കൊച്ചി: സ്പീക്കർ പി.ശ്രീരാമകൃഷ്ണനെതിരേ സ്വർണക്കടത്ത് കേസിലെ പ്രതി സരിത്ത് നൽകിയ മൊഴിപ്പകർപ്പും പുറത്ത്. യു.എ.ഇ. കോൺസുൽ ജനറലിന് കൈമാറാനായി സ്പീക്കർ തനിക്ക് പണമടങ്ങിയ ബാഗ് നൽകിയെന്നാണ് സരിത്തിന്റെ മൊഴിലുള്ളത്. ഈ ബാഗിൽ നോട്ടുകെട്ടുകളായിരുന്നുവെന്നും പിന്നീട് ഈ ബാഗാണ് കസ്റ്റംസ് തന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്തതെന്നും സരിത്തിന്റെ മൊഴിയിലുണ്ട്.

ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിക്കൊപ്പമാണ് സരിത്തിന്റെ മൊഴിപകർപ്പും സമർപ്പിച്ചിട്ടുള്ളത്. സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കൂടുതൽ കുരുക്കിലാക്കി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിപ്പകർപ്പു പുറത്തു വന്നതിനു തൊട്ടുപിന്നാലെ സ്വർണക്കടത്തു കേസിലെ മറ്റൊരു പ്രതിയായ സരിത്തിന്റെ മൊഴി പകർപ്പും പുറത്തുവന്നത്.

ലോക കേരളസഭയുടെ ലോഗോയുള്ള ബാഗിലാണ് പണം കൈമാറിയത്. ബാഗിൽ പത്ത് നോട്ട് കെട്ടുകളുണ്ടായിരുന്നു. ഇത് കോൺസുൽ ജനറലിനുള്ള സമ്മാനമാണെന്നും അദ്ദേഹത്തിന് നൽകണമെന്നുമാണ് സ്പീക്കർ പറഞ്ഞത്. ഇത് കൈമാറിയ ശേഷം കാലിയായ ബാഗ് താൻ വീട്ടിൽകൊണ്ടുപോയി. ഈ ബാഗാണ് കസ്റ്റംസ് പിടിച്ചെടുത്തതെന്നും സരിത്ത് നൽകിയ മൊഴിയിലുണ്ട്.

ഔദ്യോഗിക വസതിയിലേക്ക് സ്പീക്കർ മടങ്ങിയത് സ്വപ്നയുടെ കാറിലെന്നും സരിത്ത് മൊഴി നൽകി. ബാഗ് കൈമാറിയത് വിമാനത്താവളത്തിന് എതിർവശമുള്ള മരുതം റോയൽ അപാർട്‌മെന്റിൽ വച്ചായിരുന്നുവെന്നും സരിത്ത് മൊഴിയിൽ പറയുന്നു.

നേരത്തെ സ്പീക്കർക്കെതിരേ സ്വപ്ന സുരേഷ് നൽകിയ മൊഴിയും പുറത്തുവന്നിരുന്നു. സ്പീക്കർ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടെന്നും ഒമാൻ മിഡിൽ ഈസ്റ്റ് കോളേജിന്റെ ശാഖ ഷാർജയിൽ ആരംഭിക്കാനായിരുന്നു നീക്കമെന്നും സ്വപ്ന പറഞ്ഞിരുന്നു. സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാൻ ഷാർജ ഭരണാധികാരിയുമായി സ്പീക്കർ തിരുവനന്തപുരത്ത് വെച്ച് കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിൽ ഭൂമി നൽകാമെന്ന് വാക്കാൽ ഉറപ്പുകിട്ടിയെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

എന്തിനാണ് സ്പീക്കർ ഇക്കാര്യത്തിൽ താത്പര്യമെടുത്തതെന്ന ചോദ്യത്തിന് അദ്ദേഹത്തിന് മിഡിൽ ഈസ്റ്റ് കോളേജിൽ നിക്ഷേപമുണ്ടെന്നായിരുന്നു സ്വപ്നയുടെ മറുപടി. കോളേജിന്റെ ശാഖകൾ വർധിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. അവിടുത്തെ കാര്യങ്ങൾ നോക്കിനടത്താൻ താനാണ് മികച്ചയാളെന്ന് പറഞ്ഞതായും സ്വപ്നയുടെ മൊഴിയിൽ പറയുന്നു. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റ് അടിസ്ഥാനമാക്കി നടത്തിയ ചോദ്യംചെയ്യലിൽ സ്വപ്ന പറഞ്ഞ കാര്യങ്ങളാണ് ഇ.ഡി. ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.