റോം: ലോകത്തെയാകെ പിടിച്ചുകുലുക്കിയ കോവിഡ് എന്ന മഹാമാരിയിൽ നിന്നും ഇനിയും മനുഷ്യകുലം പൂർണ്ണമായും മോചിതരായിട്ടില്ല. മരണത്തിന്റെ കരിനിഴൽ വിരിച്ച് കൊറോണയെന്ന അദൃശ്യ വൈറസ് തലയ്ക്ക് മുകളിൽ നിൽക്കുമ്പോൾ തന്നെ ഇനിയൊരു 60 വർഷം കഴിഞ്ഞാൽ ലോകം മറ്റൊരു മഹാമാരിയെ കൂടി അഭിമുഖീകരിക്കേണ്ടിവരുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇറ്റലിയിലെ ലഡുവ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കഴിഞ്ഞ 400 വർഷക്കാലത്തിലധികമായി ലോകത്തെ വിറപ്പിച്ച മഹാമാരികളുടെ വിശദാംശങ്ങൾ പഠനവിധേയമാക്കിയതിനു ശേഷമാണ് അവർ ഇത്തരത്തിലൊരു അനുമാനത്തിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിൽ ലോകത്തെ വിറപ്പിച്ച മഹാമാരികളിൽ ഏറ്റവും ഭീകരൻ കൊറോണയാണെന്നും ഇവരുടെ പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്ഥിതിവിവരക്കണക്കുകൾ വിശദമായിപരിശോധിച്ചതിൽ, ഇത്തരത്തിലുള്ള മഹാമാരികൾ വിരളമായിട്ടല്ല ഉണ്ടായിരിക്കുന്നത് എന്നാണ് കണ്ടെത്തിയത്. 2080 ആകുമ്പോഴേക്കും അടുത്ത മഹാമരിയെത്തുമെന്നും ഇവർ പറയുന്നു.

കോവിഡിന് സമാനമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന മറ്റൊരു മഹാമാരി ഏതു വർഷവും എത്തിച്ചേരുവാൻ 2 ശതമാനം വരെ സാധ്യതയുണ്ടെന്ന് നേരത്തേ അമേരിക്കൻ ഗവേഷകർ പറഞ്ഞിരുന്നു. അതായത് 2000-ലോ അതിനു ശേഷമോ ജനിച്ചവർക്ക് മറ്റൊരു മഹാമാരിക്കുകൂടി സാക്ഷ്യം വഹിക്കുവാനുള്ള സാധ്യത 38 ശതമാനമാണ് എന്നർത്ഥം. ജനസംഖ്യാ വർദ്ധനവ്, ഭക്ഷണക്രമത്തിൽ വരുന്ന മാറ്റം, പരിസ്ഥിതി നാശം അതുപോലെ രോഗകാരികളെ വഹിക്കുന്ന മൃഗങ്ങളുമായി മനുഷ്യന്റെ വർദ്ധിച്ചുവരുന്ന സമ്പർക്കം എന്നിവ മാഹാമാരിയുടെ സാധ്യതയെ ത്വരിതപ്പെടുത്തുമെന്നും അവർ പറയുന്നു.

ഭാവിയിൽ മറ്റൊരു മഹാമാരിക്കുള്ള സാധ്യത അനുനിമിഷം വർദ്ധിച്ചു വരികയാണെന്നും അതിനാൽ തന്നെ കൂടുതൽ മെച്ചപ്പെട്ട തയ്യാറെടുപ്പുകൾ വേണ്ടിവരുമെന്നും അവർ പറയുന്നു. കഴിഞ്ഞ നാലു നൂറ്റാണ്ടുകളായി മനുഷ്യകുലത്തെ ആക്രമിച്ച പ്ലേഗ്, വസൂരി, കോളറ, ടൈഫസ് എന്നുതുടങ്ങി വിവിധ തരം ഇൻഫ്ളുവൻസകളുടെ വിവരങ്ങളും ഇതിനായി ഇവർ പഠനവിധേയമാക്കിയിരുന്നു. കഴിഞ്ഞകാലങ്ങളിൽ മഹാമാരി വീശിയടിച്ച കാലയളവുകളിൽ വ്യത്യസ്തതയുണ്ടെങ്കിലും ഒരു നിശ്ചിത ക്രമം പാലിച്ചിട്ടുണ്ടെന്നും അവർ കണ്ടെത്തിയിട്ടുണ്ട്.

മഹാമാരികൾ പിന്തുടരുന്ന ക്രമത്തിന്റെ വിശദമായ പഠനത്തിലാണ് അടുത്ത മഹാമാരിക്കായി 60 വർഷത്തിൽ താഴെ മാത്രം കാത്തിരുന്നാൽ മതിയെന്ന് പഠനത്തിന് നേതൃത്വം നൽകിയ മാക്രോണി മരാനിയും സംഘവും വെളിപ്പെടുത്തുന്നത്. അതുപോലെ മനുഷ്യകുലത്തെ ഭൂമിയിൽ നിന്നും നിശ്ശേഷം തുടച്ചു നീക്കുന്ന ഒരു മഹാമാരി അടുത്ത 12,000 വർഷങ്ങൾക്കുള്ളിൽ സംഭവിക്കുമെന്നും ഇവർ പറയുന്നു.