ഷാർജ: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12-ലെ കരുത്തരുടെ പോരാട്ടത്തിൽ ന്യൂസീലൻഡിനെ അഞ്ചുവിക്കറ്റിന് തകർത്ത് പാക്കിസ്ഥാൻ. ന്യൂസീലൻഡ് ഉയർത്തിയ 135 റൺസ് വിജയലക്ഷ്യം പാക്കിസ്ഥാൻ 18.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സ്‌കോർ ന്യൂസീലൻഡ് 20 ഓവറിൽ ഏഴിന് 134, പാക്കിസ്ഥാൻ 18.4 ഓവറിൽ 135.

തുടർച്ചയായ രണ്ടാം ജയവുമായി സെമി ബെർത്ത് പാക്കിസ്ഥാൻ ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. ആദ്യ മത്സരത്തിൽ ഇന്ത്യയെ തോൽപ്പിച്ച പാക്കിസ്ഥാന് ഇനി സ്‌കോട്ലൻഡും അഫ്ഗാനിസ്ഥാനും നമീബിയയുമാണ് എതിരാളികൾ. മുഹമ്മദ് റിസ്വാന്റെയും ഷൊയൈബ് മാലിക്കിന്റെയും ആസിഫ് അലിയുടെയും ബാറ്റിങ് മികവിലാണ് പാക്കിസ്ഥാൻ ജയം നേടിയത്.

കരുതലോടെയാണ് ബാബറും റിസ്വാനും ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയത്. സാന്റനറുടെ ആദ്യ ഓവറിൽ ബൗണ്ടറിയടിച്ച് തുടങ്ങിയ ബാബർ പിന്നീട് പ്രതിരോധത്തിലേക്ക് വലിഞ്ഞു. റിസ്വാനാണ് പിന്നീട് പ്രധാനമായും പാക് സ്‌കോർ ബോർഡ് ചലിപ്പിച്ചത്. എന്നാൽ ബാബറിനെ(9) സൗത്തി ക്ലീൻ ബൗൾഡാക്കുകയും ഫഖർ സമനെ(11) ഇഷ് സോധിയും മുഹമ്മദ് ഹഫീസിനെ(11) സാന്റനറുടെ പന്തിൽ ഡെവോൺ കോൺവെ പറക്കും ക്യാച്ചിലൂടെ പുറത്താക്കുകയും ചെയ്തതോടെ പാക്കിസ്ഥാൻ ഒന്ന് പതറി. ഹഫീസ് മടങ്ങിയതിന് പിന്നാലെ റിസ്വാനും(33), ഇമാദ് വാസിമും(11) വീണതോടെ പതിനഞ്ചാം ഓവറിൽ 87-5ലേക്ക് വീണ പാക്കിസ്ഥാൻ തോൽവി മുന്നിൽക്കണ്ടു.

ഇമാദ് വാസിമിന് പകരം ക്രീസിലെത്തിയ ആസിഫ് അലി രണ്ടടിയിലൂടെ പാക്കിസ്ഥാന്റെ സമ്മർദ്ദം അകറ്റി. അവസാന ആറോവറിൽ 53 റൺസായിരുന്നു പാക്കിസ്ഥാന് ജയത്തിലേക്ക് വേണ്ടിയിരുന്നത്. പതിനേഴാം ഓവറിൽ ടിം സൗത്തിയെ തുടർച്ചയായി രണ്ട് സിക്‌സിന് പറത്തിയ ആസിഫ് അലി പാക്കിസ്ഥാനെ വിജയത്തിന് അടുത്തെത്തിച്ചു.

പതിനെട്ടാം ഓവറിൽ മിച്ചൽ സാന്റനറെ സിക്‌സിനും ഫോറിനും പറത്തിയ ഷൊയൈബ് മാലിക്ക് പാക്കിസ്ഥാന്റെ ജയം ഉറപ്പാക്കി. ആസിഫ് അലി 12 പന്തിൽ 27 റൺസുമായി പുറത്താകാതെ നിന്നപ്പോൾ 20 പന്തിൽ 26 റൺസെടുത്ത മാലിക്ക് പാക് ജയത്തിന്റെ അമരക്കാരനായി. കിവീസിനായി ഇഷ് സോധി രണ്ടും സാന്റ്‌നർ, സൗത്തി, ബോൾട്ട് എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് നിശ്ചിത ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്തു. തകർപ്പൻ ബൗളിങ് പ്രകടനം പുറത്തെടുത്ത പാക് ബൗളർമാരാണ് ന്യൂസീലൻഡിനെ വരിഞ്ഞുമുറുക്കിയത്. ഡാരിൽ മിച്ചൽ (27), ഡെവോൺ കോൺവേ (27), കെയ്ൻ വില്യംസൺ (25) എന്നിവർ മാത്രമാണ് കിവീസ് നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. പാക്കിസ്ഥാന് വേണ്ടി ഹാരിസ് റഹൂഫ് നാല് വിക്കറ്റ് വീഴ്‌ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിനുവേണ്ടി മാർട്ടിൻ ഗപ്റ്റിലും ഡാരിൽ മിച്ചലും ചേർന്ന് ശ്രദ്ധയോടെയാണ് ഓപ്പൺ ചെയ്തത്. ആദ്യ വിക്കറ്റിൽ ഇരുവരും 36 റൺസ് കൂട്ടിച്ചേർത്തു.

