തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കോവിഡ് പ്രവർത്തനങ്ങളെ വിമർശിച്ചതിന് പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് നടൻ സിദ്ധാർഥ് നേരിടുന്നത്. നടൻ സിദ്ധാർഥിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടെന്നും ഒരിക്കലും പിന്മാറരുതെന്നുമാണ് പാർവതി ട്വീറ്റ് ചെയ്തത്.

'സിദ്ധാർഥ് ഞാൻ നിങ്ങൾക്കൊപ്പമാണ്. ഒരിക്കലും പിന്മാറരുത്. ഞങ്ങളുടെ ഒരു പട തന്നെ നിങ്ങൾക്കൊപ്പമുണ്ട്. തളരാതെ ഇരിക്കു. നിങ്ങൾക്കും കുടുംബത്തിനും എല്ലാവിധ സ്നേഹവും നേരുന്നു.'എന്നാണ് പാർവതി ട്വീറ്റ് ചെയ്തു. ഇന്നലെയാണ് തനിക്കു നേരെയുണ്ടായ സൈബർ ആക്രമണത്തെക്കുറിച്ച് വ്യക്തമാക്കിയത്. തുടർന്ന് താരത്തിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സ്റ്റാൻഡ് വിത്ത് സിദ്ധാർഥ് എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായിരുന്നു.

കഴിഞ്ഞ ദിവസമാണ് ബിജെപിയെ വിമർശിക്കുന്നതിന്റെ പേരിൽ തന്റെ ഫോൺ നമ്പർ തമിഴ്‌നാട് പാർട്ടി പ്രവർത്തകർ ലീക്ക് ചെയ്‌തെന്ന് സിദ്ധാർഥ് അറിയിച്ചത്. ഇതുവരെ 500-ലധികം ഫോൺ കോളുകളാണ് വന്നത്. എല്ലാം തനിക്കും കുടുംബത്തിനും നേരെയുള്ള വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവർഷവുമായിരുന്നുവെന്നാണ് സിദ്ധാർഥ് ട്വീറ്റ് ചെയ്തിരുന്നത്. എന്നാൽ താൻ നിശബ്ദനാവില്ലെന്നും വീണ്ടും ശ്രമിക്കുമെന്നും താരം വ്യക്തമാക്കി.