കൊച്ചി: സംസ്ഥാനത്തെ പാറമടകളിൽ നിന്ന് ജി.എസ്.ടി. ബിൽ നൽകുന്നില്ലെന്നു പരാതി. ഇതു മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് സർക്കാരിനുണ്ടാകുന്നത്. പാറമടയിൽനിന്ന് ജി.എസ്.ടി. ബിൽ നൽകാത്തതിനാൽ ഇതുപ്രകാരമുള്ള ഇളവ് നഷ്ടമാകുന്നതായി നിർമ്മാണക്കരാറുകാരും പറയുന്നു. കോടതിയുടെ നിർദ്ദേശമാണ് അട്ടിമറിക്കപ്പെടുന്നത്. പാറ ഉത്പന്നങ്ങൾക്ക് അഞ്ചുശതമാനമാണ് ജി.എസ്.ടി. സംസ്ഥാനത്താകെ വലുതും ചെറുതുമായി മൂവായിരത്തോളം പാറമടകളാണ് പ്രവർത്തിക്കുന്നത്.

ക്വാറികളിൽ നിന്നും ക്രഷർ യൂണിറ്റുകളിൽ നിന്നും പുറത്തുപോകുന്ന ഉത്പന്നങ്ങൾക്ക് ജി.എസ്.ടി. ബിൽ സഹിതം പാസ് നൽകണമെന്നാണ് നിയമം. ജിയോളജിസ്റ്റുകൾ പരിശോധന നടത്തിയശേഷം പുറത്തേക്കുപോകുന്ന ലോഡുകൾക്ക് പാസ് നൽകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതൊന്നും നടപ്പാകുന്നില്ല. ജി.എസ്.ടി. ബിൽ വേണമെന്ന് ആവശ്യപ്പെട്ടാൽ പാറമടയിൽനിന്നും ക്രഷറിൽനിന്നും ഉത്പന്നം കിട്ടാത്ത അവസ്ഥയാണെന്ന് ടിപ്പർ, ജെ.സി.ബി. ഓണേഴ്സ് ഡ്രൈവേഴ്സ് അസോസിയേഷൻ ആരോപിച്ചു.

ജി.എസ്.ടി. ബിൽ നൽകിയാൽ കരാറുകാർക്ക് സർക്കാർ അത് അന്തിമബില്ലിൽ കുറവുചെയ്തുനൽകും. ബിൽ നൽകാത്തതിനാൽ ഇത് ലഭിക്കുന്നില്ല. ജി.എസ്.ടി. അടക്കമുള്ള തുകയാണ് വിലയായി ഈടാക്കുന്നതെന്നും കരാറുകാർ പറഞ്ഞു.