കാബുൾ: അഫ്ഗാനിസ്ഥാനിലെ വടക്കുകിഴക്കൻ പ്രവിശ്യയായ പഞ്ച്ശീറിൽ പ്രതിരോധ സേനയുടെ ചെറുത്ത് നിൽപ്പിന് മുന്നിൽ അടിപതറി താലിബാൻ. കഴിഞ്ഞ ദിവസം 13 താലിബാൻ ഭീകരരെ കൊലപ്പെടുത്തിയെന്ന് പ്രതിരോധസേന ട്വീറ്റ് ചെയ്തു. താലിബാനുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനാൽ പോരാട്ടം തുടരുമെന്ന് പ്രതിരോധസേന വ്യക്തമാക്കിയിരുന്നു. പഞ്ച്ശീറിലെ ഗോത്ര നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതായി താലിബാനും അറിയിച്ചു.

'പഞ്ച്ഷീർ പ്രവിശ്യയിലെ ചിക്രിനോവ് ജില്ലയിൽ ദേശീയ പ്രതിരോധ സേനയുടെ ആക്രമണത്തിൽ 13 താലിബാൻ അംഗങ്ങൾ കൊല്ലപ്പെട്ടു, അവരുടെ ഒരു ടാങ്ക് നശിപ്പിച്ചു,' പ്രതിരോധ സേന ട്വിറ്ററിൽ അറിയിച്ചു. പഞ്ച്ഷീർ പ്രോവിൻസ് എന്ന ട്വിറ്റർ അക്കൗണ്ടിൽ കൂടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രദേശത്ത് പോരാട്ടം തുടരുകയാണ്.

 

അഫ്ഗാൻ പിടിച്ചടക്കിയെങ്കിലും ഇപ്പോഴും താലിബാന് മുമ്പിൽ പ്രതിരോധം തീർത്ത് പോരാട്ടം തുടരുകയാണ് വടക്കുകിഴക്കൻ പ്രവിശ്യയായ പഞ്ച്ഷീറിലെ പ്രതിരോധ സേന. നേരത്തെ താലിബാനുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധസേന പോരാട്ടം തുടരുമെന്ന് നാഷണൽ റെസിറ്റന്റ്‌സ് ഫ്രണ്ട് വ്യക്തമാക്കിയിരുന്നു.

പഞ്ച്ഷീറിലെ പ്രാദേശിക നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടുവെന്ന് താലിബാൻ മാർഗ്ഗ നിർദ്ദേശ കമ്മീഷൻ വക്താവ് മുല്ല ആമിർ ഖാൻ മൊതാഖി പറഞ്ഞതായി പ്രാദേശിക മാധ്യമമായ ഖാമാ പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.

കാബൂളിന് 90 മൈൽ വടക്ക് ഹിന്ദുകുഷ് പർവതനിരകളിലാണ് പഞ്ച്ശീർ താഴ്‌വര. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ മിന്നലാക്രമണം നടത്തിയിട്ടും പ്രതിരോധത്തിന്റെ ഈ ശക്തികേന്ദ്രത്തെ കീഴ്‌പ്പെടുത്തുന്നതിൽ താലിബാൻ പരാജയപ്പെടുകയായിരുന്നു. അതേസമയം കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടക്കുന്ന പോരാട്ടത്തിൽ ഇരു വിഭാഗങ്ങളിലുള്ളവർക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും താലിബാൻ വ്യക്തമാക്കി.

പഞ്ചശീറിലെ ഖവാക്ക്, ജബർ സരാജ്, ബഗ്ലാനിലെ അന്ദരാബ് എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ രൂക്ഷമായത്. ചൊവ്വാഴ്ച രാത്രിയിലുടനീളം ഇരുവിഭാഗങ്ങളും തമ്മിൽ ശക്തമായ വെടിവയ്‌പ്പുണ്ടായി. പഞ്ചശീർ താഴ്‌വരയിലേക്കുള്ള പ്രവേശന കവാടമായ ഗുൽബഹർ പ്രദേശത്ത് വടക്കൻ സഖ്യസേനയുടെ നേതാവ് അഹമ്മദ് മസൂദ് തന്നെയാണ് താലിബാനെതിരേ വടക്കൻ സഖ്യസേനയെ നയിക്കുന്നത്. എന്നാൽ, പഞ്ചശീർ വളഞ്ഞതായി താലിബാനും അവകാശപ്പെടുന്നു.

കാബൂൾ വിമാനത്താവളം താലിബാൻ ഏറ്റെടുത്തതോടെ ഇവിടെ തമ്പടിച്ചിരുന്ന ആയിരങ്ങൾ രക്ഷ തേടി അതിർത്തി വഴി അയൽ രാജ്യങ്ങളിലേക്ക് പലായനം തുടങ്ങി. ബാങ്കിൽ നിന്ന് പരമാവധി പണം പിൻവലിച്ച് എങ്ങനെയെങ്കിലും താലിബാൻ പിടിയിൽ നിന്നു രക്ഷപ്പെടുകയാണ് എല്ലാവരുടെയും ലക്ഷ്യം.

അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചതോടെ കാബൂളിലെ വനിതാ മാധ്യമപ്രവർത്തകരുടെ എണ്ണം വൻതോതിൽ കുറഞ്ഞു. താലിബാന്റെ ഭീഷണിയും വിലക്കുമാണ് കാരണം. മുമ്പ് 700 വനിതാ മാധ്യമപ്രവർത്തകർ വരെയുണ്ടായിരുന്ന സ്ഥലത്ത് ഇവർ നൂറിൽ താഴെയായി.

വനിതാ മാധ്യമപ്രവർത്തകർ പുറത്തു പോകുന്നത് തടയുകയും വീട്ടിലിരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ് താലിബാൻ. കഴിഞ്ഞ വർഷം വരെ അഫ്ഗാനിലെ എട്ട് മാധ്യമ സ്ഥാപനങ്ങളിലായി 510 സ്ത്രീകളാണ് ഉണ്ടായിരുന്നത്. താലിബാൻ ഭരണം പിടിച്ചതോടെ ഇവർ 76 ആയി. ഇവരിൽ 39 പേർ ജേണലിസ്റ്റുകളാണ്.