മലപ്പുറം: വീട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചാക്കി മാറ്റി മലപ്പുറത്തൊരു ഹൈടെക് കുറ്റവാളി. ആധുനിക ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് സ്വന്തം വീട് തന്നെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് ആക്കി മാറ്റിയ മലപ്പുറം കിഴിശ്ശേരി സ്വദേശി മിസ്ഹബിനെയാണ് മലപ്പുറം പൊലീസ് ഇന്ന് കസ്റ്റഡിയിൽ എടുത്തത്. മലപ്പുറം ജില്ലാപൊലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സ്വന്തം വീട്ടിലും വാഴക്കാടുള്ള തന്റെ സഹോദരിയുടെ വീട്ടിലും വച്ചാണ് ഇയാൾ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയിരുന്നത്. ഇതിനുപയോഗിച്ചിരുന്ന ഇന്ത്യൻ സിം കാർഡുകൾ, മോഡം, റൂട്ടർ, ലാപ്ടോപ്പ് എന്നിവ പൊലീസ് പിടിച്ചെടുത്തു. മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന സമാന കുറ്റകൃത്യങ്ങളിലും ഇയാൾക്ക് പങ്കുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

റെയ്ഡ് നടത്തുന്ന സമയത്ത് ഈ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് സംവിധാനങ്ങൾ പ്രവർത്തനക്ഷമമായ നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ സംഘത്തിന് വ്യാപകമായി സിംകാർഡുകൾ വിതരണം ചെയ്യുന്നവരെ കറിച്ചും പൊലീസിന് വിവരം ലഭിച്ചു. ചെറിയ ലാഭത്തിന് ഇത്തരത്തിലുള്ള മാഫിയകളുടെ ഉപഭോക്താക്കളാകുന്ന നൂറ് കണക്കിന് ആളുകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഈ സംവിധാനങ്ങൾ മറ്റ് ലഹരി, കള്ളക്കടത്ത് മാഫിയകളും മറ്റ് രാജ്യവിരുദ്ധരും ഉപയോഗിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.

പ്രതി മിസ്ഹബ് സമാനമായ ഇതര സംസ്ഥാനങ്ങളിലും സമാനമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതായും പൊലീസിന് വിവരം ലഭിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ നഗരങ്ങൾ കേന്ദ്രീകരിച്ച് നിയമവിരുദ്ധമായ ഇത്തരം ടെലഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നതായും ഇത്തരം ക്രിമിനൽ കുറ്റം മുഖേന കോടിക്കണക്കിന് രൂപയുടെ സർക്കാർ റവന്യു നഷ്ടമാകുന്നതായും പൊലീസ് പറഞ്ഞു.

നേരത്തെ ചെന്നൈ, ബംഗളൂരു, മൈസൂർ, ഹൈദരാബാദ്, മുംബൈ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘങ്ങൾ അടുത്തകാലത്തായി മലബാർ മേഖലയിലേക്ക് വ്യാപിച്ചതായി മലപ്പുറം ജില്ലാപൊലീസ് മേധാവി സുജിത്ദാസിന് വിവരം ലഭിച്ചിരുന്നു. തുടർന്നു മലപ്പുറം ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്‌പി, മലപ്പുറം എസ്‌ഐ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് മലപ്പുറം, കോട്ടക്കൽ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിൽവെച്ച് കോട്ടക്കൽ സ്വദേശി മുഹമ്മദ് സലീമിനേയും, പൊന്മള സ്വദേശലി അഷ്റഫിനേയും അറസ്റ്റ് ചെയ്തിരുന്നു.

ഇവരെ ചോദ്യംചെയ്തതോടെയാണ് ഈമേഖലയിൽ പ്രവർത്തിക്കുന്നരായി സംശയിക്കുന്നവരെ പൊലീസ് കൂടുതൽ രഹസ്യമായി നിരീക്ഷിക്കാൻ തുടങ്ങിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ മലപ്പുറം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി ബിജു, ഉദോഗസ്ഥന്മാരായ ജോബി തോമസ്, സിയാദ് കോട്ട, ശിഹാബ് പി, ഹമീദലി, ഷഹേഷ്, ദിനു, ബിജു എസ്, റിയാസ് ബാബു, പ്രദീപ് കുമാർ എന്നിവരുമുണ്ടായിരുന്നു.