തിരുവനന്തപുരം: കോവിഡ് രോഗിയിൽ നിന്ന് ഓക്‌സിജന് അമിത നിരക്ക് ഈടാക്കിയ സംഭവം വിവാദമായതോടെ 30000 രൂപ മടക്കി നൽകി പരാതി പിൻവലിപ്പിക്കാൻ പാറശ്ശാലയിലെ എസ് പി ആശുപത്രിയുടെ ശ്രമം. 3000 രൂപയ്ക്ക് കൊടുക്കേണ്ട പ്രാണ വായുവാണ് ഈ ആശുപത്രി 45600 രൂപ വാങ്ങി നൽകിയത്. അതീവ ഗരുതരാവസ്ഥയിലുള്ള രോഗിയുടെ ബന്ധുക്കളോടായിരുന്നു ഈ കൊള്ള. ഇത് മറുനാടൻ വാർത്തയാക്കിയതോടെയാണ് പരാതി പിൻവലിക്കാനുള്ള നാടകം നടക്കുന്നത്.

പരാതി പിൻവലിക്കാൻ ആശുപത്രി അധികൃതർ ശ്രമിച്ചെന്ന് ബന്ധുക്കൾ പറയുന്നു. ഒരു ദിവസത്തെ ഒാക്‌സിജൻ ഉപയോഗത്തിന് 45600 രൂപ വാങ്ങിയത് ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് അന്വേഷണം നടത്താൻ ആരോഗ്യ ഡയറക്ടർ, കലക്ടർ എന്നിവരോട് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു. ഇതിനിടെയാണ് ബന്ധുക്കളെ പിന്തിരിപ്പിക്കാൻ ആശുപത്രി നടത്തിയ നീക്കം പുറത്തു വന്നത്. മറുനാടൻ മലയാളിയാണ് ഈ വിഷയത്തിലെ വസ്തുതകൾ പുറത്തു കൊണ്ടു വരുന്നത്. ഇപ്പോഴും ആശുപത്രിയുടെ പേരു പറയാതെയാണ് മനോരമ അടക്കം വാർത്ത നൽകുന്നത്.

പേപ്പാറ കാലങ്കാവ് എസ്എൻ നിവാസിൽ നസീമ (56)യുടെ ചികിത്സയ്ക്കാണ് അമിത തുക ഈടാക്കിയത്. ആരോഗ്യസ്ഥിതി മോശമായതോടെ 27ന് രാത്രി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മെയ്‌ 2 ന് നസീമ മരിച്ചു. രോഗിക്ക് 3 ദിവസം ഒാക്‌സിജൻ നൽകിയതായും, ബിൽ എഴുതിയതിൽ ഉണ്ടായ പിഴവ് ആണ് പ്രശ്‌നങ്ങൾക്ക് കാരണം എന്നുമായിരുന്നു വിവാദമായതോടെ അധികൃതരുടെ ആദ്യ വിശദീകരണം. ചികിത്സ നടത്തിയതിന് 66950 രൂപയുടെ ബിൽ ആശുപത്രിയുടെ പേരുള്ള സ്ലിപ്പിൽ പേന കൊണ്ട് എഴുതി നൽകുകയായിരുന്നു. മൂന്ന് ദിവസത്തെ ചികിൽസയ്ക്കായിരുന്നു ഇത്.

ചികിത്സ നടത്തിയതിന് 66,950 രൂപയുടെ ബിൽ ആശുപത്രിയുടെ പേരുള്ള സ്ലിപ്പിൽ പേന കൊണ്ട് എഴുതി നൽകുകയായിരുന്നു. അമിത നിരക്കെന്ന ബന്ധുക്കളുടെ പരാതി അംഗീകരിച്ചതുമില്ല. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിന് മുമ്പ് ബിൽ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ ഗത്യന്തരമില്ലാതെ പണം നൽകി. പിന്നീട് ആരോഗ്യ വകുപ്പ് മന്ത്രി, ജില്ലാ മെഡിക്കൽ ഒാഫിസർ എന്നിവർക്ക് ബന്ധുവായ പൊഴിയൂർ സ്വദേശി നൂറുൽ അമീൻ 27ന് പരാതി നൽകിയെന്ന് മനോരമ റിപ്പോർട്ടു ചെയ്യുന്നു. ഈ വാർത്തയിലും ആശുപത്രിയുടെ പേരില്ല.

അധികൃതർ നടപടി എടുക്കാഞ്ഞതിനാൽ മെയ്‌ 5ന് ബിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. പിന്നാലെ പാറശാല പൊലീസിൽ പരാതിയും നൽകി. തുടർന്ന് ചില പത്രങ്ങൾ ആശുപത്രിയുടെ പേരില്ലാതെ വാർത്ത നൽകി. ഇതോടെ ആശുപത്രി അധികൃതർ പരാതിക്കാരനെ നേരിട്ട് കണ്ട് മുപ്പതിനായിരം രൂപ തിരികെ നൽകാം എന്ന് അറിയിച്ചു. മറ്റ് ബന്ധുക്കളുമായി ആലോചിച്ച ശേഷം മറുപടി അറിയിക്കാം എന്ന് പറഞ്ഞ് മടക്കി വിട്ടു. ഓക്‌സിജന് ഒപ്പം മൂന്ന് ദിവസത്തേക്ക് പിപിഇ കിറ്റിനു 9000 രൂപയും, സ്‌കാനിങ്ങിനു 5000 രൂപയും ഈടാക്കിയതായി ആരോപണം ഉണ്ട്. എന്നാൽ ബില്ലിൽ സ്‌കാനിങ് തുക കാണാനില്ല.

