ന്യൂഡൽഹി: പാൻഡോര രേഖകളിൽ കുടുങ്ങിയത് സച്ചിനും ബിസിനസ് ലോകത്തെയും വമ്പന്മാരും അടക്കമുള്ള വമ്പന്മാരാണ്. എന്നാൽ അഴിമതിപ്പണം വിദേശത്തേക്കു കടുത്തിയവരുടെ വിവരങ്ങളും പുറത്തുവരുന്നുണ്ട്. ആദായനികുതി മുൻ ചീഫ് കമ്മിഷണർ സുശീൽ ഗുപ്തയ്ക്കും ഇന്ത്യൻ റവന്യു സർവീസ് ഉദ്യോഗസ്ഥനായ ഹോമി രാജ്‌വംശിനും വിദേശത്ത് രഹസ്യസ്വത്തുണ്ടെന്നാണ് പാൻഡോറ രേഖകൾ വെളിപ്പെടുത്തി. ബ്രിട്ടിഷ് വെർജിൻ ദ്വീപുകളിൽ ഹോർഷാം ടെക്‌നോളജീസ് ലിമിറ്റഡ്, വയോറ ഇൻഡസ്ട്രീസ് എന്നീ പേരിൽ 2 ഓഫ്‌ഷോർ കമ്പനികളുണ്ടായിരുന്നുവെന്നാണ് രേഖ വ്യക്തമാക്കുന്നത്. ഇത് ഹോമിയുടെയും ഭാര്യയുടെയും പേരിലായിരുന്നു.

നാഷനൽ അഗ്രികൾചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (നാഫെഡ്) അഡീഷനൽ മാനേജിങ് ഡയറക്ടറായിരുന്ന സമയത്ത് ഹോമിക്കെതിരെ അഴിമതിക്കേസ് ചുമത്തുകയും 2011ൽ സിബിഐയുടെ അറസ്റ്റിലാവുകയും ചെയ്തു. തുടർന്ന് 2019 ൽ നിർബന്ധിതമായി വിരമിപ്പിച്ചു. ആദായ നികുതി ചീഫ് കമ്മിഷണറായിരുന്ന സുശീൽ ഗുപ്തയുടേതാണ് ബ്രിട്ടിഷ് വെർജിൻ ഐലൻഡിലെ അലൈഡ് ട്രേഡിങ് ലിമിറ്റഡ് എന്ന ഓഫ്‌ഷോർ കമ്പനി. 2017 ലാണ് സ്ഥാപനം രജിസ്റ്റർ ചെയ്തത്.

മുംബൈയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ നിരഞ്ജൻ ഹീരാനന്ദാനിക്കും കുടുംബത്തിനും 6 കോടി ഡോളർ ആസ്തിയുള്ള ഓഫ്‌ഷോർ ട്രസ്റ്റുമായി ബന്ധമുണ്ടെന്ന് രേഖ പറയുന്നു. ബ്രിട്ടിഷ് വെർജിൻ ദ്വീപുകളിലെ 3 കമ്പനികളുടെയെങ്കിലും ഡയറക്ടറാണ് നിരഞ്ജൻ. മകൻ ദർശൻ ഹീരാനന്ദാനി 25 കമ്പനികളിൽ ഡയറക്ടർ ആണ്. പ്രമുഖ അഭിഭാഷകനും ബിസിനസ് ഇന്ത്യ മാഗസിൻ സ്ഥാപകനുമായ ഹിരൂ അദ്വാനിക്കും ഭാര്യയ്ക്കും കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സെയ്ഷൽസിലും ബ്രിട്ടിഷ് വെർജിൻ ദ്വീപുകളിലും കമ്പനികളുണ്ട്. മുംബൈയിലെ ജൂവലറി ഗ്രൂപ്പായ ആന്റിക്‌സ് ഡയമണ്ട്‌സ് ഉടമകൾ രഹസ്യസമ്പത്ത് സൂക്ഷിക്കാനായി വമ്പൻ കമ്പനി ശൃംഖല രൂപീകരിച്ചുവെന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം പാൻഡോര രേഖകളുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളിൽ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് എന്നിവ ഉൾപ്പെടുന്ന മൾട്ടി-ഏജൻസി സംഘം അന്വേഷണം നടത്തുമെന്നാണ് സർ്ക്കാർ അറിയിച്ചിരിക്കുന്നത്. ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റുമായി (ഐസിഐജെ) മായി ചേർന്ന് ഇന്ത്യൻ എക്സ്‌പ്രസ് പുറത്തുകൊണ്ടുവന്ന ഓഫ്ഷോർ സാമ്പത്തിക രേഖകളിലാണ് കേന്ദ്ര സർക്കാർ തിങ്കളാഴ്ച അന്വേഷണത്തിന് ഉത്തരവിട്ടത്.

