തിരുവനന്തപുരം: പാരസിറ്റമോൾ ഗുളികക്ക് അമിത വില ഈടാക്കിയ കേസിൽ മെഡിക്കൽ ഷോപ്പുടമയെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് അവശ്യ സാധന നിയമപ്രകാരം കേസെടുത്ത് പ്രതിയെ ഹാജരാക്കാൻ ഉത്തരവിട്ടത്. കവഡിയാർ കുറവൻകോണം സുന്ദരവിലാസം കോംപ്ലക്‌സിൽ സൂര്യ മെഡിക്കൽസ് ഉടമ എ.കെ. സലീമാണ് കേസിലെ പ്രതി. പ്രതിയെ ഡിസംബർ 15 ന് ഹാജരാക്കാൻ സ്‌പെഷ്യൽ ഇന്റലിജന്റ്‌സ് ബ്രാഞ്ച് ഡ്രഗ്‌സ് ഇൻസ്‌പെക്ടറോടാണ് കോടതി ഉത്തരവിട്ടത്.

തിരുവനന്തപുരം ഡ്രഗ്‌സ് കൺട്രോളർ ഓഫീസിലെ ഡ്രഗ് ഇൻസ്‌പെക്ടർ എം.ജി. മണി വീണ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 190 പ്രകാരം സമർപ്പിച്ച സ്വകാര്യ അന്യായ പ്രകാരമാണ് കോടതി നേരിട്ട് കേസെടുത്തത്. 1955 ൽ നിലവിൽ വന്ന അവശ്യ സേവന നിയമത്തിലെ വകുപ്പ് 3 അവലംബിച്ചുള്ള 2013 ലെ മരുന്ന് (വില നിയന്ത്രണ) ഉത്തരവിലെ അനുച്ഛേദം 26 ലംഘിച്ചതിന് അവശ്യ സാധന നിയമത്തിലെ ശിക്ഷാ വകുപ്പ് 7 ചുമത്തിയാണ് മെഡിക്കൽ ഷോപ്പുടമയെ പ്രതി ചേർത്ത് കോടതി കേസെടുത്തത്. കുറ്റ സ്ഥാപനത്തിൽ ഒരു വർഷം വരെ തടവും പിഴയും ശിക്ഷിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസ്.

2016 ഏപ്രിൽ 26 ലാണ് കേസിനാസ്പമായ സംഭവം നടന്നത്. 26.93 രൂപ എം.ആർ.പി.(പരമാവധി ചില്ലറ വിൽപ്പന വില) യുള്ള 15 എണ്ണം ' ഡോളോ 650 ' ഗുളികക്ക് 6.52 രൂപ അമിതമായി ഈടാക്കി 33.45 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് വിറ്റ സംഭവമാണ് കേസിനാധാരം. 2016 ഏപ്രിൽ 26 ന് തിരുവനന്തപുരം ഡ്രഗ്‌സ് കൺട്രോളർ ഓഫീസിൽ ലഭിച്ച ഒറിജനൽ ബിൽ സഹിതമുള്ള പരാതിയിലാണ് ഡ്രഗ്‌സ് ഇൻസ്‌പെക്ടർ മെഡിക്കൽ സ്റ്റോറിൽ പരിശോധന നടത്തിയത്. മെസിക്കൽ സ്റ്റോറിലെ ബിൽ കോപ്പിയും അസ്സൽ പരാതി ബില്ലും ഒത്തു നോക്കി പരിശോധിച്ചതിൽ പ്രതി 33.45 രൂപ ഈടാക്കിയതായി കണ്ടെത്തി.

ഡോളോ 650 ഗുളികകൾ എന്നത് പാരസിറ്റമോൾ ഐ പി 650 മില്ലിഗ്രാം ആണ്. ഇന്ത്യാ ഗവൺമെന്റിന്റെ 2016 മാർച്ച് 29 ലെ ഗസറ്റ് വിജ്ഞാപന നമ്പർ സർക്കാർ ഉത്തരവ് നമ്പർ 1254 (ഇ) പ്രകാരം 2016 ഏപ്രിൽ 1 മുതൽ ഒരു ഗുളികക്ക് നികുതി ഉൾപ്പെടെ 1.71 രൂപയാണ് ഇന്ത്യാ ഗവൺമെന്റ് നിഷ്‌ക്കർശിച്ചിട്ടുള്ള വിൽപന വില. അതിനാൽ 15 ഗുളികൾക്ക് 5 % പ്രാദേശിക നികുതി അടക്കം 26.93 രൂപ (1.71 രൂപ ത 15 + 5 % നികുതി) മാത്രമേ ചില്ലറ വിൽപ്പനക്കാരനായ മെഡിക്കൽ സ്റ്റോറുടമ വാങ്ങാൻ പാടുള്ളു. എന്നാൽ ഇവിടെ ചില്ലറ വിൽപ്പനക്കാരൻ 15 ഗുളികകൾക്ക് 6.52 രൂപ അമിതമായി ഈടാക്കി നിയമവിരുദ്ധമായി 33.45 രൂപയ്ക്ക് വിറ്റുവെന്ന് ഡ്രഗ് ഇൻസ്‌പെക്ടർ കോടതിയിൽ സമർപ്പിച്ച സ്വകാര്യ അന്യായത്തിൽ പറയുന്നു.

