തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട വോട്ടെടുപ്പു നാളെ നടക്കുകയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ വോട്ടിങ് നടക്കുന്നത്. ഈ നാല് ജില്ലകളിലും മുസ്ലിംവോട്ടുകൾ അതിനിർണായകമായ ഘടകങ്ങളാണ് മുസ്ലിം വോട്ടു നേടുന്നവർ വിജയം നേടുമെന്ന വിധത്തിലുള്ള വിലയിരുത്തലുകളാണ് പൊതുവേ. മുസ്ലിംവോട്ടു ബാങ്കിന്റെ ഏകീകരണം ലക്ഷ്യമിട്ടാണ് മുസ്ലിംലീഗും യുഡിഎഫും പ്രധാനമായും കളത്തിലിറങ്ങിയിരിക്കുന്നത്. ഇതിനായി വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കി. ഇത് ഗുണകരമാകുമെന്നാണ് പൊതുവേ യുഡിഎഫ് വിലയിരുത്തുന്നത്.

അതേസമയം ബിജെപി ന്യൂനപക്ഷങ്ങളുടെ ബിജെപി ഭയം തങ്ങൾക്ക് അനുകൂല വോട്ടാക്കി മാറ്റാണമെന്ന് എൽഡിഎഫും കണക്കു കൂട്ടുന്നു. അതുകൊണ്ട് തന്നെ മുസ്ലിംരക്ഷകർ തങ്ങളാണെന്ന വാദമാണ് ഇടതു മുന്നണി ഉന്നയിക്കുന്നത്. ഇതിനായി ബീഫ് ഫെസ്റ്റ് മുതൽ പൗരത്വ വിരുദ്ധ സമരത്തിലെ ഇടതു പങ്കാളിത്തം അടക്കം മലപ്പുറത്ത് ചർച്ചയാക്കിയിരുന്നു. മുസ്ലിംവോട്ടു പിടിക്കാനുള്ള അവസാന വട്ട ശ്രമമെന്ന വിധത്തിൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ഇടതു സഹയാത്രികനും മുഖ്യമന്ത്രി പിണറായി വിജയനുമായു അടുപ്പവുമുള്ള മലയാളം സിനിമാ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന്റെ അഭിമുഖമാണ്. ഓൺലൈൻ മാധ്യമമായ ട്രൂകോപ്പി തിങ്കിന് പി ടി കുഞ്ഞുമുഹമ്മദ് നൽകിയ അഭിമുഖത്തിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ മുസ്ലിംങ്ങളുടെ രക്ഷകനായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

ശിഹാബ് തങ്ങൾക്ക് ശേഷം പിണറായി വിജയനാണ് മുസ്ലിംങ്ങളുടെ നേതാവെന്നും പി ടി കുഞ്ഞുമുഹമ്മദ് അഭിമുഖത്തിൽ പറയുന്നു. വ്യക്തിപരമായി പിണറായിയെ എതിർക്കുന്ന ഒരു മുസ്ലിമും ഉണ്ടെന്ന് തോന്നുന്നില്ല ഇടതുപക്ഷത്താണ് മുസ്ലിംകളെന്നുമാണാ കുഞ്ഞുമുഹമ്മദ് പറയുന്നത്. ഇടതുപക്ഷത്തിന്റെ നേതൃനിരയിലേക്ക് ധാരളം മുസ്ലിം നേതാക്കൾ വരുന്ന കാര്യവും അദ്ദേഹം അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. ക്രൈസ്തവരും ഇടതുപക്ഷത്തേക്ക് വരുന്നുവെന്നു പി ടി കുഞ്ഞുമുഹമ്മദ് പറയുന്നു.

പിണറായി വിജയന്റെ മകൾ വീണ വിജയൻ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിയാസിനെ വിവാഹം കഴിച്ച കാര്യവും മുസ്ലിം സമുദായത്തെ അദ്ദേഹവുമായി അടുപ്പിച്ചു എന്നാണ് പി ടി യുടെ മറ്റൊരു വിലയിരുത്തൽ. ഇതിനായി മുഹമ്മദ് റിയാസിന്റെ കുടുംബ മഹിമയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പി ടി കുഞ്ഞുമുഹമ്മദ് അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ:

'തെക്കൻ മലബാറിലെ രാഷ്ട്രീയ കുടുംബമാണ് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസിൻേറത്. മുൻ കെപിസിസി പ്രസിഡന്റ് പി.കെ. മൊയ്തീൻകുട്ടി, ദേശാഭിമാനി പത്രാധിപസമിതി അംഗവും എഴുത്തുകാരനുമായ പി.കെ. മുഹമ്മദ് കുഞ്ഞി, റാഡിക്കൽ ഹ്യുമനിസ്റ്റായിരുന്ന പി.കെ. റഹിം, പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നിറങ്ങി ഇന്ത്യയിൽ ആദ്യമായി ചലച്ചിത്രം സംവിധാനം ചെയ്തവരിൽ ഒരാളായ പി.എം. അബ്ദുൽ അസീസ് തുടങ്ങിയവരെല്ലാം ഈ കുടുംബത്തിലെ കണ്ണികളാണ്. ഈ കുടുംബവുമായുള്ള പിണറായിയുടെ മകളുടെ വിവാഹബന്ധം തീർച്ചയായും മുസ്ലിം സമുദായത്തെ പിണറായിയുമായി ഗണ്യമായി അടുപ്പിച്ചിട്ടുണ്ട്'''

പിണറായി വിജയൻ അകത്ത് ഒന്നു കാണിക്കുകയും പുറത്ത് മറ്റൊന്നു ചെയ്യുകയും ചെയ്യുന്ന നേതാവല്ലെന്നും പി ടി അവകാശപ്പെടുന്നു. മുസ്ലിം സമുദായം ഇപ്പോൾ നവീകരിച്ചു കൊണ്ടിരിക്കുന്ന സമുദായമാണെന്നും അതുകൊണ്ട് ഇടതുപക്ഷത്തെ സ്വീകരിക്കുമെന്നുമാണ് അലി ഹൈദറുമായുള്ള അഭിമുഖത്തിൽ കുഞ്ഞു മുഹമ്മദ് പറഞ്ഞു വെക്കുന്നത്.

ജാമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയുമായുള്ള യുഡിഎഫ് ബന്ധം അടക്കം ഏറ്റവും സജീവമായി ചർച്ച ചെയ്ത തെരഞ്ഞെടുപ്പാണ് മൂന്നാം ഘട്ടത്തിൽ നാളെ നടക്കാൻ പോകുന്നത്. കോവിഡ് വാക്‌സിന്റെ ഘട്ടവും അവസാന ഘട്ടത്തിൽ ചർച്ചയായിരുന്നു. സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ഇന്ന് വിവാദങ്ങൾക്കും ഇടയാക്കി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പെരുമാറ്റചട്ട ലംഘനമാണെന്നാരോപിച്ച് യു.ഡി.എഫും ബിജെപിയും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി.

യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, കെപിസിസി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ, കെ.സി. ജോസഫ് എംഎ‍ൽഎ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവരാണ് പരാതി നൽകിയത്. പരാതി കിട്ടിയാൽ പരിശോധിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സിപിഎം പിന്തുണച്ചു.