കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂൾ പിടിച്ചടക്കി കഴിഞ്ഞു താലിബാൻ. അധികാരം താലിബാന് കൈമാറി എങ്ങനെയും രക്ഷപെടാനുള്ള ശ്രമത്തിലാണ് അമേരിക്കയും സഖ്യകക്ഷികളും. എന്നാൽ, എന്തൊക്കെ സംഭവിച്ചാലും കൂളായി നിൽക്കുന്ന ഒരു പ്രദേശമുണ്ട്, അതാണ് പഞ്ച്ശീർ പ്രവശ്യ. ഈ പ്രവശ്യയിൽ താലിബാന് ഭരണം പിടിക്കാൻ ഇനിയും സാധിച്ചിട്ടില്ല. മുമ്പ് താലിബാൻ അധികാരത്തിൽ എത്തിയപ്പോഴും ഈ പ്രദേശം വേറിട്ടു നിന്നും. ആ വേറിട്ടു നിൽപ്പിന് പിന്നിൽ അസാധാരണമായ ഒരു ചെറുത്തി നിൽപ്പിന്റെ കഥയുണ്ട്. ഈ ചെറുത്തു നിൽപ്പ് ഇക്കുറി വിജയം കാണുമോ എന്നാണ് ഇനി അറിയേണ്ടത്.

അന്തരിച്ച മുജാഹിദീൻ നേതാവ് അഹമ്മദ് ഷാ മസൂദിന്റെ ജനനസ്ഥലമായ പഞ്ച്ശീർ, എൺപതുകളിൽ സോവിയറ്റ് യൂണിയന്റെ ആക്രമണ സമയത്തും, ഒന്നാം താലിബാൻ ഭരണകാലത്തും കീഴടങ്ങാൻ കൂട്ടാക്കാത്ത പ്രവിശ്യയായിരുന്നു. ഒന്നാം താലിബാൻ സർക്കാരിനെതിരെ ശക്തമായ പ്രതിരോധമുയർത്തിയ വടക്കൻ സഖ്യം രൂപീകരിക്കപ്പെട്ടതും ശക്തി പ്രാപിച്ചതും ഇവിടെയാണ്. ഇപ്പോൾ പഞ്ച്ശീറിനെ ഏതുവിധേനയും വരുതിയിലാക്കാനായി അങ്ങോട്ടേക്ക് ആക്രമി സംഘങ്ങളെ അയച്ചിരിക്കയാണ് താലിബാൻ.

പഞ്ച്ശീറിലേക്ക് പതിനായിരം പേരടങ്ങിയ ആക്രമണസംഘത്തെയാണ് താലിബാൻ നിയോഗിച്ചിരിക്കുന്നത്. ഇവർ പഞ്ച്ശീറിലേക്കു യാത്ര പുറപ്പെടുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. അതേസമയം പഞ്ച്ശീറിലേക്ക് താലിബാൻസേന എത്തുമ്പോഴും കൂളായി വോളിബോൾ കളിക്കുകയാണ് ഇവരുടെ നേതാവ് കൂടിയായ അഫ്ഗാൻ വൈസ് പ്രസിഡന്റ് അംറുള്ള സലേ.

ഇവരും വടക്കൻ സഖ്യവുമായി വഴിമധ്യേയുള്ള ജബൽ അൽ സിറാജിൽ നടന്ന ആക്രമണത്തിൽ താലിബാൻ വലിയ തിരിച്ചടി നേടിട്ടതായാണു ലഭിക്കുന്ന വിവരങ്ങൾ. 300 താലിബാൻ അംഗങ്ങളെ കൊന്നെന്ന് വടക്കൻ സഖ്യത്തിന്റെ ഉന്നത നേതാവ് അഹമ്മദ് മസൂദ് അറിയിച്ചിട്ടുണ്ട്. അതിനു മുൻപ് ബാഗ്ലാൻ പ്രവിശ്യയിലെ അൻഡാറബിലുള്ള ബാനു, പോളി ഹിസാർ, ദിസാലിഹ് പ്രവിശ്യകൾ താലിബാനിൽ നിന്നു മുൻ സുരക്ഷാ സൈനികരുടെ സഹായത്തോടെ തദ്ദേശീയ ജനത പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്.

