കണ്ണൂർ: താൻ പ്രസീതയുമായി കൂടിക്കാഴ്ച നടത്തി എന്ന ആരോപണം അപ്രസക്തമെന്ന് സിപിഎം നേതാവ് പി.ജയരാജൻ. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ ഉന്നയിച്ച ആരോപണങ്ങൾക്കാണ് മറുപടി പറയേണ്ടത്. സുരേന്ദ്രനെതിരെ ഗൂഢാലോചനയ്ക്കായി ജെ.ആർ.പി നേതാവ് പ്രസീത താനുമായി കൂടിക്കാഴ്ച നടത്തി എന്ന ആരോപണം ജയരാജൻ നിഷേധിച്ചു. സുരേന്ദ്രന്റെ ആരോപണം അപ്രസക്തമാണ്. പ്രസീതയുടെ വെളിപ്പെടുത്തൽ പ്രസക്തമാണെന്നും അതിന് കെ.സുരേന്ദ്രൻ മറുപടി നൽകണമെന്നും പി.ജയരാജൻ ആവശ്യപ്പെട്ടു.

തൊണ്ടിസഹിതം പിടിക്കപ്പെട്ടപ്പോൾ കുറ്റവാളി നടത്തുന്ന വെപ്രാളമാണ് സുരേന്ദ്രൻ ഇപ്പോൾ നടത്തുന്ന ആക്ഷേപങ്ങൾ. കേരളത്തിലെ തിരഞ്ഞെടുപ്പിൽ ജനാധിപത്യത്തിന് പകരം പണാധിപത്യമാക്കി മാറ്റാൻ ബിജെപി ശ്രമിച്ചു. തിരഞ്ഞെടുപ്പിൽ കള്ളപ്പണം ഉപയോഗിച്ചു എന്ന ആരോപണമുണ്ട്. ഇതിന് മറുപടി നൽകാൻ ബാദ്ധ്യസ്ഥനായ സുരേന്ദ്രൻ വിഷയത്തിൽ നിന്ന് ശ്രദ്ധതിരിച്ചുവിടാൻ ശ്രമം നടത്തുകയാണെന്നും പി.ജയരാജൻ ആരോപിച്ചു. ഇതുകൊണ്ടൊന്നും ബിജെപി രക്ഷപെടാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രസീതയുടെ ആരോപണത്തിനാണ് സുരേന്ദ്രൻ മറുപടി തരേണ്ടതെന്നും കൃത്യമായ തെളിവുമായി വന്നാൽ സുരേന്ദ്രന് മറുപടി നൽകാമെന്നും പി.ജയരാജൻ പറഞ്ഞു. പി.ജയരാജനെ അടുത്തെങ്ങും താൻ കണ്ടിട്ടേയില്ലെന്ന് ജെ.ആർ.പി നേതാവ് പ്രസീതയും അറിയിച്ചു.സി.കെ. ജാനുവിനെ ഉപയോഗിച്ചുള്ള വിവാദം പി.ജയരാജനും പ്രസീതയും ചേർന്ന് ആലോചിച്ച് നടപ്പാക്കിയതാണെന്നായിരുന്നു കെ.സുരേന്ദ്രന്റെ ആരോപണം.

