കണ്ണൂർ: കണ്ണൂർ പാനൂരിൽ ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് തെളിവുകൾ കിട്ടി. അറസ്റ്റിലായ ഷിനോസിന്റെ ഫോണിൽ നിന്നാണ് നിർണായക വിവരങ്ങൾ കിട്ടിയത്. ആക്രമണം നടന്നയിടത്തു നിന്നാണ് ഫോൺ കണ്ടെടുത്തത്. ഇത് ഷിനോസിന്റെതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി സന്ദേശങ്ങൾ ഫോണിൽ നിന്ന് ഡിലീറ്റ് ആയിട്ടുണ്ടെങ്കിലും ഇത് വീണ്ടെടുക്കുന്നതോടെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് കരുതപ്പെടുന്നു. നിലവിൽ ഫോൺ സൈബർ സെല്ലിന് കൈമാറിയിരിക്കുകയാണ്.

കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെല്ലാം വാട്സ് ആപ്പിലൂടെയാണെന്നാണ് സൂചന. കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്സിനെ ലക്ഷ്യമിട്ടുള്ള സന്ദേശങ്ങൾ ആണ് ഫോണിൽ ഉണ്ടായിരുന്നത്. അക്രമത്തിനായുള്ള ബോംബ് മുതലായ ആയുധങ്ങളെല്ലാം ശേഖരിച്ചത് വാട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെ ആണെന്ന് പൊലീസ് അനുമാനിക്കുന്നു. കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്‌സിന് പണികൊടുക്കണമെന്ന തരത്തിലുള്ള സന്ദേശങ്ങൾ വാട്‌സാപ്പിലുണ്ട്.അക്രമികളെയെല്ലാവരെയും കണ്ടാൽ തിരിച്ചറിയാമെന്ന് മൻസൂറിന്റെ സഹോദരൻ മുഹ്‌സിൻ പറയുന്നു. 'അക്രമിസംഘത്തിൽ അറിയാവുന്ന ആളുകളാണ് പരമാവധി ഉള്ളത്. അവരെല്ലാവരും ചുറ്റുമുള്ളവർ തന്നെയാണ്. ഇതിൽ പത്തിരുപത് പേരെയെങ്കിലും എനിക്കറിയാവുന്നതാണ്' എന്നായിരുന്നു മുഹ്‌സിൻ പറഞ്ഞത്.

നിലവിൽ ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുന്ന കേസ് അന്വേഷിക്കുന്നത്. ഡിവൈഎസ്‌പി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ്.മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന 24 പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. കണ്ണൂർ, പാനൂർ മേഖലകളിലാണ് പ്രതികൾക്കായി പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തുന്നത്. സംഭവത്തിന് ദൃക്‌സാക്ഷികളായ എല്ലാവരുടെയും മൊഴി വിശദമായി രേഖപ്പെടുത്തും. ഇതിന് ശേഷം പ്രതിപ്പട്ടിക വിപുലപ്പെടുത്തും. നാട്ടുകാരും ലീഗ് പ്രവർത്തകരും ചേർന്ന് പിടിച്ചുകൊടുത്ത ഒരു പ്രതിയല്ലാതെ മറ്റാരെയും പൊലീസ് ഇതുവരെ കസ്റ്റഡിയിൽ പോലും എടുത്തിട്ടില്ലെന്ന് കോൺഗ്രസ് ആരോപണമുന്നയിച്ചിരുന്നു.

പൊലീസിനെതിരെ വിമർശനം ശക്തമായ സാഹചര്യത്തിൽ അന്വേഷണസംഘത്തെ രണ്ടായി തിരിച്ചാണ് പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നത്. രണ്ട് സിഐമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളായാണ് പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചിട്ടുള്ളത്. കേസിന്റെ ന്വേഷണച്ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഇസ്മായീൽ ഇന്നലെ രാത്രി മുഹ്‌സിനെ ആശുപത്രിയിലെത്തി കണ്ടിരുന്നു. മുഹ്‌സീനിൽ നിന്ന് വിശദമായ മൊഴിയും ഡിവൈഎസ്‌പി രേഖപ്പെടുത്തി. മൻസൂറിന്റെ വീട്ടിലെത്തി ചുറ്റുമുള്ളവരുടെയും കുടുംബാംഗങ്ങളുടെയും വിശദമായ മൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘം എത്തുന്നുണ്ട്.