കോട്ടയം: ഈരാറ്റുപേട്ടയ്ക്ക് പിന്നാലെ പാറത്തോട്ടിലും പി.സി.ജോർജിന്റെ പ്രചാരണത്തിനിടെ സംഘർഷം ഉണ്ടായിരുന്നു. സിപിഎം.-എസ്ഡിപിഐ പ്രവർത്തകർ പ്രസംഗം അലങ്കോലപ്പെടുത്തിയതായി പി.സി. ജോർജ് ആരോപിച്ചു. പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് പി.സി.ജോർജ് മടങ്ങി. അതിനിടെ എസ് ഡി പി ഐക്കാരാണ് പ്രചാരണം തടഞ്ഞതെന്ന് പിസിയും പറയുന്നു. എസ്ഡിപിഐയുമായി ഇടതു-വലതു മുന്നണികൾക്കുള്ള ബന്ധം പ്രചാരണ വിഷയമാക്കുകയാണ് പി സി ജോർജ്.

അഭിമന്യുവിനെ കൊലചെയ്തവരുമായി മാണി ഗ്രൂപ്പ് സ്ഥാനാർത്ഥി ഉണ്ടാക്കിയ അവിശുദ്ധ ബന്ധമാണ് ഈ സംഘടനക്ക് സാന്നിദ്ധ്യമുള്ള സ്ഥലങ്ങളിൽ എല്ലാം സംഘർഷം മനഃപൂർവ്വം സൃഷ്ടിക്കപ്പെടുന്നതിന് കാരണം. മണ്ഡലത്തിൽ മത്സര രംഗത്തില്ലാത്ത വർഗീയ സംഘടനയുടെ വക്താക്കൾ ഒരുമുന്നണി സ്ഥാനാർത്ഥിയുടെ മറവിൽ തന്നെ പിന്തുടരുന്നെങ്കിൽ അവർ തമ്മിലുള്ള അന്തർധാരയെന്തെന്ന് ഈ നാട്ടിലെ ജനം മനസിലാക്കട്ടെയെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

പി.സി.ജോർജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമം നടക്കുന്നെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് , നാടിനെ സംഘർഷത്തിലേക്ക് തള്ളിവിടാതിരിക്കാൻ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ പ്രചരണം ഞാൻ അവസാനിപ്പിച്ചത്.

എന്നാൽ മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിൽ എത്തി പര്യടനം അലങ്കോലപ്പെടുത്തുക എന്ന അടുത്ത മാർഗ്ഗം സ്വീകരിച്ചിരിക്കുയാണ് ചില സംഘടനകൾ.ഈ നാട്ടിൽ മത്സര രംഗത്തില്ലാത്ത വർഗ്ഗീയ സംഘടനയുടെ വാക്താക്കൾ ഒരുമുന്നണി സ്ഥാനാർത്ഥിയുടെ മറവിൽ എന്നെ പിന്തുടരുന്നെങ്കിൽ അവർ തമ്മിലുള്ള അന്തർധാരയെന്തെന്ന് ഈ നാട്ടിലെ ജനം മനസ്സിലാക്കട്ടെ.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ എന്നെ പിന്തുണക്കുനെന്ന് പ്രഖ്യാപിച്ചു. എന്നാൽ അതിനർത്ഥം ഈ നാട്ടിൽ അവരുടെ ജനാതിപത്യ വിരുദ്ധ ഫാസിസ്റ്റ് നിലപാടുകളെ ഞാൻ പിന്തുണക്കുനെന്നല്ല. ഈ സംഘടനയുടെ പിൻബലത്തിൽ മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി അഭിമന്യുവിന്റേതുൾപ്പടെ നിരവധി കൊലപാതകങ്ങളും അക്രമങ്ങളും ഈ നാട്ടിൽ നടക്കുന്നതിന് മുൻപ് തന്നെ ഇവരുമായി യാതൊരുവിധ ബന്ധവുമില്ല എന്ന് പത്രക്കുറിപ്പിലൂടെ പ്രഖ്യാപിച്ചിട്ടുള്ളതും മേലിൽ ഇവരുടെ വോട്ട് തനിക്ക് വേണ്ടാ എന്നും ആർജ്ജവ്വത്തോടെ അന്ന് പറഞ്ഞിട്ടുള്ളതുമാണ്.

