മുംബൈ: ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ പാർത്ഥിവ് പട്ടേൽ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിച്ചു. 17ആം വയസ്സിൽ ഇന്ത്യക്കായി ടെസ്റ്റ് മത്സരത്തിലൂടെ അരങ്ങേറിയ താരം 18 വർഷം നീണ്ട ക്രിക്കറ്റ് കരിയറിനു ശേഷമാണ് പാഡഴിക്കുന്നത്. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ പാർത്ഥിവ് തന്നെയാണ് വിവരം അറിയിച്ചത്. വിവിധ ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.ടെസ്റ്റ് മത്സരം കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് ഇന്നും പാർത്ഥിവിനൊപ്പമാണ്. 2002ൽ ടെസ്റ്റിൽ അരങ്ങേറുമ്പോൾ 17 വയസും 152 ദിവസവുമായിരുന്നു പാർത്ഥിവിനുണ്ടായിരുന്നത്.രഞ്ജി ട്രോഫിയിൽ കളിച്ചശേഷം ദേശീയ ടീമിലെത്തുന്നതാണ് പതിവെങ്കിലും, ഇന്ത്യൻ ജഴ്‌സിയണിഞ്ഞ് രണ്ടു വർഷവും രണ്ടു മാസവും പിന്നിട്ടപ്പോൾ മാത്രം രഞ്ജി ട്രോഫിയിൽ അരങ്ങേറിയ അപൂർവ ചരിത്രവും പാർഥിവ് പട്ടേലിന് സ്വന്തം.

2002ൽ ഇംഗ്ലണ്ടിനെതിരെയാണ് അദ്ദേഹം ഇന്ത്യക്കായി ആദ്യ മത്സരം കളിച്ചത്.അരങ്ങേറ്റ മത്സരത്തിൽ സമനില പിടിക്കാൻ ഒരു മണിക്കൂറോളമാണ് അദ്ദേഹം ക്രീസിൽ പിടിച്ചുനിന്നത്. ഇത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിൽ ഒന്നായിരുന്നു. 2002 മുതൽ 2018 വരെ നീണ്ട കരിയറിൽ 35കാരനായ പാർത്ഥിവ് ഇന്ത്യക്കായി 25 ടെസ്റ്റുകളും 38 ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 934 റൺസും ഏകദിനങ്ങളിൽ 736 റൺസും ടി20യിൽ 36 റൺസുമാണ് പാർത്ഥിവ് പട്ടേൽ നേടിയത്.ആഭ്യന്തര ക്രിക്കറ്റിൽ ഗുജറാത്തിനായി 194 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചു.

ധോണിയുഗത്തിലെ നിർഭാഗ്യവാൻ

രാജ്യാന്തര കരിയറിന് മികച്ച തുടക്കമിടാൻ കഴിഞ്ഞെങ്കിലും, ദിനേഷ് കാർത്തിക്കിന്റെയും മഹേന്ദ്രസിങ് ധോണിയുടെയും വരവോടെയാണ് പാർഥിവ് മുഖ്യധാരയിൽനിന്ന് പുറത്തായത്.മഹേന്ദ്രസിങ് ധോണിയുടെ കാലഘട്ടത്തിൽ കളിക്കേണ്ടിവന്ന ഒരു കൂട്ടം നിർഭാഗ്യവാന്മാരായ വിക്കറ്റ് കീപ്പർമാരിൽ ഒരാളാണ് പാർത്ഥിവും. ധോണി ക്യാപ്റ്റനെന്ന നിലയിൽ ടീമിൽ സ്ഥിരം സാന്നിധ്യമായതിനാൽ പാർത്ഥിവ് അടക്കമുള്ളവർ ടീമിലേക്ക് വന്നും പോയും നിന്നു.എംഎസ് ധോണിയുടെ വരവോടെ ടീമിൽ ഇടം നഷ്ടമായ താരം പിന്നീട് 2016ൽ ടീമിൽ തിരികെയെത്തി. മികച്ച ചില ഇംന്നിങ്‌സുകളും തിരിച്ചുവരവിൽ അദ്ദേഹം കളിച്ചു.അടുത്തിടെ സമാപിച്ച ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമായിരുന്നു താരം. മലയാളി താരം ദേവദത്ത് പടിക്കൽ തിളങ്ങിയതോടെ ഒരു മത്സരം പോലും കളിക്കാൻ പാർത്ഥിവിന് അവസരം ലഭിച്ചിരുന്നില്ല.

നന്ദി കൈപിടിച്ചു നടത്തിയവർക്ക്

''ഇന്ന്, ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും ഞാൻ വിരമിക്കൽ പ്രഖ്യാപിക്കുന്നു. 18 വർഷത്തെ ക്രിക്കറ്റ് യാത്രക്കാണ് ഞാൻ അവസാനം കുറിക്കുന്നത്. പലരോടും എനിക്ക് നന്ദിയുണ്ട്. 17 വയസ്സുള്ള ഒരു പയ്യനെ ഇന്ത്യൻ ടീമിൽ കളിപ്പിക്കാൻ ബിസിസിഐ ആത്മവിശ്വാസം കാട്ടി. കരിയർ തുടക്കത്തിൽ എന്നെ നയിക്കുകയും പിന്തുണക്കുകയും ചെയ്ത ബിസിസിഐയോട് ഞാൻ കടപ്പാടറിയിക്കുന്നു. എന്റെ യാത്രയിൽ ഒപ്പമുണ്ടാവുകയും എനിക്ക് ക്യാപ്റ്റൻ സ്ഥാനം ഏല്പിക്കുകയും ചെയ്ത ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനോടും എനിക്ക് നന്ദിയുണ്ട്.ഈ ദിവസം, ഞാൻ കളി നിർത്തുമ്പോൾ, എത്ര ദൂരം എത്തിയെന്ന് വിലയിരുത്തുമ്പോൾ, എന്റെ ഏറ്റവും വലിയ ആഗ്രഹം എന്റെ അച്ഛൻ എന്റെ തൊട്ടരികിൽ ഉണ്ടാകണമെന്നാണ്, ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിലുള്ള എന്റെ യാത്ര അവസാനിക്കുമ്പോൾ, എന്റെ ജീവിതത്തിലും കരിയറിലും ഒപ്പമുണ്ടായിരുന്നതുപോലെതന്നെ''- പാർത്ഥിവ് പട്ടേൽ ട്വിറ്ററിൽ കുറിച്ചു.