മലപ്പുറം: ബന്ധുനിയമന കേസിൽ മന്ത്രിസ്ഥാനം രാജിവെച്ച കെ.ടി ജലീലിന്റെ ഒരു നുണ കൂടിയാണ് ഹൈക്കോടതി വിധിയിലൂടെ പൊളിയുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. ഹൈക്കോടതി തള്ളിയ കേസാണെന്ന വാദമാണ് പൊളിഞ്ഞതെന്നും പി.കെ ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും മുഖത്തേറ്റ പ്രഹരമാണ് കോടതി വിധിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

കെ.ടി ജലീലിന്റെ അധാർമിക രാഷ്ട്രീയ പ്രവർത്തനത്തിന് കുടപിടിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം ആവശ്യപ്പെട്ടു. ജലീലിന്റെ കൂട്ടുക്കച്ചവടത്തിൽ രണ്ടാം കക്ഷി മുഖ്യമന്ത്രിയാണ്. സത്യവും ധാർമികതയും ജയിക്കുമെന്നാണ് ജലീൽ എപ്പോഴും പറയുന്നത്. എന്നാൽ, അസത്യവും അധാർമികതയും ചെയ്യുന്ന ഒരാൾക്ക് ലഭിക്കുന്ന സ്വഭാവിക തിരിച്ചടിയാണിതെന്നും നജീബ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ബന്ധുനിയമനത്തിൽ കെ.ടി. ജലീൽ അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞ ലംഘനവും നടത്തിയെന്ന ലോകായുക്ത വിധി ശരിവെച്ച ഹൈക്കോടതിയുടെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. ബന്ധുനിയമനത്തിൽ കെ.ടി. ജലീൽ അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞ ലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്ത വിധിച്ചത്. മന്ത്രിയെന്ന നിലയിൽ കെ.ടി. ജലീലിന്റെ പ്രവൃത്തി ന്യായീകരിക്കാനാവില്ല. ജലീൽ മന്ത്രിസ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നുമായിരുന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് തോമസ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധിച്ചത്.

അതേസമയം കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവച്ചതുകൊണ്ട് അദ്ദേഹത്തിനെതിരായ ലോകായുക്തവിധിക്ക് ഇനി പ്രസക്തിയില്ലെന്ന നിലപാടാണ് സിപിഎം ഈ വിഷയത്തിൽ സ്വീകരിക്കുന്നത്. ജലീലിന്റെ കൈകൾ ശുദ്ധമാണ്. അദ്ദേഹം ഏതെങ്കിലും തരത്തിൽ അഴിമതിക്ക് കൂട്ട് നിൽക്കുന്ന വ്യക്തിയല്ല. ന്യൂനപക്ഷ കമ്മീഷൻ സ്ഥാനത്തിരുന്ന് മുസ്ലിം ലീഗ് നടത്തിയ കൊള്ള തുറന്നുകാട്ടാനാണ് അതിന് പ്രാപ്തനായ ഒരു ഉദ്യോഗസ്ഥനെ അദ്ദേഹം നിയമിച്ചതെന്നും എ എൻ ഷംസീർ എംഎൽഎ പ്രതികരിച്ചു.

ഏതെങ്കിലും തരത്തിലുള്ള തെറ്റായ ഉദ്ദേശ്യം ജലീലിനുണ്ടായിരുന്നില്ല. അത് സിപിഎമ്മിന് ബോധ്യമുള്ള കാര്യമാണ്. മുസ്ലിംലീഗ് ഭരിക്കുന്ന കാലത്ത് ന്യൂനപക്ഷ കമ്മീഷനിൽ നിന്ന് കടമെടുത്തവരാര്, അതൊക്ക അവർ തിരിച്ചടച്ചോ എന്നതൊന്നും ഹൈക്കോടതി പറയാതെപോകുന്നു. ഇതിനെക്കുറിച്ച് കൂടി ഹൈക്കോടതി പറയേണ്ടതായിരുന്നു. ലോകായുക്ത വിധി വന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം രാജിവച്ചത്. നാട്ടിലെ നിയമവ്യവസ്ഥ അംഗീകരിക്കുന്ന പാർട്ടിയാണ് സിപിഎം. ഹൈക്കോടതി വിധി അന്തിമമല്ലല്ലോ, അതിന് മേലെയും കോടതി ഉണ്ടല്ലോ എന്നും ഷംസീർ പറഞ്ഞു.

അതേസമയം ഹൈക്കോടതി വിധിയോടെ ജലീലിന്റെ തുടർ രാഷ്ട്രീയ കരിയറിന് കൂടിയാണ് തിരശ്ശീല വീഴുന്നത്. തുടർഭരണം ഉണ്ടായാൽ മന്ത്രിയാകാമെന്ന മോഹവും ഇതോടെ ജലീലിന് അവസാനിപ്പിക്കേണ്ടി വരും. സിപിഎമ്മിനുള്ളിൽ ജലീലിന് അധിക പരിഗണന ലഭിക്കുന്നു എന്ന പൊതുവികാരം ശക്തമാണ്. ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് കെ. ബാബുവും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധിപറഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടയിലാണ് ജലീൽ മന്ത്രിസ്ഥാനം രാജിവെച്ചത്. ബന്ധുനിയമന വിഷയത്തിൽ ജലീൽ സ്വജനപക്ഷപാതവും അധികാരദുർവിനിയോഗവും നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്ത നിരീക്ഷണം.

പ്രാഥമികാന്വേഷണം പോലുമില്ലാതെയാണ് ലോകായുക്ത അന്തിമ റിപ്പോർട്ട് തയ്യാറാക്കിയതെന്നായിരുന്നു ജലീലിന്റെ വാദം. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും വാദിച്ചിരുന്നു. സർക്കാരും ഈ വാദത്തെ പിന്തുണച്ചു. എന്നാൽ, ലോകായുക്തയുടെ റിപ്പോർട്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അനുവദിച്ചിരുന്നില്ല. തുടർന്ന് ഇന്ന് വിധി പറഞ്ഞ കോടതി ലോകയുക്തയുടെ ഉത്തരവിൽ യാതൊരു പിശകുമില്ലെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു. ലോകായുക്ത എല്ലാ വശങ്ങളും പരിശോധിച്ചു. വിധിയിൽ ഇടപെടാൻ കാരണങ്ങളില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.