ന്യൂഡൽഹി: കോൺഗ്രസിലെ തൊണ്ണൂറ്റിയൊമ്പത് ശതമാനം പേരും രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനാകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ചി.ചിദംബരം. ഇന്ത്യ ടുഡെ സൗത്ത് കോൺക്ലേവിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഹുൽ കോൺഗ്രസിന് ഒരു പരിഹാരമാണോ അതോ പ്രശ്നമാകുമോ? എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

'കോൺഗ്രസ് നേതാവിനെ പാർട്ടി അംഗങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്. അല്ലാതെ ഇന്ത്യ ടുഡെ ജേർണലിസ്റ്റുകൾ അല്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം എല്ലാ പാർട്ടി അംഗങ്ങളോടും സംസാരിച്ചിരുന്നു. അതിൽ ഭൂരിഭാഗം, അതായത് 99 ശതമാനം പേരും പറഞ്ഞത് രാഹുൽ കോൺഗ്രസ് അധ്യക്ഷനാകാൻ ആഗ്രഹിക്കുന്നുവെന്നാണ്', ചിദംബരം പറഞ്ഞു.

കോൺഗ്രസ് നേതൃത്വത്തിനെതിരെ പാർട്ടിയിലെ മുതിർന്ന നേതാക്കൾ രംഗത്തെത്തിയത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. നേതൃത്വം അടിമുടി മാറണമെന്നാവശ്യപ്പെട്ട് 23 മുതിർന്ന നേതാക്കളാണ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചത്.