കൊച്ചി: പാലാരിവട്ടം മേൽപ്പാലം മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ പുനർനിർമ്മിച്ചിട്ട് എട്ടുമാസം പിന്നിട്ടിട്ടും ഇതിനായി ചെലവായ 24.52 കോടിരൂപ നിർമ്മാണത്തിൽ വീഴ്ചവരുത്തിയ കരാർ കമ്പനിയായ ആർ.ഡി.എസിൽനിന്ന് ഈടാക്കാനായില്ല. പെർഫോമൻസ് സെക്യൂരിറ്റിയായി കമ്പനി നൽകിയിരുന്ന 4.12 കോടിരൂപ വകയിരുത്തിയത് മാത്രമാണ് ഇതുവരെയുണ്ടായ നടപടി. ബാക്കി 20.4 കോടിരൂപ ഈടാക്കാനുണ്ട്.

പുനർനിർമ്മിക്കാൻ ചെലവായ തുക നൽകണമെന്നാവശ്യപ്പെട്ട് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് കേരള (ആർ.ബി.ഡി.സി.കെ.) കരാർ കമ്പനിക്ക് കഴിഞ്ഞവർഷം നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരേ കമ്പനി ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും ആർ.ബി.ഡി.സി.കെ.യുടെ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്തിട്ടില്ല. എന്നിട്ടും സർക്കാർ തുക തിരികെ ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ഇതുസംബന്ധിച്ച് വിവരാവകാശ മറുപടി തേടിയ പ്രോപ്പർ ചാനൽ പ്രസിഡന്റ് എം.കെ. ഹരിദാസ് പറഞ്ഞു.

നിർമ്മിച്ച് രണ്ടുവർഷത്തിനുള്ളിൽ സഞ്ചാരയോഗ്യമല്ലാതായതോടെയാണ് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ പാലാരിവട്ടം മേൽപ്പാലം പുനർനിർമ്മിച്ചത്. ഇതിനാവശ്യമായ 24.52 കോടിരൂപ കരാർ കമ്പനിയിൽ നിന്ന് ഈടാക്കുമെന്നും പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരൻ പ്രഖ്യാപിച്ചിരുന്നു.