കണ്ണുർ: കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യനെ സമുഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ യു.ഡി.എഫ് ചെയർമാൻ പി.ടി മാത്യുവിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ലാപ്പ്‌ടോപ്പും ബി.എസ്.എൻ.എൽ മോഡവും പൊലിസ് കോടതിയിൽ ഹാജരാക്കി. കേസിലെ നിർണ്ണായക തെളിവുകളായ ലാപ്‌ടോപ്പും അനുബന്ധ സാമഗ്രികളും തിങ്കളാഴ്‌ച്ച രാവിലെയാണ് ആലക്കോട് പൊലിസ് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയത്.

കേസിലെ നിർണായക തെളിവുകളായ ലാപ്‌ടോപ്പും അനുബന്ധ സാമഗ്രികളും ആലക്കോട് പൊലിസ് തളിപ്പറമ്പ് കോടതിയിൽ കേസന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവുകളായാണ് സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ ആലക്കോട് സിഐ കെ.വിനോദന്റെ നേതൃത്വത്തിൽ ശനിയാഴ്‌ച്ച കരുവഞ്ചാൽ ടൗണിന് സമീപം വായാട്ടുപറമ്പ് റോഡിലെ പി.ടി മാത്യുവിന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ലാപ്‌ടോപ്പും മറ്റും പിടിച്ചെടുത്തിരുന്നത്.

റെയ്ഡ് നടക്കുന്ന സമയത്ത് പി.ടി.മാത്യുവും ഭാര്യയും അടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നു പി.ടി മാത്യുവിന്റെ പേരിലുള്ള ബി.എസ്.എൻ.എൻ ലാൻഡ് ഫോൺ നമ്പർ ബന്ധപ്പെടുത്തിയുള്ള ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ചാണ് സോണി സെബാസ്റ്റ്യനെ അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടി ജോൺ ജോസഫ് എന്ന പേരിൽ വ്യാജ പ്രൊഫൈൽ അക്കൗണ്ട് സൃഷ്ടിച്ചതെന്ന് സൈബർ പൊലിസ് കണ്ടെത്തിയിരുന്നു.

കോടതി അനുമതിയോടെ ലാപ്‌ടോപ്പ് ഇനി സൈബർ പൊലിസ് സഹായത്തോടെ പരിശോധിച്ച ശേഷമാകും ഇനി കേസിലെ അനന്തര നടപടികൾ സ്വീകരിക്കുകയെന്ന് ആലക്കോട് സിഐ കെ.വിനോദൻ അറിയിച്ചു.