തിരുവനന്തപുരം: ഓക്സിജൻ നിർമ്മാണം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജപ്രചാരണത്തിൽ മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഓക്സിജൻ വീട്ടിൽ ഉത്പാദിപ്പിക്കാം എന്ന് പറഞ്ഞുകൊണ്ട് തെറ്റിദ്ധാരണ പടർത്തുന്ന സന്ദേശങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങൾ തീർത്തും അടിസ്ഥാനരഹിതവും അപകടം വിളിച്ചു വരുത്തുന്നവയുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തീർത്തും അശാസ്ത്രീയമായ അത്തരം വ്യാജപ്രചരണങ്ങൾ ആരും തന്നെ കുടുങ്ങരുതെന്നും പ്രചരിപ്പിക്കരുതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈറസിൽ നിന്ന് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഡബിൾ മാസ്‌കിങ്ങ് രീതി പാലിക്കണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

മാസ്‌ക് ധരിക്കുക എന്ന ഏറ്റവും പ്രധാന സുരക്ഷ എല്ലാവരും സ്വയം സ്വീകരിക്കണം. അശ്രദ്ധ കാണിക്കുന്നവരെ അക്കാര്യം ബോധവൽക്കരിക്കാനും എല്ലാവരും തയ്യാറാവുക. അതുപോലെ വാൽവ് ഘടിപ്പിച്ച മാസ്‌കുകൾ ധരിക്കുന്നത് പരിപൂർണമായും ഒഴിവാക്കണം. എക്സ്ഹലേഷൻ വാൾവുള്ള മാസ്‌കുകൾ നിരോധിക്കപ്പെട്ടതാണ്. എൻ 95 മാസ്‌ക്ക് ഉപയോഗിക്കുകയോ, അല്ലെങ്കിൽ സർജിക്കൽ മാസ്‌കിനു മുകളിൽ തുണി മാസ്‌കു ധരിക്കുകയോ ആണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.