കണ്ണൂർ: സിപിഎം കണ്ണൂർ മുൻ ജില്ല സെക്രട്ടറി പി ജയരാജന് നിയമസഭയിൽ സീറ്റ് നൽകാത്തതിനെതിരെ കണ്ണൂരിൽ പാർട്ടിയിൽ പ്രതിഷേധം ശക്തമാകുന്നു. സ്‌പോർടസ് കൗൺസിൽ കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് ധീരജ് കുമാർ രാജിവെച്ചു. ജയരാജന് സീറ്റ് നൽകാത്തത് നീതികേടാണെന്ന് ധീരജ് കുമാർ പ്രതികരിച്ചു.ജില്ലയുടെ പല ഭാഗത്ത് നിന്ന് ഇത്തരം പ്രതിഷേധം ഉയർന്നുവരുമെന്നും ധീരജ് പറഞ്ഞു. മാനദണ്ഡം ബാധകമാക്കുന്നെങ്കിൽ എല്ലാവർക്കും ബാധകമാക്കണമെന്ന് ധീരജ് പറയുന്നു.

ലോകസഭ സീറ്റിൽ മത്സരിച്ച് തോറ്റവർ നിയനസഭയിൽ മത്സരിക്കേണ്ടെന്ന് പാർട്ടി ആദ്യമെ നിലപാട് എടുത്തത് ജനയരാജനെ ലക്ഷ്യം വച്ചായിരുന്നു എന്ന തരത്തിൽ ആരോപണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ലോകസഭയിൽ പരാജയപ്പെട്ട രണ്ടുപേർക്ക് തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയിട്ടും ജയരാജനെ തഴഞ്ഞതിലാണ് ഇപ്പോൾ പ്രതിഷേധം ശക്തമായിരിക്കുന്നത്.പിജെ ആർമിയുടെ നേതൃത്വത്തിൽ ഇതിനെതിരെ നവമാധ്യമങ്ങളിൽ ഉൾപ്പടെ പ്രചരണം സജീവമായിട്ടുണ്ട്.

പി ജയരാജന്റെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ധീരജ് അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്നു. ജയരാജൻ തുടർച്ചയായി രണ്ട് തവണ മത്സരിച്ചിട്ടില്ല. പാർട്ടിക്ക് അതീതനായി ജയരാജൻ വളരുന്നുവെന്ന വിമർശം പാർട്ടിയിൽ നേരത്തെ ഉയരുകയും പാർട്ടി താക്കീത് ചെയ്യുകയും ചെയ്തിരുന്നു. സ്തുതി ഗാനം അടക്കം ചർച്ചയായിരുന്നു.

.