പത്തനംതിട്ട: തങ്ങളെ വിശ്വസിച്ച് ലക്ഷങ്ങളും കോടികളും നിക്ഷേപിച്ചവരോട് വൻ ചതിയാണ് കോന്നി വകയാർ പോപ്പുലർ ഫിനാൻസ് ഉടമകൾ കാണിച്ചത്. കമ്പനി നഷ്ടത്തിലാണെന്ന വാർഷിക റിപ്പോർട്ട് സമർപ്പിച്ച ഉടമകൾ ആ വിവരം പക്ഷേ, നിക്ഷേപകരിൽ നിന്ന് മറച്ചു വച്ചു. അതിന് ശേഷവും കോടികൾ നിക്ഷേപമായി സ്വീകരിക്കുകയും ചെയ്തു. വളരെ ആസൂത്രിതമായിട്ടാണ് കമ്പനി നിക്ഷേപകരിൽ നിന്ന് പണം തട്ടിയത്. നേരത്തേ ചിട്ടി മാത്രം നടത്തിയിരുന്ന പോപ്പുലർ ഫിനാൻസ് പിന്നീട് സ്ഥിരം നിക്ഷേപത്തിലേക്ക് തിരിയുകയായിരുന്നു.

അടുത്ത കാലത്ത് ഇത്തരം സ്ഥാപനങ്ങൾക്ക് ആർബിഐ നിയന്ത്രണം ഏർപ്പെടുത്തി. അതോടെ സ്ഥിരനിക്ഷേപം സ്വീകരിക്കുന്നത് അവസാനിപ്പിക്കേണ്ടി വന്നു. എന്നാൽ, വളരെപ്പെട്ടെന്ന് തന്നെ അതിനൊരു പരിഹാരവും ഇവർ കണ്ടെത്തി. അതാണിപ്പോൾ തട്ടിപ്പിൽ അവസാനിച്ചിരിക്കുന്നതും. ലിമിറ്റഡ് കമ്പനി രൂപീകരിച്ച് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാതെ തന്നെ ഓഹരി മറ്റുള്ളവർക്ക് വിറ്റ് പണം ശേഖരിക്കുകയാണ് ചെയ്തിരിക്കുന്നത്. അതിനായി നിധി ലിമിറ്റഡ് പോലെയുള്ള പേര് സ്വീകരിച്ചു.

മറ്റ് നോൺ ബാങ്കിങ് സ്ഥാപനങ്ങൾക്കുള്ളതു പോലെ ഇവയ്ക്ക് വലിയ നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടില്ല. തട്ടിപ്പിന് അതും കരുത്തായി. നിക്ഷേപത്തിനുള്ള സർട്ടിഫിക്കറ്റിന് പകരം പോപ്പുലറിന്റെ തന്നെ വിവിധ കടലാസ് കമ്പനികളുടെ ഷെയർ രസീതാണ് നൽകിയിരുന്നത്. പണം നിക്ഷേപിച്ചവർ ഇത് ഫിക്സഡ് ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ് ആണെന്നാണ് കരുതിയിരുന്നത്. ഈ രസീതുകളിൽ വ്യക്തമായി പറയുന്നത് ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പിലേക്ക് (എൽ.എൽ.പി) നിശ്ചിത തുക നിക്ഷേപകന്റെ ഷെയറായി നൽകിയിരിക്കുന്നുവെന്നാണ്. 12 ശതമാനം ഓഹരി ലാഭം (ഷെയർ പ്രോഫിറ്റ്) ആണ് രസീതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനർഥം ലാഭമുണ്ടായാലും നഷ്ടമുണ്ടായാലും നിക്ഷേപകൻ സഹിക്കണമെന്നാണ്.