ഇടതുപക്ഷ പ്രവർത്തകർ നെഞ്ചേറ്റി നടന്ന അഭിമന്യുവിനെ കൊലചെയ്തവരുമായി മാണി ഗ്രൂപ്പ് സ്ഥാനാർത്ഥി ഉണ്ടാക്കിയ അവിശുദ്ധ ബന്ധമാണ് ഈ സംഘടനക്ക് സാന്നിധ്യമുള്ള സ്ഥലങ്ങളിൽ എല്ലാം സംഘർഷം മനഃപൂർവ്വം സൃഷ്ട്ടിക്കപ്പെടുന്നത്.നാളിതുവരെയും മുന്നണികളെയും അവരെ ഇരുട്ടിന്റെ മറവിൽ സഹായിക്കാനെത്തുന്ന നാടിന് ശാപമായി മാറിക്കൊണ്ടിരിക്കുന്ന വർഗീയ വിപത്തുകളെയും പൂഞ്ഞാറിന്റെ മണ്ണിൽ നിന്ന് തുരത്തിയോടിച്ചാണ് ഈ നാട് നട്ടെല്ല് വളക്കാതെ നിന്നിട്ടുള്ളത്. ഇനി അങ്ങോട്ടും ഈ നാട് അഴിമതിക്കും അക്രമത്തിനും, വർഗീയതക്കുമെതിരെ നെഞ്ച് വിരിച്ച് നിൽക്കുമെന്ന് ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നു.
നിങ്ങളുടെ സ്വന്തം
പി.സി. ജോർജ്ജ്
പ്ലാത്തോട്ടം

പല സ്ഥലങ്ങളിലും പി സി ജോർജിന് ജനങ്ങളുടെ ഇടയിൽ നിന്ന് ഇത്തരം പ്രതികരണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഇടത് മുന്നണി ആരോപിച്ചിരുന്നു. ജോർജിനെതിരെയുള്ള കൂവൽ മണ്ഡലത്തിൽ ആളിക്കത്തിക്കാനാണ് യുഡിഎഫും നീക്കം നടത്തുന്നത്. കൂവൽ വിവാദം മണ്ഡലത്തിലെ സജീവ രാഷ്ട്രീയ വിഷയമാക്കാനാണ് ഇടതു-വലതു മുന്നണികളുടെ തീരുമാനം. മണ്ഡലത്തെ തുടർച്ചയായി പ്രതിനീധീകരിച്ചു വരുന്ന എംഎൽഎയെ ജനങ്ങൾക്ക് മടുത്തു തുടങ്ങിയതിന്റെ സൂചനയാണ് ഈരാറ്റുപേട്ടയിലെ സംഭവമെന്നാണ് ഇടതു-വലതു മുന്നണികളുടെ വിമർശനം. ഈരാറ്റുപേട്ട ഒറ്റപ്പെട്ട സംഭവമല്ലെന്നും മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ സമാന അനുഭവം പി സി ജോർജിന് ഉണ്ടായിട്ടുണ്ടെന്നും ഇടതു സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ ആരോപിച്ചിരുന്നു.

തിക്കോയിയിൽ കൂവിയവരുടെ പെരുമാറ്റത്തിൽ കുപിതനായി കൃത്യമായി തന്നെ പി.സി. ജോർജ്ജ് മറുപടി നൽകിയിരുന്നു. തന്നെ കൂക്കി വിളിച്ചത് തീവ്രവാദ മാനസീകാവസ്ഥ ഉള്ളവരാണെന്നും ഭീകരവാദം അവസാനിപ്പിക്കാത്തിടത്തോളം അവരുമായി ഒരു സന്ധിക്കില്ലെന്നും ഈരാറ്റുപേട്ടയിലെ നല്ലവരായ മുസ്ലിംകൾ തനിക്കൊപ്പമാണെന്നും പി.സി. ജോർജ് പറഞ്ഞു. ''തീവ്രവാദ മനഃസ്ഥിതിയുള്ള ആളുകളാണ് കൂവിയത്. അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പരസ്യമായി പറയുന്നു. നിങ്ങളോട് യോജിക്കാൻ എന്റെ പട്ടി പോലും വരില്ല.''-പിസി ജോർജ് വീണ്ടും നിലപാട് ആവർത്തിക്കുന്നു.

നിങ്ങളിൽ സൗകര്യമുള്ളവർ തനിക്ക് വോട്ടുചെയ്താൽ മതിയെന്നും ഇല്ലെങ്കിലും കുഴപ്പമില്ലെന്നും പ്രതികരിച്ച പി.സി. ജോർജ്ജ് വീട്ടിൽ കാരണവന്മാർ പഠിപ്പിച്ചത് ഇങ്ങിനെയാണോയെന്നും ചോദിച്ചു. കാരണവന്മാർ നന്നായാലേ മക്കൾ നന്നാകൂ. അതിനായി അല്ലാഹുവിനോട് പ്രാർത്ഥിക്കാമെന്നും പറഞ്ഞു. താൻ ഈരാറ്റുപേട്ടയിൽ തന്നെ കാണുമെന്നും തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി കൊടുത്താൽ നിങ്ങളൊക്കെ അകത്തുപോകുമെന്നും പറഞ്ഞരുന്നു.