കൊച്ചി: നടി കെ പി എ സി ലളിതയുടെ ചികിത്സക്കായി സർക്കാർ പണം മുടക്കുന്ന തീരുമാനത്തെ വിമർശിച്ചു സൈബർ ഇടങ്ങളിൽ അടക്കം നിരവധി പേർ രംഗത്തുവന്നിരുന്നു. എന്നാൽ, ഇത്തരം വിമർശനങ്ങൾ തള്ളി ഇക്കാര്യത്തിൽ സർക്കാർ തീരുമാനത്തെ പിന്തുണച്ച് കെ പി സി സി വർക്കിങ് പ്രസിഡന്റും എം എൽ എയുമായ പി ടി തോമസ് രംഗത്തുവന്നു.

ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്. കെ പി എ സി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേരളത്തിനുണ്ട്. നടന വൈഭവത്തിന്റെ ഇതിഹാസ തുല്യമായ സമർപ്പണം കലാലോകം വേണ്ടുവോളം ആസ്വദിച്ചിട്ടുള്ളതാണ്. കെ പി എ സി ലളിതയ്ക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാൻ മുന്നോട്ട് വരുന്നവർ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണ്. രാഷ്ട്രീയ കാര്യങ്ങളിൽ അവർക്ക് നിലപാടുകൾ ഉണ്ടാവാം, അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്.

നടന നാടക സിനിമാ ലോകത്തിന് അവർ നൽകിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കാൻ മലയാളികൾ തയ്യാറാവണം. സാമൂഹ്യ മാധ്യമങ്ങളിൽ ഒരു പോസ്റ്റിട്ട് കെ പി എ സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവർ പിന്നീട് ദുഃഖിക്കേണ്ടി വരും. ' ഇതായിരുന്നു പി ടി തോമസിന്റെ കുറിപ്പ്.

ഗുരുതരമായ കരൾ രോഗം ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കെ പി എ സി ലളിത. കരൾമാറ്റ ശസ്ത്രക്രിയയാണ് വേണ്ടെതെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. അവരുടെ ചികിത്സാച്ചെലവ് ഏറ്റെടുക്കുവാൻ കഴിഞ്ഞയാഴ്ച മന്ത്രിസഭാ യോഗം തീരുമാനം കൈക്കൊണ്ടിരുന്നു. തുടർന്നാണ് പ്രതിഷേധങ്ങൾ ഉയർന്നത്.