പോപ്പുലർ ട്രേഡേഴ്സ്, മൈ പോപ്പുലർ മറൈൻ പ്രൊഡക്ട്സ് എൽ.എൽ.പി, മേരി റാണി പോപ്പുലർ നിധി ലിമിറ്റഡ്, സാൻസ് പോപ്പുലർ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ്, വകയാർ ലാബ്സ് എന്നിങ്ങനെയാണ് തട്ടിപ്പിന് കമ്പനികൾ രൂപീകരിച്ചത്. സ്ഥിര നിക്ഷേപമാണെന്ന് കരുതി പണം ഇടുന്നവർക്ക് പോപ്പുലർ ഫിനാൻസിന്റെ ഒരു രേഖയും നൽകിയിരുന്നില്ല. പകരം നൽകിയിരുന്ന വിവിധ കമ്പനികളുടെ പേരിലുള്ള രസീതിൽ സർട്ടിഫിക്കേറ്റ് ഓഫ് കോൺട്രിബ്യൂഷൻ ടു എൽഎൽപി എന്നാണ് എഴുതിയിരുന്നത്. ഇത് നിക്ഷേപ സർട്ടിഫിക്കറ്റാണെന്നാണ് അറിവും വിവരവുമുള്ളവർ പോലും വിചാരിച്ചിരുന്നത്.

ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ ഒരു വീട്ടമ്മ 98 ലക്ഷം രൂപയാണ് നിക്ഷേപിച്ചിരുന്നത്. ഇവർ പരാതിയുമായി എത്തിയപ്പോൾ പൊലീസുകാർ പോലും ഞെട്ടി. ഇത്രയും വലിയ തുക എവിടെ നിന്ന്? എന്തിന് ഇവിടെ നിക്ഷേപിച്ചു എന്ന ചോദ്യങ്ങൾ ഉത്തരമില്ലാതെ തുടരുന്നു. പാവപ്പെട്ട കൂലിപ്പണിക്കാരൻ മുതൽ വമ്പൻ കള്ളപ്പണക്കാർ വരെ പോപ്പുലർ ഫിനാൻസിൽ പണം നിക്ഷേപിച്ചിരുന്നു. 12 ശതമാനം പലിശയെന്ന വാഗ്ദാനത്തിലാണ് പലരും മയങ്ങിപ്പോയത്. മക്കളുടെ വിവാഹം, പഠനം, വീടു പണി തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി സ്വരൂപിച്ച പണവും ഇക്കൂട്ടത്തിൽ ഉൾപ്പെടും.

തട്ടിപ്പുകേസിൽ ഉടമയുടെ രണ്ടുമക്കൾ പിടിയായിട്ടുണ്ട്. ഡൽഹി വിമാനത്താവളം വഴി കടക്കാൻ ശ്രമിക്കവെ റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരാണ് പിടിയിലായത്. റിനു സ്ഥാപനത്തിന്റെ സിഇഒയാണ്. റിയ ഡയറക്ടർ ബോർഡ് അംഗമാണ്. ഇവർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതേസമയം കോന്നി വകയാറിലുള്ള ആസ്ഥാനത്ത് ജപ്തി നടപടികൾ ആരംഭിച്ചു. നിക്ഷേപകർക്ക് ഈട് നൽകണമെന്നു കാട്ടി പത്തനംതിട്ട സബ് കോടതി സ്ഥാപനത്തിൽ നോട്ടിസ് പതിച്ചു. രാവിലെ പത്തിനാണ് കോന്നി സിഐയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്‌ക്കെത്തിയത്. തൊട്ടുപിന്നാലെ കോടതിയിൽ നിന്ന് ഉദ്യോഗസ്ഥരെത്തി നോട്ടിസ് പതിച്ചു. വിവിധ ജില്ലകളിൽ നിന്ന് പ്രതിഷേധവുമായി നിക്ഷേപകരും സ്ഥാപനത്തിനുമുന്നിൽ നിരന്നു.

