മലപ്പുറം: നിലമ്പൂരിൽ നിന്നും ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി വി അൻവർ എംഎൽഎയുടെ സ്വത്തു വിവരങ്ങളുടെ വിശദാംശങ്ങൾ പുറത്തുവന്നു. തെരഞ്ഞെടുപ്പ് കമ്മീഷനുമിൻപാകെ സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം 18.57 കോടിയാണ് അൻവറിന്റെ മൊത്തം ജംഗമ ആസ്തി. 16.64 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയും അൻവറിനുണ്ട്. സ്വയാർജിത ആസ്തിയുടെ നടപ്പുകമ്പോള വില 34.38 കോടിയാണ്.

സ്വയാർജിത ആസ്തിയുടെ നടപ്പുകമ്പോള വില 34.38 കോടിയാണ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഭാര്യമാരുടെ പേരിൽ 6.7 കോടി, 2.42 കോടിയുടെ ആസ്തികളുമുണ്ട്. ഭാര്യമാർക്ക് 50.4 ലക്ഷം വില വരുന്ന 1200 ഗ്രാം വീതം സ്വർണവുമുണ്ട്. നിലമ്പൂർ മണ്ഡലം വരണാധികാരി കെ.ജെ മാർട്ടിൻ ലോവലിന്റെ ഓഫീസിലെത്തിയാണ് പി.വി അൻവർ പത്രിക സമർപ്പിച്ചത്. പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തിയായിരുന്നു പത്രികാ സമർപ്പണം.

ദിവസങ്ങൾക്ക് മുൻപ് ആഫ്രിക്കയിൽ നിന്നും മടങ്ങിയെത്തിയ പിവി അൻവർ താൻ 20,000 കോടി മുതൽമുടക്കിയുള്ള വജ്ര സ്വർണഖനന പദ്ധതിയുടെ ഭാഗമായാണ് താൻ ആഫ്രിക്കയിൽ പോയതെന്ന് വിശദീകരിച്ചിരുന്നു. തന്റെ കച്ചവട സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ടി വരികയും ബാധ്യതകൾ വർധിച്ചതും കാരണമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പിവി അൻവർ പറഞ്ഞിരുന്നു.

നേരത്തെ ലോക്‌സഭയിലേക്ക് പൊന്നാനിയിൽ നിന്നും മത്സരിക്കുമ്പോൾ പി വി അൻവറിന്റെ സ്വത്തുക്കൾ കൂടുതലായിരുന്നു. അന്ന് 49.94 കോടിയുടെ ആസ്തിയാണ് കാണിച്ചിരുന്നത്. 34.38 കോടിയുടെ സ്വയാർജിത ആസ്തികളും 15.56 കോടിയുടെ ജംഗമ ആസ്തികളുമാണുള്ളത്. അന്ന് അൻവറിന്റെ രണ്ടു ഭാര്യമാരുടെ പേരിൽ 14.37 കോടിയുടെ ആസ്തികളാണ് കണക്കിൽ കാണിച്ചിരുന്നത്. അൻവറിന്റെ പേരിൽ കർണാടകയിലടക്കം വിവിധയിടങ്ങളിലായി ഭൂമിയുണ്ടെന്നും റിപ്പോർട്ടു ചെയ്തിരുന്നു.

അതേസമയം തവനൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ ചാരിറ്റി പ്രവർത്തകൻ ഫിറോസിന്റെ കൈവശം പണമായുള്ളത് 5500 രൂപയാണ്. സ്ഥാവര ജംഗമ ആസ്തിയായി ഫിറോസിന് 52,58,834 രൂപയുണ്ട്. ഫെഡറൽ ബാങ്ക് ആലത്തൂർ ശാഖയിൽ 8447 രൂപയും സൗത്ത് ഇന്ത്യൻ ബാങ്കിൽ 16,132 രൂപയും എച്ചഡിഎഫ്സി ബാങ്കിൽ 3255 രൂപയും എടപ്പാൾ എംഡിസി ബാങ്കിൽ 1000 രൂപയും നിക്ഷേപമുണ്ട്.