കുട്ടികളും സ്ത്രീകളും മുതൽ പ്രായമേറിയവർ വരെ യുദ്ധത്തെ ഭയമില്ലാത്തവരാണ് പഞ്ച്ശീറുകാർ. നയിക്കാൻ യുദ്ധതന്ത്രങ്ങളും ചാരപ്രവർത്തനങ്ങളും നടത്തിയ പരിചയ സമ്പന്നതയുള്ള അഫ്ഗാൻ വൈസ് പ്രസിഡന്റ് അംറുള്ള സാലേയും യുദ്ധവീരൻ അഹ്മദ് മസൂദും ഉള്ളപ്പോൾ യുവാക്കൾ ആരോടും മുട്ടാൻ ഒരുക്കമാണ്. ചെറിയ ആൺകുട്ടികളുടെ ഒരു സംഘം പഞ്ച്ശീർ പ്രവിശ്യയിലെ ദാരാ ജില്ലയിലെ ബന്ദേജോയ് പ്രദേശത്തെ ഒരു പാലത്തിന് മുകളിൽ കയ്യിൽ തോക്കുമേന്തി ധീരതയോടെ താലിബാനെതിരെ മുദ്രാവാക്യം മുഴക്കി ജാഗ്രതയോടെ നിൽക്കുന്നു.

അംറുള്ള സാലേയും അഹ്മദ് മസ്സൂദും.

ഇക്കുറി താലിബാൻ കാബൂൾ പിടിച്ചപ്പോൾ രണ്ട് പേർ പഴയ ചെറുത്തുനിൽപ്പുകളുടെ ഓർമ്മ പുതുക്കി ഹിന്ദുക്കുഷ് മലനിരകളിലൂടെ പഞ്ച്ശീറിലേക്കെത്തി. രണ്ട് ദശകമായി പാശ്ചാത്യരാജ്യത്തെ സർക്കാരുകളുമായുള്ള ചർച്ചകളുടെ ചുക്കാൻ പിടിക്കുന്ന അംറുള്ള സാലേയും പഴയ അഹ്മദ് ഷാ മസൂദിന്റെ മകൻ അഹ്മദ് മസ്സൂദും. രണ്ടു പേർക്കും താലിബാനോട് അടങ്ങാത്ത കലിയുമുണ്ട്. അംറുള്ള സാലേയുടെ സഹോദരിയെ താലിബാൻകാർ അപമാനപ്പെടുത്തി കൊന്നിട്ടുണ്ട്. കൺമുന്നിൽ വെച്ച്. അതുപോലെ അച്ഛൻ അഹ്മദ് ഷാ മസ്സൂദ് 2001ൽ അൽ ക്വെയ്ദ തീവ്രവാദികളുടെ തോക്കിനിരയായി മരിച്ചുവീണത് താലിബാനെതിരായ പോരാട്ടത്തിനിടയിലാണെന്നത് ഇന്നും അഹ്മദ് മസ്സൂദിന്റെ മനസ്സിൽ പച്ചപ്പോടെ കിടക്കുന്നു.

കഴിഞ്ഞ ദിവസം പഞ്ച്ശീറിൽ നിന്നും ഒരു ചിത്രം പുറത്തിറങ്ങിയിരുന്നു. ചെറുത്തുനിൽപ്പിന്റെ നേർക്കാഴ്ചയായ ഈ ചിത്രം ഇന്ന് വൈറലാണ്. ചെറിയ ആൺകുട്ടികളുടെ ഒരു സംഘം പഞ്ച്ശീർ പ്രവിശ്യയിലെ ദാരാ ജില്ലയിലെ ബന്ദേജോയ് പ്രദേശത്തെ ഒരു പാലത്തിന് മുകളിൽ കയ്യിൽ തോക്കുമേന്തി ധീരതയോടെ പ്രതിരോധം തീർക്കുന്ന ചിത്രം. മനസ്സിൽ നിന്നും എളുപ്പം മായുന്നതല്ല ചെറുത്തുനിൽപ്പിന്റെ ഈ ചിത്രം.

