ലഖ്‌നൗ: ഉത്തർപ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശക്തി കേന്ദ്രങ്ങളിൽ ഭരണകക്ഷിയായ ബിജെപിക്ക് കാലിടറി. വരാണസിയിലും അയോധ്യയിലും അഖിലേഷ് യാദവിന്റെ നേതൃത്വത്തലുള്ള സമാജ് വാദി പാർട്ടി നേട്ടം കൊയ്തപ്പോൾ മഥുരയിൽ മായാവതിയുടെ ബിഎസ്‌പിയും അജിത് സിങിന്റെ ആർഎൽഡിയും വിജയംകൊയ്തു.

നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും ഏറ്റ തിരിച്ചടികൾക്ക് ശേഷം എസ് പിയും ബി എസ് പിയും കരുത്ത് വീണ്ടെടുക്കുന്നത് കൂടിയായി തദ്ദേശ തിരഞ്ഞെടുപ്പ്

ബിജെപിക്ക് രാഷ്ട്രീയപരമായി നിർണായകമാണ് ഈ മൂന്ന് ജില്ലകളും. യോഗി ആദ്യത്യനാഥ്സർക്കാർ കഴിഞ്ഞ നാല് വർഷക്കാലം ഈ ജില്ലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് തിരിച്ചടിയായി.

യുപി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ ഈ 3 മേഖലകളിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ നിർണായകമാണ്. ഈ മേഖലകളിലെ ആധിപത്യം സംസ്ഥാന ഭരണം നിർണയിക്കുന്നതിൽ മുഖ്യഘടകമാകാറുണ്ട്. കർഷക സമരത്തിനു പിന്തുണ ലഭിച്ച പടിഞ്ഞാറൻ യുപിയിൽ ബിജെപിക്കാണ് മുന്നേറ്റം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസി ജില്ലാ പഞ്ചായത്തിലെ 40 സീറ്റുകളിൽ എട്ടിടത്ത് മാത്രമേ ബിജെപിക്ക് ജയിക്കാൻ സാധിച്ചുള്ളൂ.സമാജ് വാദി പാർട്ടി 14 സീറ്റുകൾ നേടി. ബിഎസ്‌പി അഞ്ചിടത്തും ജയിച്ചു. അപ്നാദൾ (എസ്) മൂന്ന് സീറ്റു നേടി. ആം ആദ്മി പാർട്ടിക്കും ഇവിടെ അക്കൗണ്ട് തുറക്കാൻ സാധിച്ചിട്ടുണ്ട്. 70 സീറ്റുകളിൽ ജയിച്ചതായി ആം ആദ്മി പാർട്ടി അവകാശപ്പെട്ടു.

മഥുരയിലും ബിജെപി എട്ട് സീറ്റിലൊതുങ്ങി. ഇവിടെ ബിഎസ്‌പി 12 സീറ്റിലും ആർഎൽഡി ഒമ്പത് സീറ്റിലും ജയിച്ചു. അതേ സമയം എസ്‌പിക്ക് ഒരിടത്ത് മാത്രമേ മഥുരയിൽ ജയക്കാൻ സാധിച്ചിട്ടുള്ളൂ. കോൺഗ്രസ് ഒരു സീറ്റ് പോലും നേടിയില്ല. മൂന്ന് സ്വതന്ത്രരും ജയിച്ചു.

40 സീറ്റുള്ള അയോധ്യ ജില്ലാ പഞ്ചായത്തിൽ 24 സീറ്റുകൾ നേടി എസ്‌പി തൂത്തുവാരി. ബിജെപി ആറിലൊതുങ്ങി. ബാക്കി സീറ്റുകളിൽ സ്വതന്ത്രരാണ് ജയിച്ചത്. കോൺഗ്രസിനു പതിവുപോലെ തിരിച്ചടിയാണ്. സോണിയ ഗാന്ധിയുടെ റായ്ബറേലിയിൽ കോൺഗ്രസ് സമാജ്‌വാദി പാർട്ടിക്കു പിന്നിൽ രണ്ടാമതാണ്.

ഇതിനിടെ ഉത്തർപ്രദേശിലെ മൊത്തം പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലത്തിൽ മുന്നിൽ തങ്ങളാണെന്ന് ബിജെപിയും എസ്‌പിയും ഒരുപോലെ അവകാശവാദം ഉന്നയിച്ചു. ആകെയുള്ള 3050 ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ ഫലമറിവായ സീറ്റുകളിൽ 918 എണ്ണം നേടിയതായി ബിജെപി അറിയിച്ചു. 715 എണ്ണവും നേടിയെന്നും കൂടുതൽ സീറ്റുകളിൽ ലീഡു ചെയ്യുന്നതായും എസ്‌പി അവകാശപ്പെട്ടു. ബിഎസ്‌പി 345, കോൺഗ്രസ് 71 എന്നിങ്ങനെ നേടി. ബിജെപി ടിക്കറ്റിൽ മത്സരിച്ച മുലായം സിങ്ങിന്റെ മരുമകൾ സംഗീത യാദവ്, സ്വതന്ത്രയായി മത്സരിച്ച മിസ് ഇന്ത്യ റണ്ണർ അപ്പ് ദിഷ സിങ് എന്നിവർ തോറ്റു.

ഗ്രാമപഞ്ചായത്തുകൾ, ഗ്രാമ പ്രധാൻ സീറ്റുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്തുകൾ എന്നിവയിലെ 7.32 ലക്ഷം സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മെയ് രണ്ടു മുതലാണ് ആരംഭിച്ചത്. പലയിടത്തും ഇപ്പോഴും പുരോഗമിക്കുകയാണ്.

ഇതുവരെ 2.32 ലക്ഷം ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, 38,317 ഗ്രാമപഞ്ചായത്ത് തലവന്മാർ, 55,925 ക്ഷത്ര പഞ്ചായത്ത് അംഗങ്ങൾ, 181 ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തതായി തിങ്കളാഴ്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.