എന്നാൽ ആറാം ഓവറിലെ രണ്ടാം പന്തിൽ ഗപ്റ്റിലിനെ ക്ലീൻ ബൗൾഡാക്കി ഹാരിസ് റഹൂഫ് ന്യൂസീലൻഡിന്റെ ആദ്യ വിക്കറ്റെടുത്തു. ഗപ്റ്റിലിന്റെ കാലിൽ തട്ടിയ പന്ത് വിക്കറ്റിൽ പതിക്കുകയായിരുന്നു. 20 പന്തുകളിൽ നിന്ന് 17 റൺസെടുത്താണ് താരം ക്രീസ് വിട്ടത്. ഗപ്റ്റിലിന് പകരം നായകൻ കെയ്ൻ വില്യംസൺ ക്രീസിലെത്തി. ബാറ്റിങ് പവർപ്ലേയിൽ ന്യൂസീലൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 42 റൺസെടുത്തു.

8.1 ഓവറിൽ ടീം സ്‌കോർ 50 കടന്നു. എന്നാൽ തൊട്ടടുത്ത പന്തിൽ ഡാരിൽ മിച്ചലിനെ പുറത്താക്കി ഇമാദ് വസീം ന്യൂസീലൻഡിന്റെ രണ്ടാം വിക്കറ്റെടുത്തു. 20 പന്തുകളിൽ നിന്ന് 27 റൺസെടുത്ത താരം ഫഖർ സമാന് ക്യാച്ച് സമ്മാനിച്ച് മടങ്ങി.

പിന്നാലെ വന്ന ജിമ്മി നീഷാം അതിവേഗത്തിൽ മടങ്ങി. ഒരു റൺസ് മാത്രമെടുത്ത നീഷാമിനെ മുഹമ്മദ് ഹഫീസ് ഫഖർ സമാന്റെ കൈയിലെത്തിച്ചു. ഇതോടെ ന്യൂസീലൻഡ് 9.1 ഓവറിൽ 56 റൺസിന് മൂന്ന് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി. സ്‌കോറിങ്ങിന് വേഗം കൂട്ടാൻ കിവീസിന് സാധിച്ചില്ല. ആദ്യ പത്തോവറിൽ വെറും 60 റൺസ് മാത്രമാണ് ടീമിന് നേടാനായത്.

എന്നാൽ നീഷാമിന് പകരം ഡെവോൺ കോൺവേ എത്തിയതോടെ ന്യൂസീലൻഡ് ഇന്നിങ്സിന് വേഗം കൈവന്നു. പിന്നീടുള്ള മൂന്നോവറിൽ 30 റൺസ് പിറന്നതോടെ കിവീസ് 13 ഓവറിൽ 90 റൺസ് നേടി. എന്നാൽ 14-ാം ഓവറിലെ ആദ്യ പന്തിൽ കെയ്ൻ വില്യംസൺ റൺ ഔട്ടായി. 25 റൺസെടുത്ത കിവീസ് നായകനെ ഹസ്സൻ അലി റൺ ഔട്ടാക്കി. ഇതോടെ വീണ്ടും ന്യൂസീലൻഡ് പ്രതിരോധത്തിലായി.

വില്യംസണ് പകരം ഗ്ലെൻ ഫിലിപ്സാണ് ക്രീസിലെത്തിയത്. 14.5 ഓവറിൽ ടീം സ്‌കോർ 100 കടന്നു. മികച്ച രീതിയിൽ പന്തെറിഞ്ഞ പാക്കിസ്ഥാൻ ന്യസീലൻഡിനെ വലിയ സ്‌കോറിലേക്ക് കടക്കാൻ അനുവദിച്ചില്ല.

18-ാം ഓവറിലെ ആദ്യ പന്തിൽ കോൺവെയെയും മൂന്നാം പന്തിൽ ഫിലിപ്സിനെയും മടക്കി ഹാരിസ് റഹൂഫ് ന്യൂസീലൻഡിനെ തകർച്ചയിലേക്ക് തള്ളിയിട്ടു. 27 റൺസെടുത്ത കോൺവേ ബാബർ അസമിനും 13 റൺസ് നേടിയ ഫിലിപ്സ് ഹസ്സൻ അലിക്കും ക്യാച്ച് സമ്മാനിച്ച് മടങ്ങി. ഇതോടെ കിവീസ് 116 ന് ആറ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി. പിന്നീട് ക്രീസിലൊന്നിച്ച മിച്ചൽ സാന്റ്നറും ഇഷ് സോധിയും ചേർന്ന് ടീം സ്‌കോർ 134-ൽ എത്തിച്ചു. അവസാന പന്തിൽ ആറുറൺസെടുത്ത സാന്റ്നറെ റഹൂഫ് ക്ലീൻ ബൗൾഡാക്കി.

പാക്കിസ്ഥാന് വേണ്ടി ഹാരിസ് റഹൂഫ് നാലോവറിൽ വെറും 22 റൺസ് മാത്രം വിട്ടുനൽകി നാല് വിക്കറ്റ് വീഴ്‌ത്തി. ഷഹീൻ അഫ്രീദി, ഇമാദ് വസീം, മുഹമ്മദ് ഹഫീസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.