തിരുവനന്തപുരം: അയൽ സംസ്ഥാനങ്ങൾക്ക് ഇനി ഓക്സിജൻ നൽകാനാവില്ലെന്ന് കേരളം കേന്ദ്ര സർക്കാരിനെ അറിയിച്ചു. സംസ്ഥാനത്ത് ഓക്സിജൻ ശേഖരത്തിൽ കുറവുണ്ടായതും രോഗികളുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുള്ളതും കണക്കിലെടുത്താണ് സർക്കാർ തീരുമാനം. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന 219 ടൺ ഓക്സിജൻ സംസ്ഥാനത്ത് ഉപയോഗിക്കാൻ അനുവദിക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു.

കരുതൽ ശേഖരമായ 450 ടണിൽ ഇനി ശേഷിക്കുന്നത് 86 ടൺ മാത്രമാണ്. മെയ് 15ഒടെ കേരളത്തിൽ കോവിഡ് രോഗികൾ ആറു ലക്ഷത്തിലെത്തിയേക്കുമെന്ന വിദഗ്ധരുടെ പഠനങ്ങൾ കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാനത്തിന് ചില ഇളവുകൾ നൽകണമെന്നും കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്‌സിജൻ വിതരണത്തിന് തികയുന്നില്ലെന്ന് മെഡിക്കൽ ഓക്‌സിജൻ കമ്പനിയായ സതേൺ ഗ്യാസ് ലിമിറ്റഡ് വ്യക്തമാക്കിയിരുന്നു. കൂടുതൽ വിതരണത്തിനായി അടിയന്തരമായി ലിക്വിഡ് ഓക്സിജൻ ലഭ്യമാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു. ലിക്വിഡ് ഓക്സിജൻ ഇനിയും ലഭ്യമായില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്നും കേരളം ഓക്സിജൻ ക്ഷാമത്തിലേക്ക് പോകുമെന്നും കമ്പനി മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ഓക്സിജൻ ആവശ്യകത ഇരട്ടിയായി. അതിനാൽ തന്നെ ആശുപത്രികൾക്ക് മതിയായ ഓക്സിജൻ നൽകുന്നില്ല. ഭൂരിപക്ഷം ആശുപത്രികൾക്കും നൽകാൻ ഓക്സിജൻ തികയാത്ത അവസ്ഥയാണുള്ളത്. അതിനാൽ ലിക്വിഡ് ഓക്സിജൻ സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

അതിനിടെ കാസർകോട്ടെ കിംസ് സൺറൈസ് ആശുപത്രിയിൽ ആവശ്യത്തിന് ഓക്‌സിജൻ ഇല്ലെന്ന് അധികൃതർ. ഓക്‌സിജൻ ഉടൻ തീരുമെന്ന് കിംസ് സൺറൈസ് ആശുപത്രി അറിയിച്ചു. ഐസിയുവിലെ ഗുരുതരാവസ്ഥയിലുള്ള എട്ടുരോഗികളെ ഡിസ്ചാർജ് ചെയ്യാൻ നടപടി തുടങ്ങി. കണ്ണൂരിൽനിന്ന് 15 സിലിണ്ടർ ഓക്‌സിജൻ എത്തിക്കാൻ നടപടിയായി.