സ്റ്റോറിലുണ്ടായിരുന്ന ഡോളോ 650 ഗുളികകളുടെ സ്റ്റോക്കും 2016 ഏപ്രിൽ 26 ലെ വിൽപന ബില്ലിന്റെ കാർബൺ കോപ്പിയും മരുന്ന് വാങ്ങൽ റെക്കോർഡുകളും റിക്കവറി മഹസർ സഹിതം തയ്യാറാക്കി തൊണ്ടിയ'യി ഏപ്രിൽ 27 ന് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. അയവ തൊണ്ടി നമ്പർ 95/2016 ആയി മുദ്രപ്പടി കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.

സൂര്യ മെഡിക്കൽസിന് 2016 ഫെബ്രുവരി 29 ലെ ഇൻവോയ്‌സ് പ്രകാരം കൃത്യ മരുന്ന് വിതരണം ചെയ്തത് ആറ്റിങ്ങൽ ആമി ഫാർമയാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. എം ആർ പി സ്ഥിരീകരിക്കാൻ ഡോളോ 650 ന്റെ ഉൽപാദകരായ തെക്കൻ സിക്കിം മാംറിംഗിലുള്ള മൈക്രോ ലാബ്‌സ് ലിമിറ്റഡിന്റെ ഫ്രാഞ്ചൈസി ആയ കൊച്ചി ഇടപ്പള്ളി മൈക്രോ ലാബ്‌സ് ലിമിറ്റഡിനോട് പ്രൈസ് ലിസ്റ്റ് അടങ്ങിയ ഫോറം അഞ്ച് ഹാജരാക്കാൻ ഡ്രഗ് ഇൻസ്‌പെക്ടർ ആവശ്യപ്പെട്ടു. 2013 ലെ ഡ്രഗ്‌സ് (പ്രൈസ് കൺട്രോൾ) ഉത്തരവിലെ വ്യവസ്ഥകൾ അനുസരിച്ച് കാലാകാലങ്ങളിൽ ഗവൺമെന്റ് ഇറക്കുന്ന ഗസറ്റ് വിജ്ഞാപന പ്രകാരം എല്ലാ ഉൽപാദകരും ഫോറം 5 ൽ എം ആർ പി വില നിർണയ ലിസ്റ്റ് ഡീലർമാർക്കും സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർമാർക്കും സർക്കാരിനും നൽകേണ്ടതുണ്ട്.

അപ്രകാരം ഫോറം 5 ലുള്ള വില വിവര പട്ടിക കൺസൈനീ ഏജന്റ് ആയ മൈക്രോ ലാബ്‌സ് ലിമിറ്റഡ് ഹാജരാക്കിയത് പരിശോധിച്ചതിൽ ' ഡോളോ 650 ''ഗുളികയുടെ 15 എണ്ണത്തിന്റെ എം ആർ പി 26.93 രൂപയാണെന്ന് സ്ഥിരീകരിച്ചതായും ഡ്രഗ് ഇൻസ്‌പെക്ടർ കോടതിയിൽ സമർപ്പിച്ച പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 2018 ജനുവരി 25 നാണ് കോടതിയിൽ അന്യായം ഫയൽ ചെയ്തത്. 2021 മെയ് 27 നും സെപ്റ്റംബർ 2 നും കേസ് പരിഗണിച്ചെങ്കിലും കോവിഡ് വ്യാപന പഞ്ചാത്തലത്തിൽ ഡിസംബർ 15 ലേക്ക് നോട്ടിഫിക്കേഷനിൽ കേസ് മാറ്റുകയായിരുന്നു.

കാൻസറടക്കമുള്ള മാരകരോഗങ്ങൾക്കുള്ള മരുന്നുകൾ ക്ക് അമിത വില ഈടാക്കുന്നുവെന്ന വ്യാപക പരാതിയിൽ ഡഗ്‌സ് കൺട്രോൾ വകുപ്പ് ഉദ്യോഗസ്ഥർ 2018 ഏപ്രിൽ 4 ന് സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകളിലും സർജിക്കൽ ഉപകരണ വിൽപ്പന കേന്ദ്രങ്ങളിലും സംയുക്ത റെയ്ഡ് നടത്തി വിവിധ ജില്ലകളിലായി 22 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.