താലിബാന് മുന്നിൽ തല കുനിക്കില്ല

സാലേയുടെയും അഹ്മദ് മസൂദിന്റെയും നേതൃത്വത്തിൽ ഒരു ഗറില്ലാ യുദ്ധസന്നാഹമാണ് ഇവിടെ ഒരുങ്ങിയിരിക്കുന്നത്. ഇവരോടൊപ്പം സേനയ്ക്ക് താങ്ങും തണലുമായി മുൻ പ്രതിരോധമന്ത്രി ബിസ്മില്ലാ മൊഹമ്മദിയും ഉണ്ട്. കാബൂൾ താലിബാൻ പിടിച്ചെന്ന് കേട്ടപ്പോഴേ സാലേ ട്വിറ്ററിൽ കുറിച്ചതിങ്ങിനെ: 'താലിബാൻ തീവ്രവാദികളുടെ മുന്നിൽ ഞാൻ ഒരിക്കലും തലകുനിക്കില്ല. എന്റെ ആത്മാവിനെ ഞാൻ വഞ്ചിക്കില്ല. അഹമ്മദ് ഷ മസൂദ് എന്ന കമാൻഡറെ ഇതിഹാസത്തെ എന്റെ നായകനെ ഞാൻ വഞ്ചിക്കില്ല,'.

അഫ്ഗാനിസ്ഥാന്റെ സൈനിക ചരിത്രത്തിൽ പഞ്ച്ശീർ താഴ് വരയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഇതിന്റെ കൂറ്റൻ മലനിരകളും ദുരൂഹമായ താഴ് വരകളും നിറഞ്ഞ ഭൂമിശാസ്ത്രമാണ് പഞ്ചശീറിനെ ഒരു യുദ്ധപ്രതിരോധ കേന്ദ്രമാക്കി മാറ്റുന്നത്. ഈ സവിശേഷ ഭൂമിശാസ്ത്രത്തിന് യുദ്ധത്തിനുള്ള മേൽക്കൈ ചാരപ്രവർത്തനങ്ങൾ ഏറെ നടത്തിയ സാലേയ്ക്ക് നന്നായറിയാം. അതുകൊണ്ടാഅ അദ്ദേഹം പഞ്ച് ശീറിനെ താലിബാൻ വിരുദ്ധപ്പോരാട്ടത്തിന്റെ മെക്കയായി സ്വീകരിച്ച് ഇവിടെക്ക് കുന്നിറങ്ങി വന്നത്. പഞ്ച്ശീറിലേക്ക് ഒരേയൊരു പ്രവേശന കവാടമേയുള്ളൂ. അത് പഞ്ച്ശീർ നദി സൃഷ്ടിച്ച കവാടമാണ്. അതുകൊണ്ട് തന്നെ സൈനിക പ്രതിരോധം എളുപ്പമാണ്.

1990കളിലെ ആഭ്യന്തരകലാപത്തിൽ പഞ്ച്ശീർ പിടിക്കാൻ താലിബാന് കഴിഞ്ഞില്ല. സോവിയറ്റ് റഷ്യയ്ക്കും പഞ്ച് ശീർ കീഴടക്കാൻ കഴിഞ്ഞില്ല. ഈ താഴ് വരയിലെ 1.5 ലക്ഷം വരുന്ന നിവാസികൾ എല്ലാം താജിക് വംശക്കാരാണ്. താലിബാൻകാരാകട്ടെ പഷ്തൂൺകാരാണ്. താജിക് വംശക്കാരുടെ രക്തത്തിലോടുന്നത് പോരാട്ടവീര്യമാണ്

