മലപ്പുറം: കെഎസ്എഫ്ഇ വിജിലൻസ് പരിശോധന വിവാദം സിപിഎമ്മിൽ വിഭാഗീയത രൂക്ഷമാണെന്നതിന്റെ തെളിവാണ് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മോങ്ങാനിരുന്ന ഐസകിന്റെ തലയിൽ തേങ്ങാ വീണു എന്ന് പറയുന്നത് പോലെയാണ് കെഎസ്എഫ്ഇ പരിശോധനയും അതെ തുടർന്നുണ്ടായ വിവാദങ്ങളും എന്നും പികെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. വിഭാഗീയത മറ നീക്കി പുറത്തുവന്നിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഇത് രൂക്ഷമാകും. സിപിഎമ്മിനകത്തെ പടലപ്പിണക്കം യുഡിഎഫ് പരമാവധി പ്രയോജനപ്പെടുത്തുമെന്നും പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

ഇന്ന് ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്തവർ ആരും കെ എസ് എഫ് ഇ വിഷയത്തിൽ ധനമന്ത്രി തോമസ് ഐസകിനെ പിന്തുണച്ചില്ല. എന്നാൽ ധനമന്ത്രി അറിയാതെ കെ എസ് എഫ് ഇയിൽ റെയ്ഡ് നടത്തിയത് തെറ്റ് തന്നെയാണെന്ന് തോമസ് ഐസക് വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ നിലപാട് വിശദീകരണത്തിന്റെ പശ്ചാത്തലത്തിൽ ധനമന്ത്രി സ്ഥാനം രാജിവയ്ക്കാമെന്നും തോമസ് ഐസക് നിലപാട് എടുത്തു. എന്നാൽ കടുത്ത തീരുമാനങ്ങൾ പ്രതിസന്ധി കൂട്ടുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള ഐസക്കിനെ അറിയിച്ചതായാണ് സൂചന.

രണ്ടും കൽപ്പിച്ചാണ് യോഗത്തിന് തോമസ് ഐസക് എത്തിയത്. അതൃപ്തി മുഴുവൻ തുറന്നു പറഞ്ഞു. കൂട്ടുത്തരവാദിത്തം നഷ്ടമാകുന്നുവെന്ന സൂചനകൾ നൽകിയായിരുന്നു ആഞ്ഞടിക്കൽ. എന്നാൽ ആരും പരസ്യമായി ഐസകിനെ പിന്തുണച്ചില്ല. സെക്രട്ടറിയേറ്റിലെ മുൻതൂക്കം പിണറായിക്ക് തന്നെയെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇത്. പരസ്യ പ്രതികരണങ്ങൾ വേണ്ടെന്നും ഇതിൽ ഇനി ചർച്ചയില്ലെന്നും ഒടുവിൽ തീരുമാനവും എടുത്തു. എകെജി സെന്ററിൽ നിന്ന് പതിവ് രീതികൾ മാറ്റി വച്ച് മാധ്യമങ്ങൾക്ക് ചിരിച്ച മുഖം പോലും നൽകാതെ താഴെ നിലയിലൂടെ ഇറങ്ങി കാറിൽ മടങ്ങുകയും ചെയ്തു. കെ എസ് എഫ് ഇയിൽ ക്രമക്കേണ്ടുണ്ടെന്ന വ്യാഖ്യാനം പുറത്തു വന്നതിൽ തീർത്തും നിരാശനാണ് ഐസക്. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് കടുത്ത തീരുമാനങ്ങൾ എടുത്താൽ കേന്ദ്ര നേതൃത്വവും ഐസക്കിനെ കൈവിടും. അതുകൊണ്ട് തൽകാലം വിവാദങ്ങൾക്കോ പ്രതികരണങ്ങൾക്കോ ഐസക് മുതിരില്ല.

കെ എസ് എഫ് ഇയിലെ വിജിലൻസ് റെയ്ഡ് സാധാരണമായിരുന്നു. ധനമന്ത്രിയുടെ വട്ട് പ്രയോഗം കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിൽ എത്തിച്ചുവെന്നും പിണറായി വിജയൻ നിലപാട് എടുത്തു. ഇതാണ് ഐസക്കിന് വിനായായത്. പരാതികൾ ഉണ്ടെങ്കിൽ മാധ്യമങ്ങളോട് പറഞ്ഞത് ശരിയായില്ല. അത് സെക്രട്ടറിയേറ്റിൽ ഉന്നയിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി എടുക്കുന്നത്. ആരും മിണ്ടരുതെന്ന തീരുമാനം വരും മുമ്പ് മന്ത്രി ജി സുധാകരൻ പ്രസ്താവന നടത്തിയതിലും ഐസകിന് ദുരൂഹത തോന്നുണ്ട്. മുഖ്യമന്ത്രിയോട് ചേർന്ന് നിന്ന് ഐസകിനെ പരസ്യമായി തള്ളി പറയുകയായിരുന്നു സുധാകരൻ. ആലപ്പുഴയിൽ ഇനി ഔദ്യോഗിക പക്ഷം ഐസകിനെ ഒരു കാര്യത്തിനും അടുപ്പിക്കില്ലെന്നാണ് ലഭിക്കുന്ന സൂചന. അങ്ങനെ തീർത്തും തിരിച്ചടിയാവുകയാണ് ഐസകിന് കെ എസ് എഫ് ഇ വിവാദം.