്യം എന്താണെന്ന് ചോദിക്കാനുള്ള കരളലിവ് നിങ്ങൾക്കില്ലെ? ഒരുപാട് സാധാരണക്കാരന്റെ വിഷമങ്ങൾ കേട്ട്, നാടകങ്ങൾ സൃഷ്ടിച്ച ഒ മാധവന്റെ മകന് ഇങ്ങനെ ചെയ്യുവാൻ കഴിയുമോ?
പ്രിയ കൊല്ലംകാരെ, MLA യുടെ പേരറിയാത്തവരെ നേരിൽ കണ്ടാൽ ചൂരലിനു അടിക്കുമെന്ന് പറയുന്ന M മുകേഷാണ് നിങ്ങളുടെ MLA, അതിനാൽ ചൂരലിനടികൊള്ളാതിരിക്കുവാൻ അയാളുടെ പേര് പറഞ്ഞ് പഠിക്കുക.

പിന്നെ ഒറ്റപ്പാലം MLA ബഫൂണാണോ, ജീവനോടെയുണ്ടോ, മരിച്ചുപോയോ എന്നൊക്കെയുള്ള മുകേഷിന്റെ സംശയത്തിന് സ്ഥലം MLA അഡ്വ K പ്രേംകുമാർ മറുപടി പറയുക.
ആ ശബ്ദത്തിനുടമയായ സഹോദരനെ അറിയുന്നവർ പറയുക, യൂത്ത് കോൺഗ്രസ്സിന് സാധ്യമായ എല്ലാ സഹായവും ചെയ്യും...