ദുബായ്: അവസാന ഓവർ ബാക്കി നിൽക്കെ നാല് സിക്‌സുകൾ പായിച്ച് ആസിഫ് അലിയുടെ കിടിലൻ പ്രകടനം. ടി 20 ലോകകപ്പിലെ സൂപ്പർ സിക്‌സ് പോരാട്ടത്തിൽ, ആറ് പന്ത് ബാക്കി നിൽക്കെ, അഞ്ചുവിക്കറ്റിന് അഫിഗാനിസ്ഥാനെ കീഴടക്കി പാക്കിസ്ഥാൻ മൂന്നാമത്തെ ജയവും സ്വന്തമാക്കി. ടി 20 ലോക കപ്പ് സെമിയിലേക്കുള്ള കുതിപ്പ് കുറച്ചുകൂടി എളുപ്പവുമായി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 147 റൺസ്. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാൻ ഒരു ഓവറും അഞ്ച് വിക്കറ്റും ബാക്കിയാക്കി ലക്ഷ്യത്തിലെത്തി. അഫ്ഗാന്റെ ആദ്യ തോൽവിയാണിത്. മാത്രമല്ല, യുഎഇയിൽ വച്ച് ഒടുവിൽ കളിച്ച 18 ട്വന്റി20 മത്സരങ്ങളിൽ അഫ്ഗാന്റെ ആദ്യ തോൽവി കൂടിയാണിത്. പാക്കിസ്ഥാന്റെ തുടർച്ചയായ 14ാം ജയവും.

പാക്കിസ്ഥാൻ കരുതലോടെയാണ് ബാറ്റിങ് തുടങ്ങിയത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 38 റൺസ് എന്ന നിലയിലായി. ബാബർ അസമും ഫക്തർ സമനും അഫ്ഗാനിസ്ഥാന്റെ തകർപ്പൻ ബൗളിങ്ങിനെ നേരിടുന്ന കോട്ടകളായി. അവസാന അഞ്ച് ഓവറിൽ പാക്കിസ്ഥാന് ജയിക്കാൻ 47 റൺസ് വേണ്ടിയിരുന്നു. നായകൻ ബാബർ അസം 45 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ചു. അവസാന രണ്ട് ഓവറിൽ പാക്കിസ്ഥാന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 24 റൺസാണ്. തൊട്ടുമുൻപത്തെ ഓവറിൽ പരിചയസമ്പന്നനായ ശുഐബ് മാലിക്ക് പുറത്തായെങ്കിലും പാക്കിസ്ഥാന് ആസിഫ് അലി മാത്രം മതിയായികുന്നു. കരിം ജാനത്ത് എറിഞ്ഞ 19ാം ഓവറിൽ നാലു പടുകൂറ്റൻ സിക്‌സറുകൾ സഹിതം വിജയത്തിലേക്ക് ആവശ്യമായ 24 റൺസും അടിച്ചെടുത്ത ആസിഫ്, അവസാന ഓവർ ബാക്കിയാക്കി ടീമിനെ വിജയത്തിലെത്തിച്ചു. ആസിഫ് അലി ഏഴു പന്തിൽ നാലു സിക്‌സറുകൾ സഹിതം 25 റൺസുമായി പുറത്താകാതെ നിന്നു. കഴിഞ്ഞ ദിവസം ന്യൂസീലൻഡിനെതിരെയും ആസിഫ് അലിയുടെ മികച്ച പ്രകടനമാണ് പാക്കിസ്ഥാനെ ജയത്തിലേക്ക് നയിച്ചത്.

പാക്കിസ്ഥാനെതിരെ പൊരുതാവുന്ന സ്‌കോറാണ് അഫ്ഗാനിസ്ഥാൻ നേടിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണ് അടിച്ചെടുത്തത്. ടോസ് നേടി അഫ്ഗാനിസ്ഥാൻ ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

തുടക്കത്തിലെ കൂട്ടത്തകർച്ചയ്ക്ക് ശേഷമാണ് അഫ്ഗാനിസ്ഥാൻ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ഒരുവേള ടീം സ്‌കോർ 100 കടക്കുമോ എന്ന് പോലും സംശയമുണർത്തുന്ന തരത്തിലായിരുന്നു അഫ്ഗാന്റെ തകർച്ച. ഒരു ഘട്ടത്തിൽ ടീം ആറ് വിക്കറ്റ് നഷ്ടത്തിൽ 76 റൺസെന്ന നിലയിലായിരുന്നു.ഏഴാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ മുഹമ്മദ് നബി, ഗുൽബദിൻല നയ്ബ് എന്നിവരുടെ അവസരോചിത ബാറ്റിങാണ് അഫ്ഗാനെ രക്ഷിച്ചത്. ഇരുവരും പുറത്താകാതെ നിന്നു.

നബി 32 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 35 റൺസും നയ്ബ് 25 പന്തിൽ നാല് ഫോറും ഒരു സിക്സും സഹിതം 35 റൺസും കണ്ടെത്തി. നജീബുള്ള സാദ്രൻ (22), കരിം ജനത് (15), അസ്ഗർ അഫ്ഗാൻ (10), റഹ്മനുള്ള ഗുർബസ് (10), മുഹമ്മദ് ഷഹസാദ് (8), ഹസ്രത്തുള്ള സസായ് (പൂജ്യം) എന്നിവരാണ് പുറത്തായ താരങ്ങൾ.പാക്കിസ്ഥാന് വേണ്ടി ഇമദ് വാസിം രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി. ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, ഹസൻ അലി, ഷദബ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് നേടി.