പനജി: ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കുക മുൻ കേന്ദ്രമന്ത്രി പി. ചിദംബരം. സംസ്ഥാനത്തെ പാർട്ടി നിരീക്ഷകനായി ചിദംബരത്തെ നിയമിച്ചതായി കെ.സി വേണുഗോപാൽ അറിയിച്ചു.

40 അംഗ നിയമസഭയിലേക്ക് അടുത്ത വർഷം ഫെബ്രുവരിയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. എന്നാൽ പ്രാദേശിക പാർട്ടികളുമായി ചേർന്ന് ബിജെപി അധികാരം പിടിക്കുകയായിരുന്നു.

ബിജെപിക്ക് 13 സീറ്റുകൾ ലഭിച്ചപ്പോൾ 17 സീറ്റായിരുന്നു കോൺഗ്രസിന് ലഭിച്ചത്. ഉപമുഖ്യമന്ത്രി പദം അടക്കം നൽകി കൊണ്ട് പ്രാദേശിക കക്ഷികളെ വശത്താക്കിയായിരുന്നു ബിജെപി കോൺഗ്രസിനെ പിന്തള്ളി ഗോവയിൽ സർക്കാർ രൂപീകരിച്ചത്.

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 23 മുതൽ 26 വരെ മണ്ഡലങ്ങളിൽ വിജയിക്കുമെന്ന് കോൺഗ്രസിന് ഉറപ്പുണ്ടെന്നാണ് സംസ്ഥാന കോൺഗ്രസ് മേധാവി ഗിരീഷ് ചോഡങ്കർ പറയുന്നത്.