തിരുവനന്തപുരം: കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ നിർദ്ദേശപ്രകാരം പുറത്തിറങ്ങിയ പ്രത്യേക സർക്കുലർ മാതൃകാപരമെന്ന് കേരളീയ സമൂഹം. കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടികളിൽ അതാത് പ്രദേശത്തെ മുതിർന്ന കർഷകനെ കൂടി വേദിയിൽ ഉൾപ്പെടുത്തണമെന്നാണ് സർക്കുലറിലെ പ്രധാന നിർദ്ദേശം. കൃഷി മന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ നിന്നും ബൊക്കെ, മൊമന്റോ മുതലായവ ഒഴിവാക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.

എല്ലാ സർക്കാർ പരിപാടികളെയും പാഴ്‌ച്ചെലവുകളാണ് ബൊക്കെയും മൊമെന്റോയുമൊക്കെ. അത് കിട്ടുന്നവരിൽ പലരും സ്റ്റേജിൽ തന്നെ ഉപേക്ഷിച്ച് പോകുകയാണ് പതിവ്. മറ്റ് ക്രിയാത്മകമായ പരിപാടികൾക്ക് വിനിയോഗിക്കേണ്ട പണമാണ് ഇത്തരത്തിൽ പലപ്പോഴും അനാവശ്യമായി പാഴായിപ്പോകുന്നത്. ആ സാഹചര്യത്തിൽ വകുപ്പിന്റെ പരിപാടികളിൽ നിന്നെങ്കിലും ഇത് ഒഴിവാക്കാൻ തയ്യാറായ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനെ അഭിനന്ദിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങൾ.

പരിസ്ഥിതി പ്രവർത്തകൻ കൂടിയായ പ്രസാദിനെ പോലൊരു മന്ത്രിക്ക് മാത്രമേ ഇത്തരമൊരു സർക്കുലർ ഇറക്കാൻ സാധിക്കുകയുള്ളുവെന്നാണ് ഉയർന്നുവരുന്ന അഭിപ്രായങ്ങൾ. കേരളത്തിൽ കർഷകരുടെ എണ്ണം നാൾക്കുനാൾ കുറഞ്ഞുവരുകയാണെങ്കിലും ഒരു കർഷകനെങ്കിലും ഇല്ലാത്ത പ്രദേശങ്ങൾ ഇവിടെയുണ്ടാകില്ല. അവരെ വേദിയിലെത്തിക്കുകവഴി കർഷകസമൂഹത്തെയും കാർഷികവൃത്തിയേയും ആദരിക്കുകയാണ് കൃഷി വകുപ്പ്. മാത്രമല്ല ഈ നിർദ്ദേശം നടപ്പിലാക്കുന്നതിലൂടെ കർഷകർക്ക് പൊതുസമൂഹത്തിലും അംഗീകാരം സൃഷ്ടിക്കാൻ സാധിക്കുമെന്നും വകുപ്പ് കണക്കുകൂട്ടുന്നു.

കേരളത്തിലെ കാർഷികസംവിധാനം ഇന്ന് ഉദ്യോഗസ്ഥ കേന്ദ്രീകൃതമാണ്. പിഎസ്‌സി പരീക്ഷ പാസായി കൃഷി വകുപ്പിലിരിക്കുന്ന ഉദ്യോഗസ്ഥരെല്ലാവർക്കും കൃഷി അറിയണമെന്നില്ല. എന്നാൽ കൃഷി അറിയുന്ന കർഷകർക്കാകട്ടെ കൃഷി വകുപ്പിൽ റോളുമില്ലാത്ത അവസ്ഥയുമാണ്. ആ സ്ഥിതിക്ക് കുറെയെങ്കിലും മാറ്റമുണ്ടാകാൻ ഈ ഉത്തരവിലൂടെ കഴിഞ്ഞേയ്ക്കാം. കൃഷി വകുപ്പിന്റെ പരിപാടികളിൽ ഒരു കർഷകന്റെ സാന്നിദ്ധ്യം കൂടി വേദിയിലുണ്ടാകുമ്പോൾ ആ വേദിയുടെ അന്തസ് വർദ്ധിക്കുമെന്ന് കൃഷി വകുപ്പ് മനസിലാക്കിയിരിക്കുന്നു. ഇതൊരു വിപ്ലവാത്മകരമായ മാറ്റമാണ്.

ഇന്ന് കേരളത്തിലെ കൃഷിവകുപ്പിന്റെ അവസ്ഥ ഏറ്റവും നന്നായി മനസിലാകുന്നയാളാണ് കൃഷിമന്ത്രി. കഴിഞ്ഞ ദിവസം ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ വന്ന റിപ്പോർട്ടനുസരിച്ച് 11.16 ലക്ഷം ഹെക്ടർ മാത്രം കൃഷിഭൂമിയുള്ള കേരളത്തിൽ കൃഷിവകുപ്പ് ജീവനക്കാരുടെ എണ്ണം 7903 ആണ്. ഇതേ സമയം കേരളത്തിന്റെ പത്തിരട്ടി കൃഷിഭൂമിയുള്ള കർണാടകയിലെ ജീവനക്കാരുടെ എണ്ണം 7775 മാത്രമാണ്. അവിടത്തെ കൃഷിഭൂമിയുടെ വിസ്തൃതി 110.76 ലക്ഷം ഹെക്ടറാണ്. 48.93 ലക്ഷം ഹെക്ടർ കൃഷിഭൂമിയുള്ള തെലുങ്കാലയിലെ ജീവനക്കാരുടെ എണ്ണം വെറും 6292 മാത്രവും. മറ്റ് സംസ്ഥാനങ്ങളുടെ ഇത്തരം കണക്കെടുക്കുമ്പോഴാണ് നമ്മുടെ വകുപ്പുകളുടെ പ്രവർത്തനം എത്ര ശുഷ്‌കമാണെന്ന് മനസിലാകുന്നത്.

കൂടുതൽ ജീവനക്കാരും കുറച്ച് ഫലവുമാണ് കേരളത്തിന്റെ പ്രത്യേകത. ഭൂവിസ്തൃതിയിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും പിന്നോക്കം നിൽക്കുന്ന കേരളത്തിലെ ആകെ ജീവനക്കാർ 521531 ആണ്. കർണാടകയിലാകട്ടെ അത് 512521 ഉം തെലുങ്കാനയിൽ 440025 മാണ്. ഇങ്ങനെ നമ്മുടെ നാട് ഉദ്യോഗസ്ഥ വൃന്ദത്തിന് അടിയറവ് വച്ച് നശിച്ചുപോകുമ്പോൾ ഒരു മന്ത്രിയെങ്കിലും ഒരു മാറ്റത്തിന് തുടക്കമിടുന്നു എന്നത് ആശാവഹമാണ്. അതുകൊണ്ടുതന്നെയാണ് പി പ്രസാദ് എന്ന ജനകീയ മന്ത്രിയെ കേരളീയസമൂഹം അഭിനന്ദിക്കേണ്ടതും ഏറ്റെടുക്കേണ്ടതും.