സമ്പത്ത് രഹസ്യമായി സൂക്ഷിച്ച് സാമ്പത്തിക ക്രമക്കേടുകൾ നടത്തുന്നതിനായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ അതിസമ്പന്നർ രാജ്യാന്തര തലത്തിൽ നൂതന മാർഗങ്ങൾ ഉപയോഗിക്കുന്നതായി തെളിയിക്കുന്ന രേഖകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ''പാൻഡോര രേഖകൾ എന്ന പേരിൽ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പാൻഡോര രേഖകൾ ചോർന്ന കേസുകളുടെ അന്വേഷണം സിബിഡിടി ചെയർമാനായ മൾട്ടി ഏജൻസി ഗ്രൂപ്പ് വഴി നിരീക്ഷിക്കുമെന്ന് സർക്കാർ ഇന്ന് നിർദ്ദേശിച്ചു,'' ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

സർക്കാർ ഈ സംഭവങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ഏജൻസികൾ ഈ കേസുകളിൽ അന്വേഷണം നടത്തുമെന്നും നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മറ്റു രാജ്യങ്ങളുമായി ബന്ധപ്പെടുമെന്നും മന്ത്രാലയം പറഞ്ഞു. എച്ച്എസ്‌ബിസി, പനാമ പേപ്പറുകൾ, പാരഡൈസ് പേപ്പറുകൾ തുടങ്ങി മുൻപ് പുറത്തു വന്ന ഇത്തരം രേഖകളെ തുടർന്ന് സർക്കാർ ഇതിനോടകം 2015ൽ കള്ളപ്പണവും (വെളിപ്പെടുത്താത്ത വിദേശ വരുമാനവും ആസ്തികളും) നികുതി ചുമത്തൽ നിയമവും നടപ്പിലാക്കിയിട്ടുണ്ടെന്ന് സർക്കാർ പറഞ്ഞു. കള്ളപ്പണം തടയുക, അല്ലെങ്കിൽ വെളിപ്പെടുത്താത്ത വിദേശ സ്വത്ത്, വരുമാനം എന്നിവയ്ക്ക് അനുയോജ്യമായ നികുതിയും പിഴയും ചുമത്തുക എന്നതാണ് നിയമം വഴി ലക്ഷ്യമിടുന്നത് എന്നും സർക്കാർ വ്യക്തമാക്കി.

പനാമ, പാരഡൈസ് പേപ്പറുകളിൽ നടത്തിയ അന്വേഷണത്തിൽ ഏകദേശം 20,352 കോടി രൂപയുടെ വെളിപ്പെടുത്താത്ത ആസ്തികൾ (15.09.2021 ലെ സ്ഥിതി) കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. അതേസമയം, കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കുന്ന സർക്കാരിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) നേതൃത്വം നൽകുന്ന രണ്ട് മുൻ സുപ്രീം കോടതി ജഡ്ജിമാർ പുതിയ വെളിപ്പെടുത്തലുകളിൽ ''നടപടി'' സ്വീകരിക്കുമെന്ന് വ്യക്തമാക്കി. 2014 ലെ ആദ്യ മന്ത്രിസഭായോഗത്തിന് ശേഷമാണ് മോദി സർക്കാർ എസ്‌ഐടി രൂപീകരിച്ചത്, ഇതുവരെ ഏഴ് റിപ്പോർട്ടുകളാണ് സംഘം സുപ്രീം കോടതിയിൽ സമർപ്പിച്ചത്.