നിലവിലെ നിയമപ്രകാരം പരാതിയുള്ളതു കൊണ്ട് തന്നെ അമിത തുക ഈടാക്കിയതിന് ആശുപത്രി ഉടമകളെ പൊലീസ് അറസ്റ്റു ചെയ്യേണ്ടതാണ്. ഇതിനൊപ്പം സർക്കാരിന് ആശുപത്രിയും ഏറ്റെടുക്കാം. എന്നാൽ ജില്ലാ മെഡിക്കൽ ഓഫീസർ നടപടികൾ എടുക്കാതെ മൗനം പാലിക്കുകയാണ് ചെയ്യുന്നത്. കോവിഡ് കാലത്ത് രോഗികളെ പിഴിഞ്ഞാൽ നടപടി എടുക്കുമെന്ന് പറയുന്ന മുഖ്യമന്ത്രിയും ഈ വിഷയത്തിൽ മൗനം തുടരുകയാണ്. നെയ്യാറ്റിൻകരയിലെ വലിയ ആശുപത്രി ഒരു ദിവസം മുഴുവൻ ഓക്‌സിജൻ നൽകാൻ ഈടാക്കുന്നത് 3000രൂപയാണ്. അവിടെയാണ് ഒരു ദിവസത്തേക്ക് എസ് പി ആശുപത്രി 45600 രൂപ വാങ്ങിയത്. അതായത് 42,000 രൂപ കൂടുതൽ.

കേരളത്തിലെ ആരോഗ്യ ചരിത്രത്തിലെ സമാനതകളില്ലാത്ത കൊള്ളയാണ് എസ് പി ആശുപത്രി നടത്തിയത്. എന്നിട്ടും ആരും നടപടി എടുക്കുന്നില്ലെന്നതാണ് വസ്തുത. ആശുപത്രിയിലെ ഉദ്യോഗസ്ഥനും രോഗിയുടെ ബന്ധുവും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായതും ആശുപത്രി അധികൃതരെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഒത്തു തീർപ്പിന്റെ സൂചനകളാണ് ഈ സംഭാഷണത്തിലുള്ളത്. 2005ൽ തുടങ്ങിയതാണ് പാറശാലയിലെ എസ് പി ആശുപത്രി. പൊന്നയ്യൻ എന്ന വ്യവസായി ആണ് ഇത് തുടങ്ങിയതെന്ന് ആശുപത്രി വെബ് സൈറ്റിൽ പറയുന്നു. ഡോ പി റോബർട്ട് രാജാണ് മാനേജിങ് ഡയറക്ടർ എന്നും പറയുന്നു. ഡോ ജെടി അനുപ്രിയയും പുഷ്പകുമാരി പൊന്നയ്യനുമാണ് ഡയറക്ടർമാർ. തമിഴ്‌നാട്ടുകാരനാണ് പൊന്നയ്യൻ. ആശുപത്രിയാണ് ഓക്‌സിജനിൽ 45,000 രൂപ ഈടാക്കിയത്. മതസ്ഥാപനങ്ങളുടേയോ മറ്റ് സംഘടനകളുടേയോ ഒന്നുമായും ഈ ആശുപത്രിക്ക് ബന്ധമില്ല. കുടുംബ സ്ഥാപനമാണ് ഇത്.

രോഗിയുടെ സ്ഥിതി ഗുരുതരമായതിനാൽ കൂടിയ അളവിൽ മൂന്ന് ദിവസം ഓക്‌സിജൻ നൽകിയതായും, ബില്ലിൽ ഒരു ദിവസം രേഖപ്പെടുത്തിയത് പിഴവ് ആണെന്നുമായിരുന്നു ആശുപത്രി അധികൃതർ വിശദീകരിച്ചത്. രോഗിയുടെ ബന്ധുക്കൾ ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടില്ലെന്നും അവർ വിശദീകരിക്കുന്നു. ഏതായാലും ഈ ബിൽ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതു കണ്ട് ആരോഗ്യ രംഗത്തുള്ളവർ എല്ലാം ഞെട്ടി. കോവിഡ് കൊള്ളയ്ക്ക് തെളിവായി ഈ ബിൽ കോടതി പോലും കാണുകയും ചെയ്തു. ഈ ബിൽ തങ്ങളുടേത് തന്നെന്ന് ആശുപത്രിയും മറുനാടൻ മലയാളിയോട് സമ്മതിച്ചു.

രോഗിയുടെ സ്ഥിതി ഗുരുതരമായതിനാൽ കൂടിയ അളവിൽ മൂന്ന് ദിവസം ഓക്സിജൻ നൽകിയതായും, ബില്ലിൽ ഒരു ദിവസം എന്ന് രേഖപ്പെടുത്തിയത് പിഴവ് ആണെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഒരു മണിക്കൂറിൽ 8 ലിറ്റർ ഓക്സിജൻ വീതമാണ് നൽകിയതെന്നും അവർ പറഞ്ഞു. എന്നാൽ മറുനാടൻ റിപ്പോർട്ടറുടെ കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തയ്യാറാകാതെ പിആർഒ ഫോൺ കട്ട് ചെയ്തു. ചോദ്യങ്ങൾക്ക് കൃത്യമായ പ്രതികരണവും ഉണ്ടായില്ല. കൈകൊണ്ട് എഴുതിയ ബില്ലാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.