കോഴിക്കോട്: ഇടതുപക്ഷവുമായി കോൺഗ്രസ് കൈകോർത്ത് പോകേണ്ട സാഹചര്യത്തിൽ അതിനുള്ള സാധ്യതക്ക് വിലങ്ങുതടിയായി പ്രവർത്തിച്ചയാളാണ് എ കെ ആന്റണിയെന്ന് കോൺഗ്രസ് വിട്ട് പുറത്തുവന്ന പി സി ചാക്കോ പറഞ്ഞു. എലത്തൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എ കെ ശശീന്ദ്രന്റെ പ്രചരണാർത്ഥം ചേളന്നൂരിൽ നടന്ന എൽഡിഎഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട്ടിൽ രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനം ആന്റണിയുടേതാണ്. ഇക്കാര്യം അറിഞ്ഞ താൻ തീരുമാനം ശരിയല്ലെന്നും തിരുത്തണമെന്നും പറഞ്ഞതാണ്. ദേശീയ തലത്തിൽ എൽഡിഎഫുമായി സഹകരിക്കേണ്ട സാഹചര്യത്തിൽ അവർക്കെതിരെ കേരളത്തിൽ മത്സരിക്കുന്നത് എന്തടിസ്ഥാനത്തിലാണ് എന്ന തന്റെ ചോദ്യത്തിന് എല്ലാം തീരുമാനിച്ചു കഴിഞ്ഞു എന്നായിരുന്നു ആന്റണിയുടെ മറുപടി.

ശരിയായ കാഴ്ചയും നിരീക്ഷണങ്ങളുമാണ് ഒരു രാഷ്ട്രീയക്കാരന് വേണ്ടത്. അത് ജയപരാജയങ്ങൾ നോക്കിയല്ല വേണ്ടത്. കേരളത്തിൽ തുടരർഭരണം വന്നാൽ അത് നാശത്തിനാണെന്നാണ് ആന്റണി പറയുന്നത്. എന്തടിസ്ഥാനത്തിലാണ് ഇതൊക്കെ പറയുന്നത്. എല്ലാറ്റിനെയും തള്ളിപ്പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതു പോലെയാണ്. അത് രാഷ്ട്രീയ മാന്യതയുടെ ഭാഗമല്ലെന്നും പി സി ചാക്കോ പറഞ്ഞു.

കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നുന്നുണ്ടെന്ന് പി സി ചാക്കോയ്ക്ക് പിന്നാലെ കോൺഗ്രസ് വിട്ട് എൻ സി പിയിൽ ചേർന്ന പി എം സുരേഷ് ബാബു പറഞ്ഞു. എന്തായാലും ഇടതു പക്ഷത്തിനു സന്തോഷിക്കാം. ജനങ്ങളെ ഇടതു പക്ഷത്തോടടുപ്പിക്കുന്ന വിടുവായ്ത്തരങ്ങളാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കും എന്നു പറഞ്ഞതിനു പിന്നാലെ മറ്റൊരു നേതാവ് ജനങ്ങൾക്ക് അരിയും ഭക്ഷണക്കിറ്റും കൊടുക്കരുതെന്ന് രേഖാമൂലം അറിയിച്ചു. ജനങ്ങളെ ഇടതുപക്ഷത്തോടൊപ്പം അടുപ്പിക്കാനുള്ള ശ്രമം അങ്ങിനെ കോൺഗ്രസ് തന്നെ ചെയ്യുന്നുണ്ടെന്നു സുരേഷ് ബാബു പറഞ്ഞു.

ഇടതുഭരണം തുടരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത എൻ സി പി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ മാസ്റ്റർ പറഞ്ഞു. നിപയും കോവിഡും പോലെ മഹാമാരികൾ വേട്ടയാടിയ സമയത്ത് ജനങ്ങളെ പട്ടിണിക്കിടാതെ ആരോഗ്യത്തോടെ കാത്തു സൂക്ഷിച്ച സർക്കാരാണിത്. രണ്ട് ലക്ഷം പേർക്ക് ലൈഫ് പദ്ധതി പ്രകാരം വീടുകൾ വച്ചു നൽകി.

പാവപ്പെട്ടവർക്കൊപ്പം നിലകൊണ്ട ഈ സർക്കാരിന്റെ തുടർഭരണം അതുകൊണ്ടു തന്നെ ഉണ്ടാവുമെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. ചടങ്ങിൽ മാമ്പറ്റ ശ്രീധരൻ അധ്യക്ഷത വഹിച്ചു. കാസിം ഇരിക്കൂർ, എൻവൈസി അഖിലേന്ത്യാ പ്രസിഡന്റ് ധീരജ് ശർമ്മ, മുഹമ്മദ് ഫൈസൽ, കെ ചന്ദ്രൻ മാസ്റ്റർ, ജനാർദ്ദനൻ മാസ്റ്റർ, ടി കെ സോമനാഥൻ എന്നിവർ സംസാരിച്ചു.