തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയംഗം പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിർദ്ദേശം സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. രണ്ടാം തവണയാണ് പി.ശശി പൊളിറ്റിക്കൽ സെക്രട്ടറി പദവിയിൽ എത്തുന്നത്. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറി ആയിരുന്നു, നിലവിലെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശന് ദേശാഭിമാനിയുടെ ചുമതല നൽകി. കൈരളിയുടെ ചുമതല കോടിയേരിക്ക് നൽകിയപ്പോൽ ചിന്ത പത്രാധിപരുടെ ചുമതല തോമസ് ഐസക്കിനും നൽകി കൊണ്ടാണ് തീരുമാനം.

കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശി സദാചാര ലംഘന ആരോപണങ്ങളെത്തുടർന്ന് 2011ൽ പാർട്ടിക്ക് പുറത്താകുകയായിരുന്നു. കണ്ണൂർ ഘടകത്തിലെ ശക്തനായ നേതാക്കളിൽ ഒരാളായിരുന്നു. ലൈംഗിക പീഡന കേസിൽ 2016ൽ കോടതി കുറ്റവിമുക്തനാക്കി. 2018 ജൂലൈയിൽ പാർട്ടിയിൽ തിരിച്ചെത്തി. 2019 മാർച്ചിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയിലുമെത്തി. പി. ശശി പുറത്തായപ്പോഴാണ് പി. ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായത്.

മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യപരമായി പ്രശ്‌നങ്ങൾ അലട്ടുന്ന സാഹചര്യത്തിൽ ശക്തമായ തീരുമാനം എടുക്കാൻ കഴിവുള്ള ആൾ പൊളിറ്റിക്കലൽ സെക്രട്ടറിയായി വരണമെന്ന തീരുമാനത്തിലാണ് പി ശശി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാര കേന്ദ്രമായി ശശി മാറുമെന്ന കാര്യം ഉറപ്പാണ്. പി.ശശിയെ ഭരണത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കുന്നതിൽ കണ്ണൂർ സിപിഎമ്മിൽ അതൃപ്തി ശക്തമാണെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, അതൊന്നും മുഖവിലക്കെടുക്കാതെയാണ് ഇപ്പോൾ തീരുമാനം വന്നിരിക്കുന്നത്.

നേരത്തെ പി.ശശിക്കെതിരെ പരാതി നൽകിയ ഡി.വൈ.എഫ് ഐ മുൻ ജില്ലാ നേതാവിനെ പുറത്താക്കുകയും കർഷസംഘം നേതാവായ മുൻ എംഎൽഎയെ തരം താഴ്‌ത്തുകയും ചെയ്തിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനെ വ്യക്തി പൂജയുടെ പേരിലാണ് ഒതുക്കിയത്. ഈ സാഹചര്യത്തിലാണ് ഗുരുതരമായ അച്ചടക്കലംഘനം നടത്തുകയും പാർട്ടിക്ക് ചീത്ത പേരുണ്ടാക്കുകയും ചെയ്ത പി.ശശിയെ പാർട്ടിയിലേക്ക് പടിപടിയായി കൊണ്ടുവന്നത്.

:സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട പി.ശശി പാർട്ടിയിലും ഭരണത്തിലും നിർണായക റോളിലേക്ക് തിരിച്ചു വരുന്നത് സംസ്ഥാന കമ്മിറ്റിയിൽ ഇടം നേടിയതോടെ വ്യക്തമായിരുന്നു. അഭിഭാഷകനും ലോയേഴ്സ് യുനിയൻ നേതാവുമാണ് പി ശശി. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായി പി ശശിയെ തെരഞ്ഞെടുത്തിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള വഴി ശശിക്ക് മുൻപിൽ തുറന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ അതീവ വിശ്വസ്തരിലൊരാളാണ് പി.ശരി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ സ്ഥാനാർത്ഥിയായ പിണറായി വിജയന്റെ ചീഫ് പോളിങ് ഏജന്റ് പി.ശശിയായിരുന്നു. ലൈംഗികാരോപണത്തെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടുവെങ്കിലും വളരെ ക്ഷമയോടുള്ള കാത്തിരുപ്പായിരുന്നു പി.ശശിയുടേത്.

ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കപെട്ട പി ശശി അഭിഭാഷക വൃത്തിയിലേക്ക് മടങ്ങുകയായിരുന്നു. സിപിഎം പോഷക സംഘടനയായ ആൾ ഇന്ത്യാ ലോയേഴ്സ് യുനിയൻ നേതാവായാണ് വീണ്ടും പൊതുപ്രവർത്തനത്തിൽ സജീവമായത്. സംഘടനയുടെ ജിലാ ഭാരവാഹിയായി മാറിയ പി.ശശിക്ക് പാർട്ടി അംഗത്വവും തിരിച്ചു ലഭിച്ചു. സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്കായി ഹാജരായ അഭിഭാഷകരിൽ ഒരാൾ പി.ശശിയായിരുന്നു. ഇതോടെ സിപിഎം നേതൃത്വത്തിൽ നിർണായക സ്വാധീനവും ശശിക്ക് ലഭിച്ചു.

നിലേശ്വരത്തിലെ പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ വെച്ചു ഡിവൈഎഫ്‌ഐ ജില്ലാ നേതാവിന്റെ ഭാര്യയെ കടന്നു പിടിച്ചുവെന്നായിരുന്നു ശശിക്കെതിരെ പാർട്ടിയിൽ ഉയർന്നുവന്ന ആരോപണം. ഇതിനു ശേഷം ഒരു മുൻ എംഎൽഎയുടെ മകളോടും അപമര്യാദയായി പെരുമാറിയെന്ന പരാതിയും രേഖാമൂലം പാർട്ടിക്ക് ലഭിച്ചു. പി.ശശിയെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വി എസ്.അചുതാനന്ദനും വനിതാ നേതാക്കളും രംഗത്തുവന്നതോടെയാണ് 2011 ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശി പാർട്ടിയിൽ നിന്നും പുറത്താവുന്നത്. 2016 ൽ പരാതിക്കാരി പിൻവലിഞ്ഞതിനെ തുടർന്ന് പി.ശശിയെ നീലേശ്വരം കോടതി കുറ്റവിമുക്തനാക്കി.

2018 ജൂലൈയിൽ പാർട്ടിയിലേക്ക് മടങ്ങിയെത്തിയ പി ശശി 2019 ൽ കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെത്തി. പി.ശശി പാർട്ടിയിൽ നിന്നും പുറത്തായതിനെ തുടർന്നാണ് പി.ജയരാജൻ സെക്രട്ടറിയാവുന്നത് 2018 ൽ തലശേരി ടൗൺ ബ്രാഞ്ച് കമ്മിറ്റി , ലോക്കൽ കമ്മിറ്റി , ഏരിയാ കമ്മിറ്റി എന്നിവയിൽ അംഗമായ പി.ശശി പിന്നീട് ജില്ലാ കമ്മിറ്റി അംഗമാവുകയായിരുന്നു. അഭിഭാഷകനെന്ന നിലയിൽ നിരവധി പൊതു താൽപര്യ ഹരജികൾ ഫയൽ ചെയ്തു ശ്രദ്ധേയനായ പി.ശശി പെരളശേരി മാവിലായി സ്വദേശിയാണ്. തലശേരി കോടതിയിൽ അഭിഭാഷകനായതിനാൽ ഇപ്പോൾ ഏറെക്കാലമായി തലശേരിയിലാണ് താമസം.