തിരുവനന്തപുരം: ശരദ് പവാറിന്റെ ആശിർവാദങ്ങളോടെയാണ് പി സി ചാക്കോ എൻസിപിയിലേക്ക് എത്തുന്നത്. കേരളത്തിൽ ഇടതു മുന്നണിക്കൊപ്പമുള്ള പാർട്ടിയിൽ എത്തിയതോടെ ചാക്കോ ആ പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്താണ് നിയോഗിക്കപ്പെട്ടത്. ഇപ്പോൾ മന്ത്രി എ കെ ശശീന്ദ്രനെ നിയന്ത്രിക്കുന്ന ബാഹ്യ ശക്തിയായി ചാക്കോ മാറിയിട്ടുണ്ട്. ഇതിന്റെ തെളിവായി ചാക്കോയുടെ രണ്ട് സഹായികൾ മന്ത്രിയുടെ പഴ്‌സണൽ സ്റ്റാപിൽ നിയമനം നേടി.

എ.കെ.ശശീന്ദ്രന്റെ പഴ്‌സനൽ സ്റ്റാഫിൽ അസിസ്റ്റന്റും ഓഫിസ് അറ്റൻഡറുമായുള്ള നിയമനമാണ് വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. എൻസിപി സംസ്ഥാന സെക്രട്ടറിയായ എറണാകുളം സ്വദേശിയെ രണ്ടാഴ്ച മുൻപ് അസിസ്റ്റന്റായും ചാക്കോയുടെ ഡ്രൈവറായ കണ്ണൂർ സ്വദേശിയെ മന്ത്രിയുടെ ഓഫിസ് അറ്റൻഡറായും രണ്ടാഴ്ച മുൻപു നിയമിച്ചു.

മുൻപ് കോൺഗ്രസിലായിരുന്ന വ്യക്തി ചാക്കോയ്ക്കു പിന്നാലെയാണു പാർട്ടി വിട്ട് എൻസിപിയിൽ എത്തിയതും സംസ്ഥാന സെക്രട്ടറി ആയതും. ചാക്കോയുടെ മുഴുവൻ സമയ സഹായി കൂടിയായ ഇദ്ദേഹം വനം മന്ത്രിയുടെ സ്റ്റാഫിൽ അസിസ്റ്റന്റായി നിയമനം ലഭിച്ച ശേഷവും നേതാവിനൊപ്പം തുടരുകയാണെന്നാണു പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ ആക്ഷേപം. ഇദ്ദേഹത്തെ പഴ്‌സനൽ സ്റ്റാഫിൽ ഉയർന്ന തസ്തികയിലെത്തിക്കാൻ നീക്കമുണ്ട്.

അറ്റൻഡറും ഉന്നത നേതാവിനൊപ്പമാണെന്നും വനം മന്ത്രിയുടെ ഓഫിസിൽ വല്ലപ്പോഴും മാത്രമാണ് എത്താറുള്ളതെന്നും പരാതിയുണ്ട്. ഫോൺ വിവാദത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി ഉന്നതൻ മന്ത്രി ഓഫിസിന്റെ നിയന്ത്രണം കൈപ്പിടിയിലാക്കാൻ ശ്രമിക്കുകയാണെന്നാണ് ആക്ഷേപം. അതേസമയം, വനം മന്ത്രിയുടെ ഓഫിസിൽ നിയമിക്കപ്പെട്ടവർ തന്റെ സഹായികൾ അല്ലെന്ന് പി.സി.ചാക്കോ പറഞ്ഞു.

കാലങ്ങളായി എ കെ ശശീന്ദ്രനുമായി ബന്ധമുണ്ട് ചാക്കോയ്ക്ക്. മുമ്പ് രാജിവെക്കേണ്ട സാഹചര്യം പോലും ഒഴിവാക്കിയതിൽ ചാക്കോയ്ക്ക് പങ്കുണ്ടായിരുന്നു. ഇപ്പോൾ കൂടുതൽ ഇടപെടൽ നടത്തുയാണ് ചാക്കോ. നേരത്തെ മന്ത്രിയുടെ ഫോൺവിളി വിവാദത്തിൽ കുണ്ടറ നിയോജക മണ്ഡലം പ്രസിഡന്റ് ബെനഡിക്ട്, സംസ്ഥാന സമിതി അംഗം പ്രദീപ്, എൻസിപി മഹിളാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി വിറ്റോ, എൻവൈസി കൊല്ലം ജില്ലാ പ്രസിഡന്റ് ബിജു എന്നിവരെ സസ്‌പെൻഡ് ചെയ്ത നടപടി ചാക്കോ കൈക്കൊണ്ടിരുന്നു.

മന്ത്രിയുടെ ഫോൺ റെക്കോർഡ് ചെയ്തു മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതു ബെനഡിക്ട് ആണെന്ന് അന്വേഷണ സമിതി കണ്ടെത്തി. മന്ത്രിയുമായി അടുത്ത ബന്ധമുള്ള പ്രദീപ്, ആ ബന്ധം ഉപയോഗിച്ച് മന്ത്രിയെക്കൊണ്ടു ഫോൺ ചെയ്യിപ്പിക്കുകയായിരുന്നെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. യുവജന വിഭാഗം നേതാവ് ബിജുവിനെതിരെയും ഇതേ കുറ്റമാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. മഹിളാ നേതാവ് ഹണി വിറ്റോയാണു ഫോൺ സന്ദേശം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

മന്ത്രി എ.കെ. ശശീന്ദ്രനു ക്ലീൻചിറ്റ് നൽകിയെങ്കിലും അദ്ദേഹം കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണമായിരുന്നുവെന്ന് സംസ്ഥാന ഭാരവാഹി യോഗത്തിൽ അഭിപ്രായമുയർന്നു. ഈ വിവാദത്തിന്റെ പശ്ചാത്തലത്തിൽ എൻസിപിയിൽ കൂടുതൽ കരുത്തനാകാൻ ചാക്കോയ്ക്ക് സാധിച്ചിട്ടുണ്ട്. 140 നിയോജക മണ്ഡലങ്ങളിലും പാർട്ടി ഓഫിസുകൾ തുറക്കും. ജില്ലാ ഓഫിസുകൾ നവീകരിക്കാനും പ്രവർത്തകർക്കു പെരുമാറ്റച്ചട്ടം കൊണ്ടു വരാനുമാണ് ചാക്കോ ഒരുഭങ്ങുന്നത്.