പച്ചമരതകക്കല്ലുകൾക്ക് പേര് കേട്ടതാണ് ഈ താഴ് വര. അധികാരത്തിലിരിക്കുന്നവർക്കെതിരെ പൊരുതാൻ പഞ്ച് ശീർ നിവാസികൾക്ക് പണം നൽകിയത് അവരുടെ മണ്ണിൽ നിന്നും കുഴിച്ചെടുത്ത ഈ മരതകക്കല്ലുകളാണ്. യുഎസിന്റെ നേതൃത്വത്തിലുള്ള നേറ്റോ സേന ഭരിച്ച 2001 മുതൽ 2021 വരെ പഞ്ച് ശീർ താഴ് വര അഫ്ഗാനിലെ ഏറ്റവും സുരക്ഷിത താവളമായിരുന്നു.

പഞ്ച് ശീർ താഴ് വരയുടെ ഏറ്റവും വലിയ യുദ്ധചരിത്രം എഴുതിയത് പ്രമുഖ താലിബാൻ വിരുദ്ധപ്പോരാളിയായ അഹമ്മദ് ഷാ മസൂദാണ്. 2001ൽ ഇദ്ദേഹം വധിക്കപ്പെട്ടു. 1953ൽ ജനിച്ച അഹ്മദ് ഷാ 1979ൽ തനിക്ക് ഭാഗ്യവാൻ എന്നർത്ഥം വരുന്ന മസൂദ് എന്ന പേര് സ്വയം നൽകി. കാബൂളിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെയും പിന്നീട് സോവിയറ്റ് പട്ടാളക്കാരെയും ചെറുത്തുനിന്ന ഏറ്റവും സ്വാധീനമുള്ള മുജാഹിദ്ദീൻ പോരാളിയായിരുന്നു അഹ്മദ് ഷാ മസൂദ്.

1989ൽ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനിൽ നിന്നും പിന്മാറിയപ്പോൾ, പിന്നീട് താലിബാൻകാർ അധികാരം പിടിക്കാൻ ശ്രമം തുടങ്ങി. മസ്സൂദും അദ്ദേഹം രൂപകൽപന ചെയ്ത വടക്കൻ മുന്നണിയും (നോർത്തേൺ അലയൻസ്) പഞ്ച്ശീർ മാത്രമല്ല, ഒട്ടുമിക്ക വടക്ക് കിഴക്കൻ പ്രദേശങ്ങളും നിയന്ത്രണത്തിലാക്കി. അങ്ങിനെ താലിബാൻ തീവ്രവാദികളുടെ കരങ്ങളിൽ നിന്നും അവർ ഈ പ്രദേശത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സൂക്ഷിച്ചു. സ്ത്രീകൾക്ക് തുല്ല്യാവകാശം നൽകണമെന്ന വിശ്വാസക്കാരനായിരുന്ന മസൂദ്. 2001ൽ അൽ ക്വെയ്ദ തീവ്രവാദികൾ മസ്സൂദിനെ കൊന്നു.

