കൊച്ചി: കിറ്റക്സ് കമ്പനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എംഎൽഎമാർ വീണ്ടും രംഗത്ത്. പി ടി തോമസും പി വി ശ്രീനിജനുമാണ് കിറ്റക്‌സിനെതിരെ വീണ്ടും രംഗത്തെത്തിയത്. സി എസ് ആർ ഫണ്ട് ട്വന്റി 20 പാർട്ടി ചെലവഴിച്ചതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് പി ടി തോമസ് എം എൽ എ ആവശ്യപ്പെട്ടു.

ട്വന്റി 20 രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടിയാണ്. ഫണ്ട് ഉപയോഗത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സിഎസ്ആർ ഫണ്ട് ഒരു രാഷ്ട്രീയ പാർട്ടിയുടെ താൽപര്യത്തിനു വേണ്ടി ഉപയോഗിക്കാൻ പാടില്ലെന്നും കളക്ടർ വിളിച്ച യോഗത്തിൽ എം എൽ എമാർ ആവശ്യപ്പെട്ടു.

തൊഴിൽ വകുപ്പ് നടത്തിയ പരിശോധനയിൽ എട്ട് നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്നും പദ്ധതി വിഹിതത്തിൽ 13 കോടി രൂപ കിഴക്കമ്പലം പഞ്ചായത്ത് മിച്ചം പിടിച്ചത് പഞ്ചായത്ത് രാജ് നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് എംഎൽഎമാർ ചൂണ്ടിക്കാട്ടി.

സിംഗപ്പൂർ മോഡൽ റോഡുകൾ നിർമ്മിച്ചിരിക്കുന്നത് കിറ്റക്സ് ഗ്രൂപ്പിന്റെ വിവിധ കമ്പനികളിലേക്ക് ആണ്. ഭക്ഷ്യസുരക്ഷാ മാർക്കറ്റ് നിർമ്മിച്ചിരിക്കുന്നത് പാടം നികത്തി ആണെന്നും പി ടി തോമസ് എംഎൽഎ ആരോപിച്ചു. കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സർക്കാറിനോട് ആവശ്യപ്പെടുമെന്നും പി ടി തോമസ് പറഞ്ഞു. കിറ്റക്‌സിൽ നിരവധി നിയമലംഘനങ്ങൾ നടക്കുന്നതായി പരിശോധിച്ച ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും പിടി തോമസ് വ്യക്തമാക്കി.

കമ്പനിയുടെ പരിസ്ഥിതിപ്രശ്‌നം ഉൾപ്പെടെയുള്ള കാര്യത്തിൽ എം എൽ എമാർ ജില്ലാ വികസന സമിതിയിൽ പരാതി അറിയിച്ചിരുന്നു. വിവിധ വകുപ്പുകൾ നടത്തിയ പരിശോധനാ റിപ്പോർട്ട് ജനപ്രതിനിധികൾക്ക് ലഭിക്കുന്നില്ല എന്നായിരുന്നു എംഎൽഎമാർ ഉന്നയിച്ച പരാതി. ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ എറണാകുളം ജില്ലാ കലക്ടർ ജാഫർ മാലിക് വിളിച്ച യോഗത്തിലാണ് പി ടി തോമസ് എംഎൽഎ, കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജൻ, പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി എന്നിവർ ആരോപവുമായി രംഗത്തെത്തിയത്.

പരാതികളിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ വിവരങ്ങൾ കൈമാറുന്നില്ലെന്ന് എംഎൽഎമാർ ആരോപിച്ചതിനെ തുടർന്ന് വിളിച്ച് ചേർത്ത യോഗത്തിലാണ് എംഎൽഎമാർ കടുത്ത ആരോപണം ഉന്നയിച്ചത്. വിശദമായ റിപ്പോർട്ട് നൽകാമെന്ന് ജില്ലാ കളക്ടർ ഉറപ്പുനൽകിയതായി എം എൽ എമാർ പറഞ്ഞു.

കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിന് മുന്നിൽ കേരളത്തിനെതിരെ രൂക്ഷ പരാമർശവുമായി കിറ്റെക്സ് ഗ്രൂപ്പ് ചെയർമാൻ സാബു ജേക്കബ് രംഗത്തെത്തിയിരുന്നു. കൊവിഡിനെ തടയാൻ കേരളത്തിലെ സംവിധാനങ്ങൾ മുഴുവൻ പരാജയപ്പെട്ടെന്നും സംസ്ഥാനത്തെ സിസ്റ്റം ശരിയല്ലെന്നുമായിരുന്നു സാബുവിന്റെ ആരോപണം. കേരളത്തിലെ സർക്കാരിന്റെ പോളിസികൾ ശരിയല്ല. അനാവശ്യ ലോക്ഡൗൺ നിയന്ത്രണങ്ങൾ. ജനങ്ങൾ അപമാനിക്കപ്പെടുന്നുവെന്നും സാബു കുറ്റപ്പെടുത്തി. ദേശീയ ചാനലിൽ സംഘടിപ്പിച്ച ചർച്ചയിലായിരുന്നു സാബുവിന്റെ പ്രസ്താവന.

ചർച്ചക്കിടെ ഉത്തർപ്രദേശിൽ നിക്ഷേപ താൽപ്പര്യവും സാബു യോഗിയെ അറിയിച്ചിരുന്നു. കിറ്റെക്സിനെ സ്വാഗതം ചെയ്യുന്നുവെന്ന് യോഗി ആതിഥ്യനാഥ് മറുപടിയും നൽകി. കേരളത്തിലെ വ്യവസായിക നയങ്ങളെ വിമർശിച്ച സാബു ജേക്കബ് തെലങ്കാനയിലേക്ക് വ്യവസായം മാറ്റുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ വിപണിയിൽ മൂല്യം വർദ്ധിപ്പിക്കാനും സാബു ജേക്കബിന് കഴിഞ്ഞു.

തെലുങ്കാനയിൽ തനിക്ക് ലഭിച്ചത് രാജകീയ സ്വീകരണമാണെന്നും തനിക്ക് ലഭിക്കുന്ന സഹായങ്ങൾ ഇവിടത്തെ വ്യവസായികൾ അറിഞ്ഞാൽ ഒരു വ്യവസായി പോലും കേരളത്തിലുണ്ടാവുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും സാബു ജേക്കബ് അന്ന് പ്രതികരിച്ചിരുന്നു.