തിരുവനന്തപുരം: കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന്റെ പേരിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ രാജിവെക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. ചെന്നിത്തലയുടെ ആവശ്യം തെറ്റാണെന്ന് കുര്യൻ പറഞ്ഞു. ഭരണഘടനപദവിയിരിക്കുന്ന ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച കസ്റ്റംസ് നടപടി തെറ്റാണെന്നും മുൻ രാജ്യസഭാ ഉപാധ്യക്ഷൻ കൂടിയായ കുര്യൻ പറഞ്ഞു.

'കസ്റ്റഡിയിലിരിക്കുന്ന ഒരു പ്രതി നൽകിയ മൊഴിയുടെ പേരിൽ മാത്രം ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാളെ ചോദ്യം ചെയ്യാൻ നോട്ടീസയച്ച് വിളിച്ച് വരുത്തുന്ന രീതി ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ഒരു മൊഴി ലഭിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിച്ച് തെളിവുകൾ ശേഖരിച്ച് അതിൽ കഴമ്പുണ്ടെങ്കിൽ വിവരം സ്പീക്കറെ അറിയിക്കുകയാണ് വേണ്ടിയിരുന്നത്. തുടർന്ന് അന്വേഷണത്തിന് അദ്ദേഹത്തിന്റെ സഹകരണം തേടുകയാണ് വേണ്ടത്. ആ ഘട്ടത്തിൽ അദ്ദേഹത്തിന് സ്പീക്കർ പദവിയിലിരിക്കുക ബുദ്ധിമുട്ടാകുകയും ചെയ്യും.

എന്നാൽ പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഭരണഘടനാ സ്ഥാപനത്തിലിരിക്കുന്ന ആരേയും ചോദ്യം ചെയ്യാമെന്ന നിലവരുന്നത് ശരിയല്ല. കസ്റ്റഡിയിലിരിക്കുന്ന ഒരാളുടെ മൊഴിക്ക് പൂർണ്ണമായ വിശ്വാസമുണ്ടെന്ന് പറയാൻ പറ്റില്ല. അതിന്റെ പേരിൽ സ്പീക്കർ പദവി രാജിവെക്കണമെന്ന് പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും കുര്യൻ വ്യക്തമാക്കി.

അതേസമയം തന്നെ ആരും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. സ്പീക്കർ ശ്രീരാമകൃഷ്ണനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്തകൾ. സ്പീക്കറിനെതിരെ മജിസ്ട്രേട്ടിന് സ്വപ്നയും സരിത്തും മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്. ഡോളർ അടങ്ങിയ ബാഗ് കോൺസുലേറ്റ് ജനറലിനെ ഏൽപ്പിക്കാൻ സ്വപ്നയ്ക്ക് കൈമാറിയെന്നാണ് വെളിപ്പെടുത്തൽ. ഇക്കാര്യം ഉറപ്പിക്കാൻ തെളിവുകൾ വേണ്ടി വരും. സ്വപ്നയും സരിത്തും ഒരേ വിഷയത്തിൽ സമാന മൊഴി മജിസ്ട്രേട്ടിനും നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. സ്പീക്കറുടെ വിശദീകരണം സൂക്ഷ്മമായി പരിശോധിക്കും. അതിന് ശേഷമാകും കേസിൽ തീരുമാനങ്ങൾ എടുക്കും.

സ്വർണ്ണ കള്ളക്കടത്തുകേസിലെ പ്രതികളുമായിട്ട് ഒരിക്കൽപ്പോലും യാത്ര ചെയ്യാനോ വിദേശത്ത് കണ്ടുമുട്ടാനോ ഉള്ള സാഹചര്യം ഉണ്ടായിട്ടില്ലെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളോട് പ്രസ്താവനയിൽ നേരത്തെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ ഒരു വാർത്ത എവിടെനിന്നോ രൂപപ്പെടുന്നു, അത് പിന്നീട് എല്ലാവരും ഏറ്റെടുക്കുന്നു എന്ന രീതിയാണ് കാണുന്നത്. രാഷ്ട്രീയമായ വിവാദങ്ങളിലേക്കും ആരോപണ പ്രത്യാരോപണങ്ങളിലേക്കും ഭരണഘടനാ സ്ഥാപനത്തെ വലിച്ചിഴയ്ക്കുന്നത് ശരിയായ ഒരു കാര്യമല്ലെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് സ്പീക്കറുടെ പേര് ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഈ പ്രസ്താവന. ഇത് കസ്റ്റംസ് വിശ്വസിക്കുന്നില്ലെന്നതിന് തെളിവാണ് ചോദ്യം ചെയ്യലിന് വിളിക്കാനുള്ള തീരുമാനം.