കറാച്ചി: പാക്കിസ്ഥാനിൽ 18 മണിക്കൂർ വൈദ്യുതി ബന്ധം നിലച്ചതിനെ തുടർന്ന് ഏഴ് പവർ പ്ലാന്റ് ജീവനക്കാർക്ക് സസ്പെൻഷൻ. പാക്കിസ്ഥാനിലെ ഏറ്റവും വലിയ വൈദ്യുത നിലയങ്ങളിലൊന്നിലെ ഒരു മാനേജരും ആറ് ജോലിക്കാരെയുമാണ് സസ്‌പെൻഡ് ചെയ്തത്. സിന്ധ് പ്രവിശ്യയിലെ ഗുഡ്ഡു താപവൈദ്യുത നിലയത്തിലെ ജീവനക്കാരെ ജോലിയിലെ അനാസ്ഥ ചൂണ്ടിക്കാണിച്ച് സസ്‌പെൻഡ് ചെയ്തതായി കേന്ദ്ര വൈദ്യുതി കമ്പനി അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ നിലയമാണ് 1980 കളിൽ നിർമ്മിച്ച ഗുഡ്ഡു താപവൈദ്യുത നിലയം. പ്രകൃതിവാതകത്തിൽ നിന്നും എണ്ണയിൽ നിന്നുമാണ് ഇവിടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഗ്രിഡിലെ ഏതെങ്കിലും ഒരു സെക്ഷനിൽ തകരാറുണ്ടായാൽ അത് രാജ്യമാകെ വൈദ്യുതി തടസ്സത്തിന് കാരണമാകും.

ദക്ഷിണ പാക്കിസ്ഥാനിൽ ശനിയാഴ്ച രാത്രി 11.41നുണ്ടായ തകരാറാണ് ഞായറാഴ്ച പുലർച്ച രാജ്യമാകെ ഇരുട്ടിലാകാൻ കാരണമായത്. തലസ്ഥാനമായ ഇസ്ലാമാബാദ്, സാമ്പത്തിക കേന്ദ്രമായ കറാച്ചി, രണ്ടാമത്തെ വലിയ നഗരമായ ലാഹോർ എന്നിവയുൾപ്പെടെ പാക്കിസ്ഥാനിലെ എല്ലാ പ്രധാന നഗരങ്ങളും പൂർണ്ണമായി ഇരുട്ടിലായി. മിക്ക പ്രദേശങ്ങളിലും 18 മണിക്കൂർ വരെ പവർകട്ട് നീണ്ടുനിന്നു.