പണം നഷ്ടമായവർ പ്രത്യക്ഷസമരത്തിനിറങ്ങി. നാളെ ഓഫിസിനുമുന്നിൽ നിക്ഷേപകർ മാർച്ചും ധർണയും നടത്തും. സാമ്പത്തിക തട്ടിപ്പുകേസ് അടൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘംമാണ് അന്വേഷിക്കുന്നത്. 2000 കോടിയിലേറെ രൂപയുടെ തട്ടിപ്പുനടത്തി എന്നാണ് പ്രാഥമിക കണ്ടെത്തൽ. വിവിധ സ്റ്റേഷനുകളിലായി മുന്നൂറിൽപ്പരം പരാതികളാണ് ലഭിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു പ്രവർത്തനം സ്തംഭിച്ച പോപ്പുലർ ഫിനാൻസ്, സബ് കോടതിയിൽ പാപ്പർ ഹർജി ഫയൽ ചെയ്തിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി അടുത്ത മാസം ഏഴിനു കേസ് വീണ്ടും പരിഗണിക്കും.പോപ്പുലർ ഫിനാൻസ്, പോപ്പുലർ എക്‌സ്പോർട്സ്, പോപ്പുലർ ഡീലേഴ്‌സ്, മാനേജിങ് പാർട്‌നർ തോമസ് ഡാനിയേൽ, പോപ്പുലർ മിനി ഫിനാൻസ്, പോപ്പുലർ പ്രിന്റേഴ്‌സ് എന്നീ പേരിലാണ് പാപ്പർ ഹർജി നൽകിയത്. ഹർജി കോടതി അംഗീകരിച്ചാൽ രാജ്യത്തെ നിയമ നടപടികളിൽ നിന്ന് സ്ഥാപന ഉടമകൾക്ക് സംരക്ഷണം ലഭിക്കും. സ്ഥാപനത്തിന്റെ സ്വത്തുവകകൾ ജപ്തി ചെയ്തു നിക്ഷേപകർക്ക് കോടതി വഴി തുക വിതരണം ചെയ്യും.

1965ൽ ടി.കെ. ഡാനിയേൽ എന്നയാൾ വകയാറിൽ ആരംഭിച്ച ചിട്ടിക്കമ്പനിയാണ് പോപ്പുലർ ഫിനാൻസ് എന്ന പേരിൽ വളർന്നത്. ചിട്ടിക്കമ്പനിക്കൊപ്പം സ്വർണം പണയത്തിന്മേൽ വായ്പകളും നൽകിയിരുന്നു. പിതാവിന് പിന്നാലെ മകൻ തോമസ് ഡാനിയേൽ എന്ന റോയ് ഡാനിയേൽ സ്ഥാപനത്തിന്റെ നേതൃത്വം ഏറ്റെടുത്തതോടെ സ്വർണപണ്ട പണയത്തിന് പുറമേ പലമേഖലകളിലേക്കും ബിസിനസ് വ്യാപിപ്പിച്ചു. നിലവിൽ കേരളത്തിന്റെ വിവിധയിടങ്ങളിലായി 274 ബ്രാഞ്ചുകളാണ് ഈ കമ്പനിക്കുള്ളത്. ജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിച്ച കമ്പനി കാലാവധി കഴിഞ്ഞ നിക്ഷേപങ്ങൾ മടക്കിനൽകാതായതോടെയാണ് പരാതികൾ ഉയർന്നുവന്നത്. ഒന്നും രണ്ടും പരാതികൾ ദിവസങ്ങൾ പിന്നിട്ടപ്പോൾ നൂറിനടുത്തായി. ഇതോടെ സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണറായ തോമസ് ഡാനിയൽ, ഭാര്യയും സ്ഥാപനത്തിന്റെ പാർട്ണറുമായ പ്രഭ ഡാനിയേൽ എന്നിവർ മുങ്ങുകയും ചെയ്തു.

കാലാവധി കഴിഞ്ഞ നിക്ഷേപങ്ങൾ മടക്കി നൽകാത്തതിന് കോന്നി പൊലീസ് സ്റ്റേഷനിലാണ് ആദ്യം ഇരുവർക്കുമെതിരേ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തത്. കേരളത്തിലും പുറത്തും വിദേശ മലയാളികൾക്കുമായി 1600-ന് മേൽ നിക്ഷേപകർക്ക് പണം കൊടുക്കാനുള്ളതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. 100 പേർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. 60 പേർ പരാതി അറിയിച്ചു. 100 കോടി രൂപയ്ക്ക് മേൽ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.