കോട്ടയം: യുഡിഎഫിൽ പ്രവേശനം നിഷേധിക്കപ്പെട്ട പി സി ജോർജ്ജ് എൻഡിഎയിലേക്ക് തന്നെയെന്ന് തന്നെ സൂചന. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. നരേന്ദ്ര മോദിയുടെ ചിത്രം ധരിച്ചതിനും രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന കൊടുത്തതിനുമാണ് തന്നെ വർഗീയവാദിയാക്കുന്നതെന്ന വിമർശനമാണ് ജോർജ്ജ് തന്റെ പേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. അതേസമയം താൻ പോപ്പുലർ ഫ്രണ്ടിന്റെയും മുസ്ലിം വേദികളിലും പ്രസംഗിച്ചപ്പോൾ ഒരു ഹൈന്ദവനും ക്രൈസ്തവനും തന്നെ സുഡാപ്പി ആക്കിയില്ലെന്നും ജോർജ്ജ് ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

സീതദേവിയുടെ നഗ്നചിത്രം വരച്ച എം എഫ് ഹുസൈന് അവാർഡ് കൊടുത്തപ്പോൾ വിമർശനം ഉന്നയിച്ചപ്പോളും എന്നെ 'ചിലർ ' ആക്രമിച്ചു. ശബരിമലയിൽ ആചാര സംരക്ഷണത്തിന് മുന്നിൽ നിന്ന് പട നയിച്ചപ്പോൾ എന്നെ ' ചിലർ 'ആർ എസ് എസ് ആയി ചിത്രീകരിച്ചുവെന്നും ജോർജ്ജ് വ്യക്തമാക്കി. ശബരിമല വിഷയത്തിന്റെ പേരിൽ കെ സുരേന്ദ്രന് പിന്തുണ കൊടുത്തപ്പോൾ എന്നെ ഊര് വിലക്കാൻ ഒരു പ്രദേശത്തെ മഹല്ലുകളിൽ ഫത്വ പുറപ്പെടുവിച്ചുവെന്നും ജോർജ്ജ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

രാമക്ഷേത്ര നിർമ്മാണത്തിന് പൈസ കൊടുത്തപ്പോൾ വീണ്ടും തന്നെ വർഗീയവാദിയാക്കി. 'ഞമ്മൾടെ' മാത്രം കൂടെ നിന്നാൽ മതേതരം അല്ലെങ്കിൽ വർഗ്ഗീയം എന്ന നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്നും ജോർജ്ജ് പറഞ്ഞു.

പി സി ജോർജ്ജിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

പോപ്പുലർ ഫ്രണ്ട് വേദികളിലും മുസ്ലിം വേദികളിലും ഞാൻ പ്രസംഗിച്ചപ്പോൾ ഒരു ഹൈന്ദവനും ക്രൈസ്തവനും എന്നെ സുടാപ്പി ആക്കിയില്ല.
റോഡ് വീതി കൂട്ടാൻ അരുവിത്തുറ പള്ളിയുടെ മതിൽ ബലമായി പൊളിച്ചപ്പോൾ പോലും ഒരു അരുവിത്തുറക്കാരനും എന്നെ ഊര് വിലക്കിയില്ല.
ഒരുപാട് ആരാധനാലയങ്ങൾ പണിയാൻ സംഭാവന കൊടുത്തപ്പോൾ ആരും ഒന്നും പറഞ്ഞില്ല.

പക്ഷെ, നരേന്ദ്ര മോദിയുടെ ചിത്രം ആലേഖനം ചെയ്ത ടീ ഷർട്ട് ഉയർത്തി കാട്ടിയപ്പോൾ ഞാൻ 'ചിലർക്ക് ' വെറുക്കപെട്ടവനായി.
സീത ദേവിയുടെ നഗ്‌ന ചിത്രം വരച്ച എം എഫ് ഹുസൈന് അവാർഡ് കൊടുത്തപ്പോൾ വിമർശനം ഉന്നയിച്ചപ്പോളും എന്നെ 'ചിലർ ' ആക്രമിച്ചു. ശബരിമലയിൽ ആചാര സംരക്ഷണത്തിന് മുന്നിൽ നിന്ന് പട നയിച്ചപ്പോൾ എന്നെ ' ചിലർ 'ആർ എസ് എസ് ആയി ചിത്രീകരിച്ചു.

