കൊച്ചി: ആർഎസ്എസ് കതിരൂർ എളന്തോടത്ത് മനോജിനെ വധിച്ച കേസിലെ പ്രതിയും മുതിർന്ന സിപിഎം നേതാവുമായി പി. ജയരാജന്റെ അപ്പീൽ വീണ്ടുംതള്ളി. ഹൈക്കോടതിയാണ് ജയരാജന്റെ അപ്പീൽ തള്ളിയത്. യുഎപിഎ ചോദ്യം ചെയ്തായിരുന്നു ജയരാജന്റെ അപ്പീൽ. യുഎപിഎ നീക്കണമെന്ന ജയരാജന്റെ ഹർജി നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. അനുമതി കിട്ടും മുൻപു യുഎപിഎ ചുമത്തിയ നടപടി വിചാരണക്കോടതിക്കു പരിഗണിക്കാമെന്നും കോടതി നിർദ്ദേശിച്ചു.

സിബിഐയാണു പി.ജയരാജനെതിരെ യുഎപിഎ ചുമത്തിയത്. കേസിലെ 25ാം പ്രതിയായ പി.ജയരാജനാണു കൊലയ്ക്കു പിന്നിലെ മുഖ്യ ആസൂത്രകനെന്നാണു സിബിഐ കണ്ടെത്തൽ. സിപിഎം പയ്യന്നൂർ ഏരിയ സെക്രട്ടറി ടി.ഐ.മധുസൂദനൻ, തലശേരി ഈസ്റ്റ് കതിരൂർ സ്വദേശികളായ കുന്നുമ്മൽ റിജേഷ്, കട്ട്യാൽ മീത്തൽ മഹേഷ്, കുളപ്പുറത്തുകണ്ടി സുനിൽകുമാർ, കണ്ണൂർ കതിരൂർ ചുണ്ടങ്ങാപ്പൊയിൽ മംഗലശേരി വി.പി.സജിലേഷ് എന്നിവരാണു മറ്റു പ്രതികൾ.

സിബിഐ അന്വേഷിക്കുന്ന കേസിൽ യു.എ.പി.എ ചുമത്താൻ കേന്ദ്ര സർക്കാറിന്റെ അനുമതി മാത്രം മതിയെന്ന് വിലയിരുത്തിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് പ്രതികളുടെ ഹരജികൾ നേരത്തെ തള്ളിയിരുന്നു. കേന്ദ്രം നൽകിയ അനുമതിയുടെ സാധുത സംബന്ധിച്ച് ആക്ഷേപമുണ്ടെങ്കിൽ വിചാരണഘട്ടത്തിൽ ചോദ്യം ചെയ്യാമെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് പി. ജയരാജൻ അടക്കമുള്ളവർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.

കേസിന്റെ അനുബന്ധ കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെയാണ് ജയരാജനടക്കമുള്ള പ്രതികൾ ഹരജി നൽകിയത്. സംസ്ഥാന സർക്കാറിന്റെ അനുമതിയില്ലാതെയാണ് യു.എ.പി.എ ചുമത്തിയതെന്നാണ് ഹരജിക്കാരുടെ വാദം. സംസ്ഥാന സർക്കാറിന്റെ അധികാര പരിധിയിലുള്ള കേസിൽ യു.എ.പി.എ ചുമത്തണമെങ്കിൽ സർക്കാറിന്റെ അനുമതി വേണമെന്ന ചട്ടം ലംഘിച്ചെന്നാണ് ഹരജിക്കാർ ചൂണ്ടിക്കാട്ടിയത്.

യു.എ.പി.എ പ്രകാരമുള്ള കുറ്റം ചുമത്തുന്നതിനുള്ള അനുമതി നൽകാനായി നിയമ സെക്രട്ടറി ചെയർമാനും ആഭ്യന്തര സെക്രട്ടറി, ഇന്റലിജൻസ് ഐ.ജി എന്നിവർ അംഗങ്ങളുമായ ഒരു സമിതിക്ക് 2009ൽ സർക്കാർ രൂപം നൽകിയിട്ടുണ്ടെന്നും ഈ കേസിൽ സിബിഐ ഈ സമിതിയോട് അനുമതി തേടിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി നേരത്തെ സർക്കാറും സത്യവാങ്മൂലം നൽകിയിരുന്നു.

ആർഎസ്എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖായിരുന്ന മനോജ് 2014 സെപ്റ്റംബർ ഒന്നിനാണു കൊല്ലപ്പെട്ടത്. സിപിഎം പ്രവർത്തകരും അനുഭാവികളുമായവരുടെ കുടുംബത്തിലെ അംഗമായിരുന്ന മനോജ്, പിതാവിന്റെ മരണശേഷം ആർഎസ്എസിൽ ചേർന്നു. കണ്ണൂരിൽ പ്രവർത്തകർ സിപിഎം വിട്ടുപോവുന്ന പ്രവണത തടയാനായി 1997ൽതന്നെ മനോജിനെ കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നു. 2009ൽ വീണ്ടും മനോജിനെ വധിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മൂന്നാം ശ്രമത്തിലാണ് മനോജ് കൊല്ലപ്പെട്ടത്.

കേസിൽ ആദ്യ കുറ്റപത്രം തലശ്ശേരി സെഷൻസ് കോടതി സ്വീകരിക്കുന്നത് 2015 മാർച്ച് 11നാണ്. ഏപ്രിൽ ഏഴിനാണ് കേന്ദ്ര സർക്കാർ യു.എ.പി.എ ചുമത്താൻ അനുമതി നൽകിയത്.