പത്തനംതിട്ട: പ്രളയം തകർത്ത പമ്പാ ത്രിവേണിയെ നവീകരിക്കുന്നതിന് ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തിയതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

2018ലെ പ്രളയത്തെ തുടർന്ന് പമ്പാ - ത്രിവേണിയിലെ നടപ്പാലത്തിന്റെ താഴ്‌വശത്ത് പമ്പാനദിയുടെ ഇടത് കര പൂർണമായും തകർന്ന് നദിയിൽ പതിച്ചതിനാൽ പാർക്കിങ് ഗ്രൗണ്ടിലേക്കു പ്രവേശനം  സാധ്യമായിരുന്നില്ല. ഇതിനു പരിഹാരമായി നദിയുടെ നീരൊഴുക്ക് പൂർവ സ്ഥിതിയിലാക്കി. പാർക്കിങ് ഗ്രൗണ്ടും, നദീതീരവും സംരക്ഷിക്കുന്നതിനായി ഗാബിയോൺ വാളിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു.

ഗാബിയോൺ വാൾ നിർമ്മാണത്തിനായി  സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച 3.86 കോടി രൂപയും അനുബന്ധ പ്രവൃത്തികൾക്കുവേണ്ടി ഓൺ പ്ലാൻ ഫണ്ടിൽ നിന്നും 71 ലക്ഷം രൂപയും ഉപയോഗിച്ചാണ്  പമ്പ ത്രിവേണിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.  

റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ (ആർകെഐ) ഉൾപ്പെടുത്തി അനുവദിച്ച നാലു കോടി രൂപ ഉപയോഗിച്ച്, പ്രളയത്തിൽ പമ്പ ത്രിവേണിയിലെ കേടുപാടുകൾ സംഭവിച്ച ജലസേചന നിർമ്മിതികൾ, സ്നാനഘട്ടം, ജലവിതാനം നിയന്ത്രിക്കുന്നതിനുള്ള വിസിബികൾ എന്നിവ പുനർനിർമ്മിച്ചു. തീർത്ഥാടകർക്ക് ഏറെ പ്രയോജനം ചെയ്യുന്ന സ്നാനഘട്ടങ്ങളുടേയും വിസിബികളുടേയും പണി പൂർത്തിയായിട്ടുണ്ട്.
 
ഞുണങ്ങാർ പാലത്തിന്റെ നിർമ്മാണം വനം വകുപ്പിന്റെ അനുമതി ലഭിക്കാൻ താമസിച്ചതിനാൽ തുടങ്ങാൻ കാലതാമസം ഉണ്ടായി. തുടർച്ചയായി പെയ്ത കാലവർഷം കാരണം പണി പൂർത്തീകരിക്കാൻ സാധിച്ചില്ല. ഒക്ടോബർ അവസാനത്തോടു കൂടി ഈ പ്രവർത്തനവും പൂർത്തീകരിക്കാനാകും. ത്രിവേണി മുതൽ ഞുണങ്ങാർ വരെയുള്ള പടിക്കെട്ടുകളുടെ നിർമ്മാണം പൂർത്തിയായി.

പുതുതായി ആറു പടിക്കെട്ടുകൾ നിർമ്മിച്ച് മാർബിൾ വിരിക്കുകയും ചെയ്തു. ബലിത്തറകളും പുനർനിർമ്മിച്ചു. കേന്ദ്ര ടൂറിസം വകുപ്പ് അനുവദിച്ച രണ്ടു കോടി രൂപ ചെലവിൽ ആറാട്ടുകടവ് ഉൾപ്പടെയുള്ള പ്രദേശങ്ങളും നവീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.