ടോക്കിയോ: ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി പാരാലിംപിക്‌സിൽ ഇന്ത്യൻ കുതിപ്പ്. ഇന്നുവരെയുള്ള ഏറ്റവും മികച്ച മെഡൽനേട്ടവുമായാണ് ഇന്ത്യൻ സംഘം ടോക്യോവിൽ നിന്നും മടങ്ങുന്നത്. റെക്കോർഡ് മെഡൽ വേട്ട അവസാന ദിനവും തുടർന്ന ഇന്ത്യ, അഞ്ച് സ്വർണവും എട്ടു വെള്ളിയും ആറു വെങ്കലവും ഉൾപ്പെടെ 19 മെഡലുകളുമായി പോരാട്ടം അവസാനിപ്പിച്ചത്. അവസാന ദിനം പുരുഷ ബാഡ്മിന്റനിൽ സ്വർണവും വെള്ളിയും നേടിയതോടെയാണ് ഇന്ത്യയുടെ മെഡൽവേട്ട 19 ൽ എത്തിയത്.

ഇതിനു മുൻപ് മത്സരിച്ച എല്ലാ പാരാലിംപിക്‌സുകളിൽ നിന്നുമായി ആകെ 12 മെഡലുൾ മാത്രമാണ് ഇന്ത്യൻ താരങ്ങൾ നേടിയിട്ടുള്ളത്. നാലു വീതം സ്വർണം, വെള്ളി, വെങ്കലം എന്നിങ്ങനെയായിരുന്നു ഈ നേട്ടം.എന്നാൽ ഇത്തവണ മാത്രം അഞ്ച് സ്വർണം, 8 വെള്ളി, 6 വെങ്കലം ഉൾപ്പടെ 19 മെഡലുകൾ ഇന്ത്യൻ സംഘം അക്കൗണ്ടിൽ ചേർത്തു.ഇതോടെ മെഡൽ പട്ടികയിൽ 24-ാം സ്ഥാനമെന്ന അഭിമാനകരമായ നേട്ടവും രാജ്യത്തിന് സ്വന്തമായി.

രാജ്യാന്തര കായിക മേളകളിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മെഡൽ നേട്ടമെന്ന റെക്കോഡും ടോക്യോ പാരാലിമ്പിക്സ് സംഘത്തിനാണ്. 2018-ലെ യൂത്ത് ഒളിമ്പിക്സിൽ നേടിയ 13 മെഡലുകളെന്ന നേട്ടമാണ് ഇത്തവണ തിരുത്തപ്പെട്ടത്. 1968-ലാണ് ഇന്ത്യ ആദ്യമായി പാരാലിമ്പിക്സിൽ മത്സരിക്കുന്നത്. 2016 റിയോ പാരാലിമ്പിക്സ് വരെ ഇന്ത്യയ്ക്ക് ആകെ നേടാനായിരുന്നത് 12 മെഡലുകൾ മാത്രമായിരുന്നു എന്നറിയുമ്പോഴാണ് ഇത്തവണ ടോക്യോയിലെ നേട്ടം എത്രത്തോളം വലുതാണെന്ന് നാം തിരിച്ചറിയുന്നത്.

ഇത്തവണ ഇന്ത്യയുടെ രണ്ടു താരങ്ങൾ ഇരട്ട മെഡൽ നേട്ടവും ആഘോഷിച്ചു. ഷൂട്ടിങ്ങിൽ അവനി ലേഖറ സ്വർണവും വെങ്കലവും നേടിയപ്പോൾ സിങ് രാജ് അധാന വെള്ളിയും വെങ്കലവും സ്വന്തമാക്കി.അത്ലറ്റിക്സിൽ എട്ടും ഷൂട്ടിങ്ങിൽ അഞ്ചും ബാഡ്മിന്റണിൽ നാലും അമ്പെയ്ത്ത്, ടേബിൾ ടെന്നീസ് ഇനങ്ങളിൽ ഒന്നു വീതവുമാണ് ഇത്തവണ ഇന്ത്യയുടെ മെഡൽ നേട്ടം.

ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യൻ സംഘം ഏഴു മെഡലുകളുമായി ചരിത്രം കുറിച്ച നാട്ടിൽ തന്നെ പാരാലിമ്പിക് സംഘവും ചരിത്രമെഴുതി. 19 താരങ്ങളുമായി റിയോ പാരാലിമ്പിക്സിനെത്തി നാല് മെഡലുകളുമായി മടങ്ങിയ നേട്ടവും ഇന്ത്യ ഇത്തവണ തിരുത്തി.ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ അഞ്ചുവരെയായിരുന്നു ഇത്തവണത്തെ പാരാലിമ്പിക്‌സ്.

