ന്യൂഡൽഹി: ജമ്മു കശ്മീരിൽ നാലു ഭീകരരെ വധിച്ചതിനു പിന്നാലെ പാക്കിസ്ഥാൻ ഹൈകമീഷൻ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഇന്ത്യ. പാക് അതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന ഭീകരർക്ക് ഇന്ത്യക്കെതിരെ പ്രവർത്തിക്കാൻ അവസരമൊരുക്കരുതെന്ന ആവശ്യം ഇന്ത്യ ആവർത്തിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

ഭീകരർക്കും ഭീകര സംഘടനകൾക്കും പിന്തുണ നൽകുന്ന പാക്കിസ്ഥാന്റെ നടപടിക്കെതിരെ ഇന്ത്യ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. ഭീകരവാദത്തിനെതിരായ അന്താരാഷ്ട്ര നടപടികളെക്കുറിച്ചും ഉഭയകക്ഷി ഉത്തരവാദിത്വങ്ങളെക്കുറിച്ചും ഇന്ത്യ ഹൈകമീഷൻ ഉദ്യോഗസ്ഥരെ ഓർപ്പെടുത്തുകയും ചെയ്തു.

ജമ്മു കശ്മീരിലെ നഗ്രോതയിൽ വ്യാഴാഴ്ചയാണ് മൂന്നു മണിക്കൂർ നീണ്ട പോരാട്ടത്തിലൂടെ നാലു ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചത്. സ്പഷൽ ഓപറേഷൻസ് ഗ്രൂപ്പിലെ രണ്ടു പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 11 എ.കെ 47 തോക്കുകൾ, മൂന്ന് പിസ്റ്റളുകൾ, 29 ഗ്രനേഡുകൾ, മൊബൈൽ ഫോണുകൾ തുടങ്ങിയ പിടിച്ചെടുത്തിരുന്നു.