കറാച്ചി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ജമാ അത് ഉദ് ദവയുടെ തലവനുമായ ഹാഫിസ് സയീദിന് പത്തുവർഷം തടവുശിക്ഷ. രണ്ട് തീവ്രവാദക്കേസുകളിലാണ് പാക്കിസ്ഥാൻ കോടതി ഹാഫിസ് സെയ്ദിനെ ശിക്ഷിച്ചത്. ഹാഫിസ് സയീദിനെ പാക്കിസ്ഥാൻ കോടതി ശിക്ഷിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ഫെബ്രുവരിയിൽ ഹാഫിസിനെയും ചില കൂട്ടാളികളെയും തീവ്രവാദത്തിന് ധനസഹായം നൽകിയ കേസിൽ11വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

2008ൽ മുംബയിൽ നടന്ന ഭീകരാക്രമണത്തിൽ മുഖ്യസൂത്രധാരനാണ് ഹാഫിസ് സെയ്ദ്. ഐക്യരാഷ്ട്ര സഭയും അമേരിക്കയും ഇയാളെ ആഗാേള തീവ്രവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പത്ത് മില്യൻ ഡാേളറാണ് ഇയാളുടെ തലയ്ക്ക് വിലയിട്ടിരുന്നത്. ഭീകരവാദത്തിന് ധനസഹായം നൽകിയ കേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലായിലാണ് ഹാഫിസ് സെയ്ദിനെ പാക്കിസ്ഥാൻ അറസ്റ്റുചെയ്തത്. ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.