പത്തനംതിട്ട: കേരളത്തെ പിടിച്ചു കുലുക്കിയ മഹാപ്രളയത്തിൽ പമ്പാതീരുത്തിൽ വലിയ തോതിൽ മണൽ അടിഞ്ഞിരുന്നു. ഈ മണൽ വാരുന്നതിന് അനുമതി നൽകിയതും മാറ്റിയതുമെല്ലാം വലിയ വിവാദം തീർത്ത സംഭവങ്ങളായിരുന്നു. എന്നാൽ, ഈ വിവാദങ്ങൾക്കെല്ലാം ഒടുവിൽ അവസാനം വന്നിരിക്കയാണ്. പമ്പാ ത്രിവേണിയിൽ അടിഞ്ഞുകൂടിയ ഒന്നേകാൽ ലക്ഷത്തിൽപരം ഘനമീറ്റർ മണൽ ഉപയോഗശൂന്യമാണെന്ന കണ്ടെത്തലോടെയാണ് വിവാദങ്ങൾ അവസാനിച്ചിരിക്കുന്നത്. കേന്ദ്ര ഭൗമശാസ്ത്ര കേന്ദ്രം ഡയറക്ടറേറ്റിന്റെതാണ് മണൽ ഉപയോഗിക്കാൻ കൊള്ളില്ലെന്ന റിപ്പോർട്ട്.

ഇതോടെ സർക്കാർ 35,000ഘനമീറ്റർ മണൽ പമ്പ ചക്കുപാലത്തിനു സമീപം വനത്തിൽ തള്ളി. അടിഞ്ഞുകൂടിയ മണലിൽ ധാതുലവണങ്ങൾ കുറവാണ്, ഉപയോഗിക്കാൻ കഴിയുന്നത് 30 % മണൽ മാത്രമാണ്, ബാക്കിയുള്ളതു മണ്ണും ചെളിയും പാറത്തരികളുമാണ്, വേർതിരിച്ചെടുക്കാൻ പ്രയാസമാണ് എന്നിങ്ങനെയുള്ള വിവരങ്ങളാണു റിപ്പോർട്ടിലുള്ളത്. ഇതേത്തുടർന്നാണ് ശേഷിച്ച മണൽ സർക്കാർ ഉപേക്ഷിച്ചത്.

അടിഞ്ഞു കൂടിയ മണലിൽ 40,000 ഘനമീറ്റർ ഒരു സ്ഥാപനം നിർമ്മാണപ്രവർത്തനങ്ങൾക്കായി ലേലത്തിൽ വാങ്ങിയിരുന്നു. ചെളിയും മണ്ണും പാറത്തരികളും കലർന്ന മണൽ അവർക്ക് ഉപയോഗിക്കാൻ കഴിഞ്ഞില്ല. അവർ സംസ്ഥാന സർക്കാരിനെ ഇക്കാര്യം അറിയിച്ചതിനെത്തുടർന്നാണ് ഭൗമശാസ്ത്രകേന്ദ്രം മണൽ പരിശോധിച്ചത്.

പമ്പാ ത്രിവേണി മുതൽ 19 കിലോ മീറ്റർ അകലെ അട്ടത്തോടുവരെ രണ്ടാൾ ഉയരത്തിൽ അടിഞ്ഞുകിടന്ന മണലിനു നാലു കോടി രൂപയാണു വില കണക്കാക്കിയത്. നദിയെ ഭാഗികമായി മൂടി വ്യാപിച്ച മണൽക്കൂമ്പാരം ടാറ്റാ പ്രോജക്റ്റ് ലിമിറ്റഡാണ് സൗജന്യമായി നീക്കം ചെയ്തു പമ്പയിലെ നീരൊഴുക്ക് സുഗമമാക്കിയത്. ഉപയോഗയോഗ്യമാണെന്നു സെസ് അഭിപ്രായപ്പെട്ടതോടെ ഈ മണൽ ശബരിമലയുടെയും പമ്പയുടെയും വികസനത്തിനു വിനിയോഗിക്കണമെന്ന ആവശ്യവുമായി ദേവസ്വം ബോർഡ് രംഗത്തെത്തിയിരുന്നു.

രാഷ്ട്രീയ കോളിളക്കങ്ങൾക്കു വഴിയൊരുക്കിയ സംഭവമായിരുന്നു പമ്പയിലെ മണൽകടത്ത്. ത്രിവേണിയിൽ അടിഞ്ഞുകൂടിയ മണൽ ഭാവിയിൽ പ്രളയത്തിനു കാരണമാകുമെന്ന ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അവിടെനിന്നു നീക്കം ചെയ്യാൻ പത്തനംതിട്ട കലക്ടറാണ് ആദ്യം ശ്രമിച്ചത്. അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് വിരമിക്കുന്നതിനു തൊട്ടുമുമ്പു ഹെലികോപ്ടറിൽ പറന്ന് പമ്പ സന്ദർശിച്ചശേഷമാണ് മണലെടുപ്പിന് ഉത്തരവ് നൽകിയത്.

സിപിഎം. ജില്ലാ സെക്രട്ടേറിയേറ്റംഗം സി.കെ. ഗോവിന്ദൻ ചെയർമാനായ കണ്ണൂരിലെ കേരളാ ക്ലേയ്സ് ആൻഡ് സിറാമിക്സ് കമ്പനിക്കു സൗജന്യമായി മണൽ കൈമാറാൻ സർക്കാർ തീരുമാനിച്ചു. വനം വകുപ്പിനെ മറികടന്നുള്ള തീരുമാനം വന്നതോടെ പ്രതിപക്ഷം രംഗത്തെത്തി. മണൽ സംസ്ഥാനവ്യാപകമായി ചർച്ചയാവുകയും ചെയ്തു. കഴിഞ്ഞ വർഷം ജൂലൈ മൂന്നിനു മണൽ നീക്കം ആരംഭിച്ചു. കണ്ണൂർ കമ്പനി നൽകിയ ഉപകരാറിന്റെ അടിസ്ഥാനത്തിൽ കോട്ടയത്തുള്ള കമ്പനിയാണ് മണൽ നീക്കാൻ തയാറായത്.

സൗജന്യമായി ലഭിച്ച മണൽ കണ്ണൂരിലെ പൊതുമേഖലാ കമ്പനി വിറ്റുകാശാക്കുന്നെന്ന ആരോപണം അതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചു. അതോടെ അനുവാദമില്ലാതെയുള്ള മണൽകടത്ത് വനംവകുപ്പ് തടഞ്ഞു. സിപിഐ, സിപിഎം. കക്ഷികളുടെ വാക്കേറ്റത്തിനും ഇതു കാരണമായി. മണൽ കടത്ത് നിർത്തിവച്ചെങ്കിലും വൈകാതെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് 34-ഡി 2005 അനുസരിച്ച് പുറപ്പെടുവിച്ച പ്രത്യേക അധികാരം ഉപയോഗിച്ച് റവന്യൂ വകുപ്പ് നേരിട്ടു മണൽ നീക്കാൻ തുടങ്ങി. മണൽകടത്തിനു പിന്നിൽ അഴിമതിയുണ്ടെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വിജിലൻസ് കോടതിയെ സമീപിച്ചു. കേസ് ഹൈക്കോടതിയിലുമെത്തി. അപ്പോഴേക്കും കണ്ണൂരിലെ പൊതുമേഖലാ കമ്പനി മണൽ ഏറ്റെടുക്കുന്നതിൽനിന്നു പിന്മാറുകയാരുന്നു.