ഇന്ത്യയുടെ അഭിമാനങ്ങളെ പരിചയപ്പെടാം..

1. അവനി ലേഖറ - വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ് എസ്.എച്ച് 1 വിഭാഗത്തിൽ സ്വർണം

2. പ്രമോദ് ഭഗത്ത് - പുരുഷന്മാരുടെ ബാഡ്മിന്റൺ സിംഗിൾസ് എസ്.എൽ 3 വിഭാഗത്തിൽ സ്വർണം

3. കൃഷ്ണ നാഗർ - പുരുഷ ബാഡ്മിന്റൺ സിംഗിൾസ് എസ്.എച്ച് 6 വിഭാഗത്തിൽ സ്വർണം

4. സുമിത് ആന്റിൽ - പുരുഷ ജാവലിൻ ത്രോ എഫ് 64 വിഭാഗത്തിൽ സ്വർണം

5. മനീഷ് നർവാൾ - 50 മീറ്റർ പിസ്റ്റൾ മിക്സഡ് എസ്.എച്ച് 1 വിഭാഗത്തിൽ സ്വർണം

6. ഭവിനബെൻ പട്ടേൽ - ടേബിൾ ടെന്നീസ് വനിതകളുടെ ക്ലാസ് 4 വിഭാഗത്തിൽ വെള്ളി

7. സിങ്രാജ് അധാന - 50 മീറ്റർ പിസ്റ്റൾ മിക്സഡ് എസ്.എച്ച് 1 വിഭാഗത്തിൽ വെള്ളി

8. യോഗേഷ് കതുനിയ - പുരുഷ ഡിസ്‌കസ് ത്രോ എഫ് 56 വിഭാഗത്തിൽ വെള്ളി

9. നിഷാദ് കുമാർ - പുരുഷ ഹൈജമ്പ് ടി 47 വിഭാഗത്തിൽ വെള്ളി

10. മാരിയപ്പൻ തങ്കവേലു - പുരുഷന്മാരുടെ ഹൈജമ്പ് ടി 63 വിഭാഗത്തിൽ വെള്ളി

11. പ്രവീൺ കുമാർ - പുരുഷ ഹൈജമ്പ് ടി 64 വിഭാഗത്തിൽ വെള്ളി

12. ദേവേന്ദ്ര ജചാരിയ - പുരുഷ ജാവലിൻ എഫ് 46 വിഭാഗത്തിൽ വെള്ളി

13. സുഹാസ് യതിരാജ് - പുരുഷ ബാഡ്മിന്റൺ സിംഗിൾസ് എസ്.എൽ 4 വിഭാഗത്തിൽ വെള്ളി

14. അവനി ലേഖറ - വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ എസ്.എച്ച് 1 വിഭാഗത്തിൽ വെങ്കലം

15. ഹർവിന്ദർ സിങ് - പുരുഷന്മാരുടെ വ്യക്തിഗത റിക്കർവ് അമ്പെയ്ത്തിൽ വെങ്കലം

16. ശരത് കുമാർ - പുരുഷ ഹൈജമ്പ് ടി 63 വിഭാഗത്തിൽ വെങ്കലം

17. സുന്ദർ സിങ് ഗുർജാർ - പുരുഷ ജാവലിൻ ത്രോ എഫ് 46 വിഭാഗത്തിൽ വെങ്കലം

18. മനോജ് സർക്കാർ - പുരുഷ സിംഗിൾസ് ബാഡ്മിന്റൺ എസ്.എൽ 3 വിഭാഗത്തിൽ വെങ്കലം

19. സിങ്രാജ് അധാന - പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ എസ്.എച്ച് 1 വിഭാഗത്തിൽ വെങ്കലം.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന സമാപനചടങ്ങിൽ ഷൂട്ടിങ്ങിൽ ഇരട്ടമെഡൽ നേടിയ അവനി ലേഖറ ഇന്ത്യൻ പതാകയേന്തി. ശേഷിച്ചിരുന്നു പത്തോളം കായികതാരങ്ങളാണ് സമാപനചടങ്ങിൽ ഇന്ത്യക്കായി അണിനിരന്നത്.