ശബരിമല വിഷയത്തിന്റെ പേരിൽ കെ സുരേന്ദ്രന് പിന്തുണ കൊടുത്തപ്പോൾ എന്നെ ഊര് വിലക്കാൻ ഒരു പ്രദേശത്തെ മഹല്ലുകളിൽ ഫത്വ പുറപ്പെടുവിച്ചു. (എന്നെ ഞാൻ ഒരുപാട് സ്‌നേഹിച്ച ഒരു സമൂഹം ചിലർ പരത്തിയ തെറ്റിദ്ധാരണയുടെ പുറത്തു ഒരുപാട് കയറി ചൊറിഞ്ഞപ്പോൾ ഞാനും ഒന്ന് മാന്തി. അതിൽ പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.)

രാമക്ഷേത്ര നിർമ്മാണത്തിന് പൈസ കൊടുത്തപ്പോൾ വീണ്ടും ഞാൻ 'ചിലർക്ക് 'വർഗ്ഗീയ വാദിയായി.'ഞമ്മൾടെ' മാത്രം കൂടെ നിന്നാൽ മതേതരം അല്ലെങ്കിൽ വർഗ്ഗീയം. അതിനു കുട പിടിക്കാൻ വോട്ട് ബാങ്ക് പേടിയുള്ള അഭിനവ 'മൈ'ക്കുട്ടിമാരെയും 'കുന്ന'പ്പള്ളിക്കാരെയും കിട്ടും പൂഞ്ഞാറുകാരൻ പ്ലാത്തോട്ടത്തിൽ ചാക്കോ മകൻ ജോർജിനെ കിട്ടില്ല.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പി.സി. ജോർജിന്റെ ജനപക്ഷം പാർട്ടി എൻഡിഎ ഘടക കക്ഷിയായേക്കുമെന്ന നിലയിലാണ് കാര്യങ്ങൾ. യുഡിഎഫിൽ ഘടക കക്ഷിയാക്കുന്നതിനോട് കോൺഗ്രസ് പ്രാദേശിക നേതൃത്വം എതിർപ്പുയർത്തിയതോടെയാണ് പി.സി. ജോർജ് നിലപാട് മാറ്റത്തിന് ഒരുങ്ങിയത്. പി.സി. ജോർജിനെ മുന്നണിയിലെടുത്താൽ സമാന്തര സ്ഥാനാർത്ഥിയെ നിർത്തുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞതോടെ പൊതു സ്വതന്ത്രനായി മത്സരിച്ചാൽ പിന്തുണ നൽകാമെന്നാണ് ഒടുക്കം യുഡിഎഫ് നിലപാടെടുത്ത്. പിന്നീട് ഉമ്മൻ ചാണ്ടിയാണ് തന്റെ തോൽവിക്ക് കാരണക്കാരനെന്നും പറഞ്ഞാണ് ജോർജ്ജ് മുന്നണി മാറ്റത്തിന് ഒരുങ്ങിയത്.

നിയമസഭയിൽ പരമാവധി സീറ്റുകൾ നേടിയെടുക്കുക എന്നതാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനായി അവർക്ക് കിട്ടുന്ന ഒരു നേതാവാണ് പി സി ജോർജ്ജ്. ഉമ്മൻ ചാണ്ടിക്കെതിരെ കടുത്ത ആരോപണവുമായാണ് ജോർജ്ജ് ഇന്ന് രംഗത്തുവന്നത്. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉമ്മൻ ചാണ്ടിയെ അരുതാത്ത സാഹചര്യത്തിൽ കണ്ടു. ഇതാണ് ഉമ്മൻ ചാണ്ടിക്ക് തന്നോടുള്ള ശത്രുതയ്ക്ക് കാരണമെന്നാണ് ജോർജ്ജ് ഇന്ന് ഒരു അഭിമുഖത്ിൽ പറഞ്ഞത്. അന്നുമുതൽ ഉമ്മൻ ചാണ്ടിക്ക് ഞാൻ ശത്രുവായി.

ഉമ്മൻ ചാണ്ടി ആ കാര്യത്തിൽ തെറ്റാണെന്നും പി.സി. ജോർജ് പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കാലത്ത് വിജിലൻസ് അന്വേഷണം വന്നു. അന്ന് വിജിലൻസിന് ഇക്കാര്യത്തിൽ മൊഴി നൽകി. മൊഴി നൽകി ഒരാഴ്ചയ്ക്കുള്ളിൽ വിജിലൻസ് കേസ് വ്യാജമാണെന്ന് പറയുന്നു. അന്ന് മൊഴിനൽകാതിരുന്നെങ്കിൽ ഉമ്മൻ ചാണ്ടി ഇന്ന് എന്റെ സ്വന്തമായിരുന്നേനെയെന്നും ജോർജ്ജ് പറഞ്ഞു.