തിരുവനന്തപുരം : പാങ്ങപ്പാറ കൈരളി നഗറിൽ ഒരുമിച്ച് താമസിക്കുകയായിരുന്ന യുവാവിനേയും യുവതിയേയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. ഇവരുടെ ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല.

വഞ്ചിയൂർ അമ്പലത്തു മുക്ക് സ്വദേശി സുനിൽ (45) ചേർത്തല സ്വദേശിനി റൂബി ബാബു (35) എന്നിവരെയാണ് വെള്ളിയാഴ്ച വൈകുന്നേരം 7 മണിയോടുകൂടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തിനോട് സുനിൽ ഫോണിൽ വിളിച്ച് റൂബി തൂങ്ങിമരിച്ചു ഞാനും മരിക്കുകയാണെന്നും പറഞ്ഞിരുന്നു ഇതറിഞ്ഞ സുഹൃത്ത് ഉടൻ തന്നെ ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു.

ശ്രീകാര്യം പൊലീസ് സുഹൃത്തുമായി സ്ഥലത്തെത്തിയപ്പോൾ വീടിന്റെ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു.വാതിൽ തുറന്ന് അകത്ത് കടന്ന് നോക്കുമ്പോൾ റൂബി ബാബു താഴത്തേ നിലയിൽ കഴുത്തിലെ കയർ അറുത്തു മാറ്റിയ നിലയിൽ കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ച നിലയിലും, സുനിൽ മുകളിലത്തെ നിലയിൽ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലുമായിരുന്നു കാണപ്പെട്ടത്.