ഇസ്ലാമാബാദ്: അഫ്ഗാനിസ്താനിലേക്കുള്ള വിമാന സർവ്വീസുകൾ താത്കാലിമായി നിർത്തിവച്ചതായി പാക്കിസ്ഥാൻ അന്താരാഷ്ട്ര എയർലൈൻസ്. പാക്കിസ്ഥാൻ മാത്രമാണ് കഴിഞ്ഞ ഒരാഴ്ചയായി കാബൂളിലേക്കും തിരിച്ചും സർവീസ് നടത്തിയിരുന്നത്. കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യക്കുറവും റൺവേയിലെ മാലിന്യക്കൂമ്പാരവുമാണ് സർവീസ് നിർത്താൻ കാരണമെന്ന് പി.ഐ.എ അറിയിച്ചു.

താലിബാൻ അധികാരമേറ്റെടുത്തതിനുശേഷം കാബൂൾ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും ശുചീകരണത്തൊഴിലാളികളും കൃത്യമായി ജോലി ചെയ്യുന്നില്ലെന്നാണ് വിവരം. റൺവേയിലെ മാലിന്യങ്ങൾ വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും പാക് എയർലൈൻസുകൾ ഭയക്കുന്നു.

കാബൂൾ വിമാനത്താവളത്തിന്റെ സുരക്ഷ അമേരിക്കയുടെ കൈകളിലാണെന്നും അവർ സൈനിക വിമാനങ്ങൾക്കുമാത്രമാണ് പ്രാധാന്യം നൽകുന്നതെന്നും പാക് ആക്ഷേപമുണ്ട്. വിമാനത്താവളത്തിൽ ഉടൻ അവശ്യ സൗകര്യങ്ങൾ ഒരുക്കണമെന്ന് അഫ്ഗാൻ സിവിൽ ഏവിയേഷൻ അഥോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പി.ഐ.എ വക്താവ് അബ്ദുള്ള ഹഫീസ് അറിയിച്ചു. മാധ്യമപ്രവർത്തകരും പാക് പൗരന്മാരും നയതന്ത്ര ഉദ്യോഗസ്ഥരുമടക്കം 1500 പേരെ പാക്കിസ്ഥാൻ ഇതുവരെ തിരിച്ചെത്തിച്ചു.