പിന്നീട് മകൻ അഹ്മദ് മസൂദിന്റെ ഉദയമായിരുന്നു. കാഴ്ചയിൽ അച്ഛനെ ഓർമ്മിപ്പിക്കുന്ന മസൂദ് വൈകാതെ താഴ് വരയിലെ സേനയെ നയി്ച്ചു. താലിബാൻ കാബൂൾ പിടിച്ചപ്പോൾ പ്രസിഡന്റ് അഷ്റഫ് ഗനി നാടുവിട്ട് യുഎഇയിൽ അഭയം തേടിയപ്പോൾ അഹ്മദ് മസൂദിന്റെ അരികിലെത്തി വൈസ് പ്രസിഡന്റ് അംറുൾ സാലേ. ഇരുവരും ചേർന്ന് താലിബാനെ നേരിടാനുള്ള ഗറില്ല പ്രസ്ഥാനത്തെ വാർത്തെടുത്തുകഴിഞ്ഞു. യുദ്ധതന്ത്രങ്ങളും ആസൂത്രണം ചെയ്തുകഴിഞ്ഞു. അമേരിക്കയുടെ കയ്യിൽ നിന്നും ലഭിച്ച ഒട്ടേറെ ആധുനിക ആയുധങ്ങൾ ഇവരുടെ പക്കലുണ്ട്. എല്ലാ മുജാഹിദ്ദീൻ പടയാളികളും താലിബാനെ നേരിടാൻ സജ്ജമായിക്കഴിഞ്ഞു. ഇവർക്കും പിന്നാലെ സാദാ ജനങ്ങളും ഈ വടക്കൻ മുന്നണിയുടെ ഗറില്ലാ പോരാട്ടങ്ങൾക്കൊപ്പമുള്ളപ്പോൾ പഞ്ച് ശീർ താഴ് വര പിടിക്കുക താലിബാന് ദുഷ്‌കരമാവും. അത് അറിയാവുന്ന റഷ്യയുടെ വിദേശമന്ത്രി സെർജി ലാവ് റോവ് പറഞ്ഞത് ഓർമ്മവരുന്നു: ' അഫ്ഗാനിസ്ഥാന്റെ എല്ലാ പ്രവിശ്യകളും താലിബാന്റെ നിയന്ത്രണത്തിലല്ല'.

താലിബാൻ ആധിപത്യത്തെത്തുടർന്ന് തകർന്ന അഫ്ഗാൻ സേന, സുരക്ഷാ സേന, പൊലീസ് വിഭാഗങ്ങളിലെ സൈനികരും ഇപ്പോൾ പഞ്ച്ശീറിലെത്തി വടക്കൻ സഖ്യത്തിന്റെ ഭാഗമായിട്ടുണ്ട്. യുഎസ് നിർമ്മിത കവചിത വാഹനങ്ങളും ആയുധങ്ങളും ഇവരുടെ പക്കലുണ്ട്. പതിനായിരത്തോളം സൈനികർ വടക്കൻ സഖ്യസംഘത്തിലുണ്ടെന്നു കരുതപ്പെടുന്നു. പഞ്ച്ശീർ താഴ്‌വര മലകളാൽ ചുറ്റപ്പെട്ടതാണ്. ഇങ്ങോട്ടേക്കു കടക്കാനും പുറത്തുപോകാനുമുള്ള ഒരേയൊരു വഴി നദീതീരത്തുകൂടിയാണ്. ഇതു ചെറിയ ഒരു സൈന്യത്തിനു പോലും വിജയകരമായി പ്രതിരോധിക്കാമെന്നത് വടക്കൻ സഖ്യത്തിനെ സംബന്ധിച്ച് ഗുണമാണ്.

എന്നാൽ പഞ്ച്ശീർ താലിബാൻ നിയന്ത്രിത പ്രദേശങ്ങളാൽ ചുറ്റപ്പെട്ട ഒരു പ്രവിശ്യയാണെന്നത് ഒരു പ്രതിബന്ധമാണ്. മറ്റൊരു രാജ്യങ്ങളുടെയും അതിർത്തിയുമായി പഞ്ച്ശീറിനു ബന്ധമില്ല. അഹമ്മദ് ഷാ മസൂദിന്റെ പാടവം മകനുണ്ടോയെന്നുള്ളതും രാജ്യാന്തര രാഷ്ട്രീയ നിരീക്ഷകർ സംശയമുണർത്തുന്നു. ജീവിതത്തിന്റെ ഏറിയ പങ്കും ബ്രിട്ടനിലും ഇറാനിലും കഴിഞ്ഞ മകന് അഫ്ഗാൻ സാമൂഹിക ക്രമത്തെപ്പറ്റി അജ്ഞത ഉണ്ടാകാനിടയുണ്ടെന്ന് അവർ പറയുന്നു. അമറുല്ല സാലിഹിന്റെ നയങ്ങളും നിലപാടുകളും പഞ്ച്ശീർ വിഷയത്തിൽ നിർണായകമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.