ജയരാജന്റെ പ്രതികരണം-

'പുറത്ത് വരാതിരിക്കത്തക്ക വിധം അതിനകത്തെ ഓരോ ഗ്രൂപ്പ് നേതാക്കളും നടത്തിയിട്ടുള്ള തട്ടിപ്പ് മറച്ചുവെക്കാൻ, ജനവിധിയെ വിലയ്ക്കുവാങ്ങാൻ നടത്തിയ സംഘടിതമായിട്ടുള്ള നുണ പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് സുരേന്ദ്രന്റെ പ്രസ്താവന. ഒരാളുമായി ആര് ബന്ധപ്പെട്ടു, ഇല്ലായെന്നതെല്ലാം അപ്രസക്തമാണ്. ഇവിടെ ജാനുവിന്റെ പാർട്ടിയുടെ ട്രഷററായ പ്രസീത ഗൗരവമായ ആക്ഷേപങ്ങളാണ് ഉയർത്തിയത്. പ്രസീതയുടെ ഫോൺ കോളിൽ രജിസ്റ്ററിലെ വോയിസ് ക്ലിപ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നു. അതിനാണ് സുരേന്ദ്രൻ മറുപടി നൽകേണ്ടത്. പ്രസീതയെ ആര് ബന്ധപ്പെട്ടു, ആര് കൂടിക്കാഴ്‌ച്ച നടത്തിയെന്നെല്ലാം അപ്രസക്തമാണ്. ഒരു കുറ്റവാളി തൊണ്ടി സഹിതം പിടിക്കപ്പെടുന്ന സാഹചര്യത്തിൽ കാണിക്കുന്ന വെപ്രാളത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം പ്രസ്താവനകളൊക്കെ പുറത്തേക്ക് വരുന്നത്. അത് ഞാൻ നേരത്തെ പറഞ്ഞ് കഴിഞ്ഞു. ഞാൻ പ്രസീതയെ കണ്ടോ കണ്ടില്ലയോന്നത് അപ്രസക്തമാണ്. തെളിവുകളുടെ അടിസ്ഥാനത്തിൽ സുരേന്ദ്രനെ കുറ്റവാളിയായി തന്നെ ജനം കണക്കാക്കുന്നു.' പി ജയരാജൻ പ്രതികരിച്ചു.

ഗൂഢാലോചനാ സിദ്ധാന്തം തള്ളി പ്രസീത

തനിക്കെതിരെയുള്ള ആരോപണം സിപിഐഎം നേതാവ് പി ജയരാജനുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന ആരോപണം തള്ളി ജെആർപി ട്രഷർ കൂടിയായ പ്രസീത. പി ജയരാജനുമായി കൂടിക്കാഴ്‌ച്ച നടത്തിയിട്ടുണ്ട്. എന്നാൽ അതെല്ലാം സാമുദായിക കാര്യങ്ങളുമായി ബന്ധപ്പെട്ടിട്ടാണെന്ന് പ്രസീത കണ്ണൂരിൽ മാധ്യമ പ്രവർത്തരോട് പറഞ്ഞു. ഇതെല്ലാം ഉണ്ടയില്ലാ വെടിയായിട്ടാണ് തനിക്ക് തോന്നുന്നതെന്നും മറിച്ചാണെങ്കിൽ കെ സുരേന്ദ്രൻ തെളിവുകൾ പുറത്ത് വിടട്ടെയെന്നും പ്രസീത വെല്ലുവിളിച്ചു.

'ഉണ്ടിയില്ലാ വെടിയായിട്ടാണ് എനിക്ക് തോന്നുന്നത്. മൂന്ന് വർഷം മുന്നേ ഞങ്ങളുടെ സംഘടന (ഗോത്രയെന്ന് പറയുന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് ഞാൻ .പാർട്ടിയിലും അതേ സംഘടനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളുകളുണ്ട്) വെങ്ങാനൂരിൽ അയ്യൻകാളിയുടെ സ്മൃതി ണ്ഡപത്തിൽ കയറുന്നതുമായി ബന്ധപ്പെട്ട് കേസ് നിലനിൽക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് അവിടുത്തെ സാധുജന പരിപാലന സംഘം ഞങ്ങളുടെ കോഡിനേറ്ററുമായി സംസാരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പി ജയരാജനുമായും സംസാരിച്ചിട്ടുണ്ട്.

വർഷങ്ങൾക്ക് മുമ്പുള്ള കാര്യമാണ്. ആ ബന്ധം എന്നും ഉണ്ട്. ജനാധിപത്യ രാഷ്ട്രീയ പാർട്ടി വക്തവ് മാത്രമല്ല ഞാൻ. സമുദായ സംഘടനാ നേതാവ് കൂടിയാണ്. അന്ന് ഇതുപോലുള്ള നേതാക്കളുമായി കണ്ടിട്ടുണ്ട്. അതിനെ ഇതുമായി ബന്ധപ്പെടുത്തുന്നതിന്റെ കാരണം അറിയില്ല. സിപിഐഎം സംരക്ഷണം നൽകുന്നുവെന്ന് വരുത്തി തീർക്കാനുള്ള ശ്രമമായിരിക്കും. പി ജയരാജനുമായി പ്രസീത കൂടിക്കാഴ്‌ച്ച നടത്തിയിട്ടില്ല. ഉണ്ടെങ്കിൽ തെളിവ് നിരത്തട്ടെ.' പ്രസീത പറഞ്ഞു.